ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരത്തിനായി വത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്റ് വ്ളോദിമർ സെലൻസ്കിയും ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് റോമിലെത്തുമെന്നാണ് സൂചന. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി എന്നിവരും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
സ്പെയിൻ രാജാവ് ഫെലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിസിയ, ബെൽജിയത്തിലെ രാജാവ് ഫിലിപ്പ്, രാജ്ഞി മഠത്തിൽഡെ എന്നിവരും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. യുറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള എന്നിവരാകും ചടങ്ങിൽ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കുക. ഇറ്റലിയുടെ ഇന്റീരിയർ മതെയോ പിയാന്റേഡോസിയുടെ അധ്യക്ഷതയിൽ നടന്ന പൊതു ക്രമസമാധാന-സുരക്ഷാ യോഗത്തിന്റെ കണക്കുപ്രകാരം ഏകദേശം 2,00,000ത്തോളം ആളുകൾ സെന്റ് പീറ്റേഴ്സിൽ എത്തുമെന്നാണ് പ്രതീക്ഷ. സെന്റ് പീറ്റേഴ്സിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയെ, അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹപ്രകാരം റോമിലെ ബസിലിക്ക ഡി മരിയ മജോറെയിൽ സംസ്കരിക്കും.
ലോകനേതാക്കൻമാർ രാജ്യത്തെത്തുന്നത് പ്രമാണിച്ച് രാജ്യത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാറ്റോ ജെറ്റുകൾ, സ്നൈപ്പർമാർ, മിസൈൽ ലോഞ്ചറുകൾ, എന്നിവ സുരക്ഷാ സന്നാഹത്തിന്റെ ഭാഗമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി സെന്റ് പീറ്റേഴ്സ് ബസിലക്കയ്ക്ക് അകത്തും പുറത്തുമായി ബാരിക്കേഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. 2000ത്തോളം പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 8000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്കാര ചടങ്ങിൽ സുരക്ഷ ഉറപ്പാക്കാനായി സജ്ജമാക്കി കഴിഞ്ഞുവെന്ന് റോമിലെ പൊലീസ് മേദാവി മാർസെല്ലോ പുൽവി മാധ്യമങ്ങോട് പറഞ്ഞു. വത്തിക്കാന് പുറത്തേക്കുള്ള ഒരു വിലാപയാത്രയ്ക്ക് സുരക്ഷ ഒരുക്കുകയാണ് ചടങ്ങിലെ പ്രധാന വെല്ലുവിളി. ഇന്നലെ മാത്രമായി ഏകദേസം 20,000 ആളുകളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ശനിയാഴ്ചത്തെ അന്തിമചടങ്ങുകളെക്കുറിച്ചും മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും കർദിനാൾമാരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
പതിനായിരകണക്കിന് ആളുകളാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. പ്രാദേശികസമയം രാത്രി എട്ടിനാവും മുതിർന്ന കർദിനാൾമാരുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾക്ക് അന്ത്യം കുറിക്കുക. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ വത്തിക്കാന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ ആണ് അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വം നൽകുക. കഠിനമായ ന്യുമോണിയ ബാധിച്ച് ആഴ്ചകൾ പിന്നിട്ട ആശുപത്രി വാസത്തിന് ശേഷം കത്തോലിക്കാ സഭയിലെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചയോടെ മരണത്തിന് കീഴടങ്ങുന്നത്.
ദീർഘകാലമായി ആരോഗ്യനില മോശമായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തന്റെ അവസാന വാക്കുകളും ഫ്രാൻസിസ് മാർപാപ്പ മാറ്റി വച്ചത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടിയായിരുന്നു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക.
content summary: Vatican Gears Up for Pope Francis’s Funeral, World Leaders to Arrive in Rome