UPDATES

വായന/സംസ്കാരം

ക്ലാസ്സിക്കല്‍ പദവി ലഭിച്ച മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമെന്ന് എം ടി വാസുദേവന്‍ നായര്‍

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എം ടി

                       

ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണെന്ന് എം ടി വാസുദേവന്‍ നായര്‍. എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ഉത്തരങ്ങള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എം ടി വാസുദേവന്‍ നായര്‍ പറയുന്നു.

പിഎസ്‌സി ഓഫീസിനു മുന്നില്‍ നിരാഹാര സത്യഗ്രഹം നടന്നു വരികയാണ്. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു വരുന്നു. ഞാനും ഒഎന്‍വിയും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങള്‍ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറയുന്നു.

എം ടി വാസുദേവന്‍ നായരുടെ പ്രസ്ഥാവനയുടെ പൂര്‍ണ്ണരൂപം :

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ഉത്തരങ്ങള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം PSC ഓഫീസിനു മുന്നില്‍ 5 ദിവസമായി നിരാഹാര സത്യഗ്രഹം നടന്നു വരികയാണ്. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു വരുന്നു. ഞാനും ONV യും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങള്‍ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നു.മലയാള നിയമം നിയമസഭ പാസ്സാക്കി.2017 മെയ് മുതല്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവു വന്നു.

എന്നാല്‍ ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍, കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണ്.

ഇപ്പോള്‍ നടന്നുവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. KAS പരീക്ഷയുള്‍പ്പെടെയുള്ളവ മലയാളത്തിലും കൂടി നടത്താന്‍ സര്‍ക്കാര്‍ PSC ക്ക് നിര്‍ദേശം കൊടുക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു.

Read More: രൂപിമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി, പ്രിയേഷ് നിരാഹാര സമരം തുടരുകയാണ്; പി എസ് സിയുടെ എല്ലാ മത്സര പരീക്ഷകളും മലയാളത്തിലും കൂടിയാക്കാനുള്ള പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍

Share on

മറ്റുവാര്‍ത്തകള്‍