June 04, 2026 |
Share on

മാവോയിസ്റ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നന്ദിനി സുന്ദറിനെ വിളിച്ചു: രാജ് ദീപ് സര്‍ദേശായിക്കെതിരെ പൊലീസില്‍ പരാതി

ഛത്തീസ്ഗഡിലെ സുഖ്മയില്‍ കഴിഞ്ഞ ദിവസം 26 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് നന്ദിനി സുന്ദറിനെ ക്ഷണിച്ചത്.

മാവോയിസ്റ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സാമൂഹ്യ പ്രവര്‍ത്തക നന്ദിനി സുന്ദറിനെ ചാനല്‍ ചര്‍ച്ചയിലേയ്ക്ക് ക്ഷണിച്ച മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡിലെ സുഖ്മയില്‍ കഴിഞ്ഞ ദിവസം 26 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് നന്ദിനി സുന്ദറിനെ ക്ഷണിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ ആരെയൊക്കെ വിളിക്കാമെന്ന് വെറുപ്പിന്റെ വക്താക്കളായ ഇത്തരം വലതുപക്ഷ ഗുണ്ടകള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് ലജ്ജാകരമാണെന്ന് രാജ്ദീപ് സര്‍ദേശായ് പ്രതികരിച്ചു.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രശ്‌നം സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് ദ ബേണിംഗ് ഫോറസ്റ്റ് പോലുള്ള പുസ്തകങ്ങളുടെ രചയിതാവായ നന്ദിനി സുന്ദര്‍. മാവോയിസ്റ്റ് – നക്‌സലൈറ്റ് പ്രശ്‌നവും ചരിത്രവും സംബന്ധിച്ച് പല പുസ്തകങ്ങള്‍ നന്ദിനിയുടേതായുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അദ്ധ്യാപികയാണ്. നന്ദിനി സുന്ദറിന് പുറമെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറും സിആര്‍പിഎഫ് മുന്‍ ഡയറക്ടര്‍ ജനറലുമെല്ലാം ഇന്ത്യ ടുഡേ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മാവോയിസ്റ്റുകളെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും നാഗാ തീവ്രവാദികളുമായി ചര്‍ച്ചയാകാമെങ്കില്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളുമായി ആയിക്കൂടാ എന്നും നന്ദിനി സുന്ദര്‍ പറഞ്ഞിരുന്നു. നന്ദിനി സുന്ദറിനെ ഛത്തീസ്ഗഡിലെ ഒരു കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത പൊലീസ് നടപടി വിവാദമായിരുന്നു.

ഒരു നഗരവാസി നക്‌സലായ നന്ദിനി സുന്ദറിനെ ചര്‍ച്ചയ്ക്ക് വിളിച്ചത് കൊണ്ടാണ് രാജ്ദീപ് സര്‍ദേശായിക്കെതിരെ കേസ് കൊടുത്തതെന്നാണ് തീവ്ര വലതുപക്ഷ സംഘടനാ അനുഭാവിയും സിനിമാ പ്രവര്‍ത്തകനുമായ വിവവേക് അഗ്നിഹോത്രിയുടെ വാദം. ഈ നഗരവാസി നക്‌സലുകളെ ഞങ്ങള്‍ ഓരോരുത്തരെ ആയി ഇങ്ങനെ തീര്‍ക്കാന്‍ പോവുകയാണെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. രാജ്ദീപ് സര്‍ദേശായിക്കും ഇന്ത്യ ടുഡേ എഡിറ്റോറിയല്‍ ബോഡിലുള്ളവര്‍ക്കും എതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

വായനയ്ക്ക്: https://goo.gl/Syma4n

Leave a Reply

Your email address will not be published. Required fields are marked *

×