യഹോവ സാക്ഷികള്‍ ‘തീവ്രവാദികള്‍’; റഷ്യ നിരോധിച്ചു

സ്വത്തുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനം

യഹോവ സാക്ഷികള്‍ ‘തീവ്രവാദികളാണെന്ന്’ റഷ്യന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ചു. ഇത് സംബന്ധിച്ച് റഷ്യന്‍ നീതിന്യായ മന്ത്രാലയം ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ നിരോധിക്കുകയാണെന്ന് സുപ്രീം കോടതി ജഡ്ജി യൂറി ഇവാനെന്‍കോ ഉത്തരവില്‍ പറയുന്നു. യഹോവ സാക്ഷി സംഘടനകളുടെ സ്വത്തുകള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശത്തിനും ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് നീതിന്യായ മന്ത്രാലയം അഭിഭാഷകന്‍ സ്വെറ്റ്‌ലാന ബോറിസോവ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സംഘടനയുടെ റഷ്യന്‍ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചുപൂട്ടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചത്.

കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഈ വിഷയത്തില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും യഹോവ സാക്ഷികളുടെ അഭിഭാഷകര്‍ അറിയിച്ചു. സംഘടനയുടെ നിരോധനം നിയമവിരുദ്ധമാണെന്ന് 2010ല്‍ ഒരു റഷ്യന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ദേശീയ ആസ്ഥാനം അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയം കോടതിയെ സമീപിച്ചിരുന്നു. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍’ ആരോപിച്ച് അകദേശം 175,000 അംഗങ്ങളുള്ള സംഘടനയുടെ ആസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ നിരോധിച്ചിരുന്നു.

ചില അടിസ്ഥാന വിശ്വാസങ്ങളോട് യോജിപ്പില്ലാത്ത യഹോവ സാക്ഷികള്‍ക്ക് ലോകമെമ്പാടുമായി 8.3 ദശലക്ഷം അംഗങ്ങളുണ്ടെന്നാണ് കണക്ക്. രക്തദാനം, സൈനീക സേവനം തുടങ്ങിയവയെ എതിര്‍ക്കുന്നതിന്റെ പേരില്‍ യുഎസ് ആസ്ഥാനമായുള്ള സംഘടന പല രാജ്യങ്ങളിലും നിയമനടപടികള്‍ നേരിടുന്നുണ്ട്. 1991ലാണ് യഹോവ സാക്ഷികള്‍ ഒരു മതവിഭാഗം എന്ന നിലയില്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തത്. 1999ല്‍ രജിസ്‌ട്രേഷന്‍ പുതുക്കി.

കലാപം, വിദ്വേഷം തുടങ്ങിയവ കൂടാതെ ‘മതവിശ്വാസങ്ങള്‍ക്കെതിരായ പ്രഭാഷണങ്ങള്‍ നടത്തുന്നതും’ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തീവ്രവാദത്തിന്റെ നിയമപരമായ നിര്‍വചനം 2006 റഷ്യ ഭേദഗതി ചെയ്തിരുന്നു. അതോടെ ഐഎസ്‌ഐഎസിനോ അല്ലെങ്കില്‍ നാസികള്‍ക്കോ തതുല്യമായ നിയമപദവിയാണ് യഹോവ സാക്ഷികള്‍ക്ക് രാജ്യത്ത് ലഭ്യമായത്. തീവ്രവാദം ആരോപിച്ചുകൊണ്ട് രണ്ട് വര്‍ഷം മുമ്പ് സംഘടനയുടെ അന്താരാഷ്ട്ര വെബ്‌സൈറ്റ് രാജ്യത്ത് നിരോധിച്ചിരുന്നു. നേരത്തെ അവരുടെ ബൈബിള്‍ നിരോധിക്കുകയും ‘തീവ്രവാദ സാഹിത്യം’ സൂക്ഷിച്ചതിന് ഒരു പ്രാദേശിക ചെയര്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റഷ്യയില്‍ യഹോവ സാക്ഷികള്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പീഢനവും അപമാനിക്കലുമാണ് റഷ്യയില്‍ നടക്കുന്നതെന്ന് സംഘടനയുടെ ലോക നേതൃത്വം ആരോപിച്ചു.

കൂടുതല്‍ വായിക്കൂ: https://goo.gl/YFtn6b

This post was last modified on April 21, 2017 12:13 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment