റാപ്പ് എന്നാല്‍ ഒരു സംഗീത ശാഖ മാത്രമല്ല, ഒതുങ്ങാത്തവരുടെ ശബ്ദം കൂടിയാണ്. വംശീയതയ്ക്കും അനീതിക്കുമെതിരെയും, സാമൂഹ്യ അസമത്വത്തിനെതിരെയും ഒരു ശക്തമായ ആയുധമായി റാപ്പ് സംഗീതം മാറിയതിന് പിന്നില്‍ വലിയ പോരാട്ട ചരിത്രമുണ്ട്.
”കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടുപിടിച്ചവള്‍,
അതിനെ മിന്നലുകൊണ്ട് നൂല് കോര്‍ത്ത് നെഞ്ചിലണിഞ്ഞവള്‍…’എന്ന വേടന്റെ ഏറ്റവും പുതിയ ആല്‍ബത്തിലെ വരിയിലും, സാമൂഹ്യ പ്രതിഷേധത്തിന്റെ ആദ്യ റാപ്പ് ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന Grandmaster Flash & The Furious Five ന്റെ ‘The Message’ ഉം മുന്നോട്ടുവെക്കുന്നത് അവരിലെ ഒതുങ്ങാത്ത പ്രതിഷേധ ശബ്ദം തന്നെ.
‘Don’t push me, ’cause I’m close to the edge / I’m trying not to lose my head’ ഇതിലെ ഏറ്റവും ശക്തമായ ഈ വരി ഇന്നും ലോകത്ത് ഏറെ അലയൊലി സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലെ ആളുകള്‍ എപ്പോഴും ‘പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു’ അതുകൊണ്ട് തന്നെ ഈ വരി അവരുടെ ആത്മരക്ഷയുടെ പ്രതിഷേധമാണ്. വേടനിലും ആ പ്രതിഷേധത്തിന്റെ ധ്വനിയുണ്ട്, കുറച്ചുകൂടി മൂര്‍ച്ചകൂട്ടി വേടനത് തന്റെ സംഗീതത്തിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. പാട്ടിന്റെ വരികളുടെ ശക്തി പലരെയും അസ്വസ്ഥരാക്കുന്നുണ്ട്, ജാതീയതയും, നീതിയും ഇരട്ടമുഖമാണെന്ന് വേടന്‍ തുറന്നു പറയുന്നുണ്ട്. റാപ്പ് എന്നാല്‍ ഒരു നിയന്ത്രണവും ഇല്ലാത്ത ഒച്ചവെക്കല്‍ മാത്രമാണ് എന്ന വിമര്‍ശനങ്ങള്‍ക്ക് മീതെ വേടന്‍ പാടി തകര്‍ക്കുന്നു. ‘വാ’ എന്ന ആല്‍ബത്തില്‍ യുവാക്കളോടുള്ള ആഹ്വാനമാണ്.
‘വാ തോളോട് തോള്‍ ചേര്‍ന്നു പോരാടിടാം
തീയായിടാം
അതിര്‍ത്തികള്‍ തകര്‍ത്തിടാന്‍ വാ…’
യുവാക്കളെ നിങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ടായിരിക്കണം എന്ന് തെളിമയോടെ ഉറക്കെ പറയുന്ന പാട്ടുകാരനാണ് വേടന്‍. വാ എന്ന ആല്‍ബത്തില്‍ തന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വേടന്‍ തുടര്‍ന്ന് പാടുന്നുണ്ട്.
‘എവിടെ മര്‍ദ്ദനങ്ങള്‍ അവിടെ ഉയരണം കരങ്ങള്‍
എവിടെ വര്‍ഗ്ഗവാദം അവിടെ ഉയരണം സ്വരങ്ങള്‍
എവിടെ മനിതനടിമ അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകള്‍ അവിടെ കൂട്ടങ്ങളായി വാ…’
‘നവീന അടിമകള്‍ വാഴും ഇന്ന്
നരകം പോല്‍ ഇടത്തില് എന്നെ പെറ്റല്ലോ
കല്ലുപോലൊരുത്തി.
അവളെ ജാഫ്‌നയില്‍ നിന്നാരോ തുരത്തി
അവളില്‍ ഉദരത്തില്‍ നിന്ന്
ഉരുവെടുത്തത് പരുത്തി അല്ലല്ലോ
എരിക്കും തീ…’
എന്ന് പാടുമ്പോള്‍ ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട്, വേടന്റെ ഇഷ്ട ഗായകനായ ടുപാക് അമരു ഷക്യൂറിന്റെ (Tupac Amaru Shakur) അമ്മയോടുള്ള സ്‌നേഹത്തെയും, കുടുംബത്തെ കുറിച്ചുമൊക്കെ ഹൃദയസ്പര്‍ശിയായി പറയുന്ന ‘Dear Mama’യിലെ ‘When I was young, me and my mama had beef / Seventeen years old, kicked out on the streets’ ഈ വരികളിലെ സ്വാധീനം വേടന്റെ വരികളില്‍ ഉണ്ടോ എന്ന് തോന്നും.
വേടന്റെ ഗാനങ്ങളില്‍ പ്രതിഷേധം, സങ്കടം, പ്രതീക്ഷ എന്നിവ ഉറച്ച ശബ്ദത്തില്‍ തന്നെ കേള്‍ക്കാം, അതിലെ വരികള്‍ ധീരമാണ്. യുവതയെ ആകര്‍ഷിക്കാന്‍ പാകത്തില്‍ അതില്‍ രാഷ്ട്രീയം നിറഞ്ഞു നില്‍ക്കുന്നു. ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ന്യുജെന്‍ യുവതയെ കൂടെ ചേര്‍ത്തുനിര്‍ത്താന്‍ ഭഗീരഥപ്രയത്‌നം നടത്തുമ്പോള്‍ വേടനത് നിഷ്പ്രയാസം സാധിക്കുന്നു. വേടന്റെ സംഗീതം ലോകമെമ്പാടുമുള്ള മലയാളി ഫാനുകളെ ആകര്‍ഷിക്കുന്നു. മൈതാനങ്ങള്‍ നിറഞ്ഞു കവിയുന്നു, മറ്റൊരു ഗായകനും കിട്ടാത്തത്ര ആരാധകരെ വേടന് കിട്ടുന്നു. അതൊരു മാറ്റൊലി പോലെ യുവതയില്‍ പാടി പടര്‍ന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യ പ്രശ്‌നങ്ങള്‍, വംശീയത, ജാതി, നിറം, അനീതി, യുദ്ധം, ദാരിദ്ര്യം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ആഴത്തില്‍ പാട്ടുകളിലൂടെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സംഗീതത്തിലൂടെ ഒരു പോര്‍മുഖം തുറക്കുന്നു…
വര്‍ണ്ണങ്ങള്‍ നൂറതില്‍
കറുപ്പിനാണ് പേര്
ചുവപ്പിനാണ് വീറ്
മണ്ണില്‍ വാഴുവാന്‍ പോര്
ഒറ്റതായ് പിറപ്പിലും
കറുത്തതില്‍ വെറുപ്പ്
പെറ്റതായ് മനത്തിലും
നിറങ്ങളാല്‍ വേര്‍ത്തിരിവ്
മണ്ണില്‍ മയങ്ങുമ്പോള്‍
വൈരവും കറുപ്പ്
വിണ്ണില്‍ നിലാവുദിച്ച്
കാരണം കറുപ്പ്
അന്നം തരുന്നവന്‍
കൈകളും കറുപ്പ്
വാടി വീണിടില്ല
വീരനായി പിറപ്പ്
വാടി വീഴില്ലെന്ന വേടന്റെ ഉറച്ച ശബ്ദം യുവാക്കളുടെ ക്ഷോഭത്തിന്റെ ഒരു കലാപരമായ എക്‌സ്പ്രഷന്‍ എന്ന് പറയാം. ദലിതര്‍, ദരിദ്രര്‍, ഒഴിവാക്കപ്പെട്ടവരുടെ ശബ്ദവും രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ വിമര്‍ശനവുമാക്കി തന്റെ പാട്ടുകളെ മാറ്റിയപ്പോള്‍ പലര്‍ക്കും പൊള്ളികൊണ്ടിരുന്നു. ആദ്യ ആല്‍ബമായ വോയ്സ് ഓഫ് വോയ്സ്‌ലെസിലെ വരികള്‍ കാലത്തിന് അനുസൃതമായ നേര്‍പറച്ചിലായിരുന്നു.
കപട ദേശവാദി
നാട്ടില്‍ മത ജാതി വ്യാധി.
വാളെടുത്തവന്റെ
കയ്യിലാണ് നാട് പാതി
വാക്കെടുത്തവന്‍
ദേശദ്രോഹി
തീവ്രവാദി…
വാക്കുകളെ മൂര്‍ച്ചകൂട്ടി പാട്ടിലൂടെ തൊടുത്തു വിട്ടുകൊണ്ട് മലയാള റാപ്പിനെ വേടന്‍ മെയിന്‍സ്ട്രീമില്‍ കൊണ്ടുവന്നു. ഇക്കാലമത്രയും ആര്‍ക്കും സാധിക്കാതെ പോയ കാര്യമാണിത്. ശബ്ദ മലിനീകരണമെന്ന് പരിഹസിച്ച് മാറ്റിനിര്‍ത്തിയ റാപ്പ് സംഗീത ശാഖയെ കറുത്തവന്റെ ഒതുങ്ങാത്ത ശബ്ദമാക്കി വേടന്‍ തിരുത്തിയെഴുതി. ദളിതന്‍ എന്ന വാക്ക് പോലും സവര്‍ണ്ണന്റെ സൗകര്യത്തിനു നിര്‍മ്മിച്ച വാക്കാണെന്നു അവന്‍ വിശ്വസിച്ചു. ‘കറുപ്പും വെളുപ്പും പതിനാറുവീതം കളങ്ങളുള്ള ചതുരംഗക്കളത്തില്‍ എന്തുകൊണ്ട് വെളുപ്പിനുമാത്രം ആദ്യനീക്കം വിധിച്ചു? ആരാണ് അത് നിശ്ചയിച്ചത്? ഒരിക്കലെങ്കിലും കറുപ്പിനും ആദ്യ നീക്കം അനുവദിച്ചുകൂടെ?’ എന്ന് അവന്‍ ചോദിക്കുമ്പോള്‍ വര്‍ണ്ണ വിവേചനത്തിന്റെ ലോകത്ത് റാപ്പ് സംഗീതത്തിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പ്രതിഷേധത്തിന്റെ ശബ്ദമായി മാറിയ ചരിത്ര സംഭവങ്ങളുടെ തുടര്‍ച്ച ഇന്നും ഇന്ത്യയില്‍, കേരളത്തില്‍ വേടനിലൂടെ തുടരുന്നു എന്ന് കാണാം. ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്, വംശീയത, പോലീസ് ക്രൂരത, സാമ്പത്തിക അസമത്വം എന്നിവയ്‌ക്കെതിരെ 1989ല്‍ Public Enemy ന്റെ ‘Fight the Power’ ഒരു ഗാനം മാത്രമല്ല, ഒരു വിപ്ലവം കൂടിയായിരുന്നു അന്ന് ലോകത്താകമാനം പടര്‍ന്ന ഹിപ്-ഹോപ്പിന്റെ രാഷ്ട്രീയ ശബ്ദ പിന്തുണ ഉണ്ടായിരുന്നു എങ്കില്‍ വേടന് അത്തരത്തിലൊരു പിന്തുണയില്ല. എന്നാല്‍ സാങ്കേതിക മേന്മയുടെ പടികളില്‍ ചുറ്റും നോക്കാതെ ഇരുന്ന് സ്‌ക്രീനില്‍ സമയം കളയുന്നവരെന്നും പ്രയോജനമില്ലാത്തവരെന്നും നിരന്തരം പഴികേള്‍ക്കുന്ന യുവതയുടെ രാഷ്ട്രീയ പിന്തുണ വേടന്റെ ഒച്ചയ്‌ക്കൊപ്പം ആവേശത്തില്‍ ഉണ്ട് എന്നതാണ് മൈതാനങ്ങള്‍ നല്‍കുന്ന സാക്ഷ്യം. തന്തവൈബെന്ന് പറയുന്ന വിഭാഗത്തിന് അത് അലോസരം സൃഷ്ടിക്കുന്നുമുണ്ട്…
1970-കളില്‍ ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് പ്രദേശത്ത് ആഫ്രിക്കന്‍-അമേരിക്കന്‍, ലാറ്റിനോ സമൂഹങ്ങളില്‍ നിന്ന് ഉടലെടുത്ത റാപ്പിന്റെ ചരിത്രം തന്നെ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ വിലയിരുത്തേണ്ടതുമുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പ്രതിഷേധത്തിന്റെ ശബ്ദമായി മാറിയ ഉദാഹരണങ്ങള്‍ ധാരാളം ഉണ്ട്. അമേരിക്കന്‍ ഹിപ്-ഹോപ്പ് ഇതിഹാസമായിരുന്ന ‘2Pac’ എന്ന പേരില്‍ പ്രശസ്തനായ ടുപാക് അമരു ഷക്യൂര്‍ ആഗോള സാമൂഹ്യ പ്രശ്‌നമായ, വംശീയത, ദാരിദ്ര്യം തുടങ്ങിയ ആഴമുള്ള വിഷയങ്ങള്‍ പാട്ടുകളിലൂടെയാണ് സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചത്. വംശീയ അസമത്വത്തെക്കുറിച്ചുള്ള ശക്തമായ പാട്ടായിരുന്നു അദ്ദേഹത്തിന്റെ ‘Changes’ എങ്കില്‍, പോലീസ് അക്രമത്തെതിരെ ഹിപ്-ഹോപ്പിന്റെ പ്രതിഷേധത്തിന്റെ റെഡ് അലാറമായിരുന്നു ലോസ് ആഞ്ചലസ് (കോംപ്ട്ടണ്‍) എന്ന ഗെറ്റോയില്‍ നിന്ന് ഉണ്ടായ N.W.A (Niggaz Wit Attitudes) എന്ന ഗ്രൂപ്പിന്റെ അമേരിക്കയെ ഞട്ടിച്ച ‘Straight Outta Compton’ എന്ന ആല്‍ബം. ഇതിലെ ‘A young nigga got it bad ’cause I’m brown / And not the other color, os police think / They have the authority to kill a minority’ എന്ന വരി ഇപ്പോള്‍ വേടന്റെ കാര്യത്തിലും ഏറെ പ്രസക്തമാണ്.
ഒരു തലമുറയുടെ ക്ഷോഭവും പ്രതിഷേധവും വേടന്റെ കറുത്ത ശരീരത്തില്‍ നിറയുന്നു, എന്താടോ കറുപ്പിന് കുഴപ്പം എന്ന് തുറന്നു ചോദിക്കുക മാത്രമല്ല, അതോടൊപ്പം ഇന്നിന്റെ രാഷ്ട്രീയം പച്ചയായി പറയാന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി തയ്യാറായത് ചരിത്ര നിയോഗമാണ്. നീ തമ്പുരാനുമല്ല… എന്ന ചോദ്യം പലരുടെയും നെഞ്ചില്‍ തന്നെയാണ് തറച്ചത്. ഇനിയുമൊരു വില്ലുവണ്ടി വരുമെന്ന് അവര്‍ ഭയപ്പെടുന്നു
ചത്താലും മണ്ണിന്റെ മാറിലെ ചാകൂ
ഉത്തമര്‍ എല്ലാരും കല്ലെറിഞ്ഞേ
കല്ലുകൊണ്ടെന്റെ
മുഖം മുറിഞ്ഞേ…
ആ കല്ലു പെറുക്കി ഞാന്‍ പാത വിരിച്ചതില്‍
വില്ലുവണ്ടിയേറി പായുമ്പോള്‍
എന്നുടെ തലപ്പാവിനെന്ത് തിളക്കം
തലപ്പാവിനെന്ത് തിളക്കം
എന്നാല്‍ വേടന്‍ നമ്മുടെ ചുറ്റുവട്ടത്തെ മാത്രമല്ല തന്റെ പാട്ടിലൂടെ പ്രതിനിധീകരിക്കുന്നത്. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട എല്ലാവര്‍ക്കും വേണ്ടി കൂടിയാണ് വേടന്‍ പാടുന്നത്. നിലവിലെ വ്യവസ്ഥകളോട് കലഹിക്കുക മാത്രമല്ല…ശബ്ദമില്ലാത്തവരുടെ ശബ്ദവുമാവുന്നുണ്ടയാള്‍. അത് പലസ്തീനില്‍ ആയാലും മ്യാന്‍മറില്‍ ആയാലും ശ്രീലങ്കയില്‍ ആയാലും പാര്‍ശ്വവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വേദനകള്‍ക്കെല്ലാം ഒരേ സ്വരമാണ് എന്നും അത് തിരിച്ചറിയേണ്ട രാഷ്ട്രീയമാണ് നമ്മളില്‍ ഉണ്ടാകേണ്ടതെന്നും എന്നാല്‍ അങ്ങനെ തുറന്നു പറഞ്ഞാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. ജീവിച്ച കാലമത്രയും ഒരു സമരമുഖത്തേന്‍ പോലെ ജീവിച്ചവര്‍ സംബന്ധിച്ച് അത്തരം എതിര്‍പ്പുകളെ പ്രതിരോധിച്ചുകൊണ്ട് കൂടുതല്‍ ശബ്ദത്തില്‍ പ്രതിഷേധിച്ചേ മതിയാകൂ. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് അതിന് തികഞ്ഞ ഉദാഹരണമാണ്.
‘സൊമാലിയന്‍ ബാല്യങ്ങള്‍ കുടിനീര് തേടി പല കാതം താണ്ടി…
മ്യാന്മാറില്‍ ബുദ്ധന്‍ ആയുധമേന്തി ചുടു ചോര മോന്തി…
ആമസോണ്‍ വീരാ നിന്നുടെ മാറ് തുളഞ്ഞതില്‍ കാട് കരഞ്ഞു…
ആഫ്രിക്കന്‍ പോര്‍ക്കളങ്ങളില്‍ ആണ്‍ മകനുയിരിനായി അമ്മ കരഞ്ഞു…
ആര്‍ട്ടിക്കില്‍ പനിമലയുരുകി കടലു നിറഞ്ഞതില്‍ കരകള്‍ മറഞ്ഞു…
ന്യൂയോര്‍ക്കില്‍ മണ്ണിന്‍ മകനില്‍ മൂച്ച് നിലച്ചതില്‍ പോര് നടന്നു…
പാലസ്തീന്‍ പല നൂറായി പാലായനം ഒരു പതിവായി മാറി…
ചീന നിന്‍ ചെങ്കൊടി താഴെ ഖുറാന്‍ എരിഞ്ഞതിന്‍ മണം പരന്നു…
മലാക്കില്‍ കണ്ണീര്‍ വീണതില്‍ എന്നെ പെറ്റതായി ഭൂമി കരഞ്ഞു…
ബാല്ലാക്ക് നീ പാടാ പാട്ടുകള്‍ ആറടി മണ്ണില്‍ കാത് തിരഞ്ഞു…
ആസിഫയിനരയുടക്കുവാന്‍ ഭഗവാന്‍ പോലും കാവലിരുന്നു…
ഐലന്‍ നിന്‍ കുഞ്ഞിക്കാലുകള്‍ കണ്ണീര്‍ കടലിന്‍ ആഴമളന്നു…
ഭൂമി ഞാന്‍ വാഴുന്നിടം…
അനുദിനം നരകമായി മാറുന്നിടം…’
ഈ വരികളിലൂടെ വേടന്‍ ആരാണെന്ന് കൃത്യമായി പറയുന്നുണ്ട്. വേടന്‍ എന്ന പേര് സ്വീകരിച്ചതില്‍ തന്നെ കൃത്യമായ രാഷ്ട്രീയവും ഉണ്ട്. അങ്ങനെ അടിമുടി പ്രതിഷേധത്തിന്റെ ഒടുങ്ങാത്ത ശബ്ദവുമായി കാതലുള്ള ധിക്കാരിയായത് കൊണ്ട് തന്നെയാണ് പലയിടങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഊരിത്തെറിക്കുന്നതും. എന്നാല്‍ വേടന്റെ പാട്ടുകള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഉറച്ച ശബ്ദമാണ്. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന് ഏറെ പ്രാധാന്യം ഉണ്ട്.
തൊണ്ണൂറുകളില്‍ ബാബാ സെഹ്ഗാള്‍ ‘തണ്ടാ തണ്ടാ പാനി’ യിലൂടെയോ, 2000-ത്തില്‍ Yo Yo Honey Singh ന്റെയോ, മുംബൈ സ്ലമ്മുകളുടെ ജീവിതത്തെ പറഞ്ഞ 2010ലെ ഡിവൈനും നീറ്റിമോഹിത്തും ** (‘Mere Gully Mein’) ഉണ്ടാക്കിയ തരംഗങ്ങളെക്കാള്‍ ശക്തിയോടെ യുവാക്കളില്‍ സ്വാധീനം ചെലുത്തി വേടന്‍ തുടരുന്നു. വെട്ടിവീഴ്ത്താന്‍ ഏറെ പേര് പിന്നില്‍ നില്‍ക്കെ വേടന്‍ ഉറച്ച ശബ്ദത്തില്‍ ധീരമായി പാടിക്കൊണ്ടിരിക്കുന്നു…
‘വാടി വീണിടില്ല
വീരനായി പിറപ്പ്’ Vedan’s rap music is a protest of self-preservation.
Content Summary: Vedan’s rap music is a protest of self-preservation