തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ആക്രമണം നടന്നയുടന്‍ സ്റ്റുഡിയോ പുകയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞു. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ വേഗത്തില്‍ വൈറലായി. കൂട്ടത്തിൽ ഇറാന്റെ സ്റ്റേറ്റ് ടിവി ചാനൽ അവതാരകയായ സഹര്‍ ഇമാനിയും.
ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും സഹര്‍ കസേരയില്‍നിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തില്‍ കാണാം. ആക്രമണ സമയത്ത് സ്റ്റുഡിയോ അടക്കം കുലുങ്ങിയെങ്കിലും, കുറച്ചു സമയത്തിനുശേഷം വീണ്ടും സഹര്‍ ലൈവില്‍ വന്ന് സംപ്രേഷണം തുടരുകയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സഹറയെ തേടി പ്രശംസകളെത്തിയത്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. ഇറാനിയൻ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമായാണ് ആളുകൾ അവളെ വിശേഷിപ്പിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാകട്ടെ സഹറയെ ഇറാന്റെ ശബ്ദമെന്നാണ് പ്രശംസിച്ചത്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.
ആരാണ് സഹർ ഇമാനി?
ഇറാനിലെ ഏറ്റവും പ്രശസ്തയായ വാർത്താ അവതാരകരിൽ ഒരാളാണ് സഹർ ഇമാനി. ഫുഡ് എഞ്ചിനീയറിംഗിൽ പരിശീലനം നേടിയ അവർ 2010 ൽ ഒരു അവതാരക വേഷത്തിലൂടെ മാധ്യമരംഗത്തേക്ക് പ്രവേശിച്ചു. താമസിയാതെ, ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഓര്‍ഗനൈസേഷനായ ഐആര്‍ഐബിയുടെ മുഖമായി അവർ. 2010 ല്‍ ആണ് അവര്‍ മാധ്യമ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇറാനിയൻ സ്റ്റേറ്റ് ടിവി പ്രക്ഷേപണ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം വ്യാപകമായ അപലപത്തിന് കാരണമായിരുന്നു.’സയണിസ്റ്റ് കുറ്റകൃത്യം’ എന്നും ‘ഇറാന്റെ പ്രക്ഷേപണ കേന്ദ്രത്തെ ലക്ഷ്യം വച്ചുള്ള ഹീനമായ ആക്രമണം’ എന്നുമാണ് ഹിസ്ബുള്ള സംഭവത്തെ അപലപിച്ചത്.
ഇറാന്റെ ദേശീയ മാധ്യമങ്ങൾ ഇസ്രായേലി മാധ്യമങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെയാണ് ഈ ആക്രമണം പ്രതിഫലിപ്പിക്കുന്നത്. ‘ഈ ആക്രമണം ഇറാന്റെ പത്രപ്രവർത്തകരുടെ ദൃഢനിശ്ചയത്തെ തകർത്തിട്ടില്ല, തകർക്കുകയുമില്ല,’ ഇറാന്റെ പ്രക്ഷേപണ അതോറിറ്റിയുടെ തലവൻ പറഞ്ഞു.
‘ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു’ എന്ന ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഇതിനിടെ ഇസ്രയേലിലെ ഔദ്യോഗിക മാധ്യമങ്ങളെ ആക്രമിക്കുമെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയാതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
content summary: Iranian Anchor Emerges Hero After Israeli Strikes