കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി അനുവാദം തേടി കത്തയച്ചത് രാത്രി വൈകിയാണെന്ന വാര്‍ത്തകള്‍ തെറ്റ്. കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം തേടി സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലേക്ക് ഇമെയില്‍ ആയി അയച്ച കത്തിന്റെ ഡിജിറ്റല്‍ തെളിവാണ് മന്ത്രി തന്നെ പുറത്തു വിട്ടിരിക്കുന്നത്.
ഇതില്‍ നിന്നും വ്യക്തമാകുന്നത് മാര്‍ച്ച് 19 ഉച്ചയ്ക്ക് 12.01 ന് ആണ് ഇമെയില്‍ ആയി കത്ത് അയച്ചിരിക്കുന്നത് വ്യക്തമാണ്. മാര്‍ച്ച് 20 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്താനാണ് വീണ ജോര്‍ജ് ശ്രമിച്ചത്. സംസ്ഥാനത്ത് ആശ പ്രവര്‍ത്തകരുടെ സമരം 40 ദിവസത്തിലധികമായി തുടരുന്നതോടെയാണ്, കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് മന്ത്രി വഴി തേടിയത്. എന്നാല്‍ നദ്ദയുടെ ഓഫിസ് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചു. മമന്ത്രി തിരിച്ചു നാട്ടില്‍ എത്തിയതിനു പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അടുത്താഴ്ച്ചയാണ് അനുമതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയ വിവരം താന്‍ അറിഞ്ഞില്ലെന്നാണ് നദ്ദ പറയുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രിയെ വീണ ജോര്‍ജിന് കാണാന്‍ കഴിയാതെ വന്നതിനു പിന്നാലെ മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡയയിലെ പ്രതിപക്ഷ രാഷ്ട്രീയ വക്താക്കളും വീണ ജോര്‍ജിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും കുറ്റപ്പെടുത്തിയും കളം നിറഞ്ഞിരുന്നു. മന്ത്രിക്കെതിരേ ഉയര്‍ത്തിയ കടുത്ത ആരോപണം വ്യാഴാഴ്ച്ച കേന്ദ്രമന്ത്രിയെ കാണാന്‍ ബുധനാഴ്ച്ച രാത്രിയിലാണ് സംസ്ഥാന മന്ത്രി അനുമതി ചോദിച്ചതെന്നാണ്. ഇത് വാര്‍ത്തകളായി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ സമയത്ത് മന്ത്രിയോട് അഭിപ്രായം തേടാനെത്തിയ മാധ്യമങ്ങളില്‍ ചിലര്‍ അനുമതി ചോദിച്ച സമയത്തെ ചൊല്ലി പ്രകോപനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പതിവ് ശാന്തത കൈവിട്ടാണ് ചോദ്യങ്ങളോട് മന്ത്രിയും പ്രതികരിച്ചത്. അനുചിതമായ സമയത്താണ് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയതെന്ന് വാദിച്ച ചാനല്‍ റിപ്പോര്‍ട്ടറോട്, ഏത് സമയത്തായിരുന്നു ചോദിക്കേണ്ടതെന്ന് മന്ത്രി തിരിച്ചു ചോദിച്ചു. മന്ത്രി മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു എന്ന രീതിയില്‍ വീണ ജോര്‍ജിന്റെ പ്രതികരണം മുഖ്യധാര ചാനലുകളും ഓണ്‍ലൈനുകളും വീണ്ടും വാര്‍ത്തയാക്കി. ഈ ആരോപണങ്ങളെയെല്ലാമാണ് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലില്‍ ഷെയര്‍ ചെയ്ത ഡിജിറ്റല്‍ തെളിവുകൊണ്ട് തകര്‍ത്തത്. തനിക്ക് പൊതുജനത്തോട് പറയാനുള്ള കാര്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പറഞ്ഞുകൊള്ളാമെന്നും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും മന്ത്രി പ്രതിഷേധ സ്വരത്തില്‍ പറഞ്ഞിരുന്നു.
ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി, തനിക്ക് വീഴ്ച്ച പറ്റിയെന്ന ആരോപണത്തെ പ്രതിരോധിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവ് പൊതുമധ്യത്തില്‍ ഹാജരാക്കിയിരിക്കുന്നത്. മന്ത്രിയുടെ കുറിപ്പ് പൂര്‍ണമായി വായിക്കാം;
കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു എന്ന് പറയുന്നു. നല്ല കാര്യം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ‘മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്’ എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയ്മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
ഇന്നവര്‍ രാവിലെ ‘ബ്രേക്ക്’ ചെയ്ത ‘വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി…’ (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്‌മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.
അപ്പോയ്‌മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും. അപ്പോയ്‌മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു.

അതേസമയം, വീണ ജോര്‍ജിനെതിരായ മറ്റൊരു പരാതി, ആശമാര്‍ക്കു വേണ്ടി കേന്ദ്രമന്ത്രിയെ കാണാനല്ല മന്ത്രി ഡല്‍ഹിയില്‍ പോയതെന്നാണ്. ഡല്‍ഹിയിലെത്തിയ ക്യൂബന്‍ സംഘവുമായി ചര്‍ച്ച നടത്താനാണ് മന്ത്രി പോയതെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. അതിനും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ മറുപടി പറയുകയും ചെയ്തു. ‘ഞാന്‍ ഇന്നലെ(ചൊവ്വാഴ്ച്ച) തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ‘ഒരാഴ്ചക്കുള്ളില്‍’ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും എന്നാണ്. ഇന്ന്(ബുധനാഴ്ച്ച) ഡല്‍ഹിയില്‍ വച്ചും ഞാന്‍ പറഞ്ഞതും ഇന്ന് കാണാന്‍ അപ്പോയ്മെന്റ് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും എന്നുള്ളതാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ആശമാരുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചിരുന്നതാണെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. Veena George sought permission for a meeting with JP Nadda, not at night, but during the day, with digital evidence
Content Summary; Veena George sought permission for a meeting with JP Nadda, not at night, but during the day, with digital evidence
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.