ഉരുളക്കിഴങ്ങ്
സവാള
ചേന
കാരറ്റ്
മുരിങ്ങക്ക
വെണ്ടക്ക
ബീന്‍സ്
വെളരിക്ക
കുമ്പളങ്ങ
തക്കാളി
മത്തങ്ങ
വഴുതനങ്ങ
ഇത്രയധികം പേരുമായിട്ടായിരുന്നു ഒരുകാലത്ത് മലയാളിയുടെ അടുപ്പിലിരുന്ന് സാമ്പര്‍ തിളച്ചു വെന്തിരുന്നത്. മേല്‍പ്പറഞ്ഞ പച്ചക്കറികളൊന്നും അന്നൊക്കെ ഒരു സാധാരണക്കാരനെയും തങ്ങളുടെ വില കാണിച്ചു പേടിപ്പിച്ചിരുന്നില്ല.
കാലം മാറി. സാമ്പാര്‍ കഷ്ണങ്ങള്‍ ‘ വില പിടിച്ചവരായി’. അതോടെ സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നും ഇവരില്‍ ഭൂരിഭാഗം പേരും സ്ഥലമൊഴിഞ്ഞു പോയി. അതോടെ ഇന്നത്തെ സാമ്പാര്‍; അര തക്കാളിയും ഈരണ്ട് സവാളയും ഉരുളക്കിഴങ്ങും പേരിനൊരു വെണ്ടക്കയും പിന്നെ കുറച്ച് പരിപ്പും സാമ്പാറാണെന്നറിയിക്കാനായി സാമ്പാറ് പൊടിയും ചേര്‍ന്നതായി.
വീടുകളില്‍ മുതല്‍ ഹോട്ടലുകളില്‍ വരെ കിട്ടുന്നത് ദുര്‍ബലമായി പോയ സാമ്പാറാണ്. ചോറിന്റെയും ദോശയുടെയും ഇഡലിയുടെയുമെല്ലാം ഉത്തമ പങ്കാളിയായിരുന്ന ഈ ഉപദംശം ഇന്ന് അംഗബലമില്ലാതെ ശുഷ്‌കമായി പോയത് ഒരു തെളിവാണ്. നാട് നേരിടുന്ന വിലക്കയറ്റത്തിനുള്ള ഏറ്റവും വലിയ തെളിവ്. സാധാരണക്കാരനായിരുന്നിടത്ത് നിന്നും ലക്ഷ്വറി സ്റ്റാറ്റസിലേക്കു മാറിയ സാമ്പാറിനെ കൂട്ടു പിടിച്ചത് പച്ചക്കറി വിലക്കയറ്റം ജനസാമാന്യത്തെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നുവെന്ന് പറയാനാണ്.
വിലക്കയറ്റം ആളുകളെ കൊണ്ടെത്തിച്ചിരിക്കുന്നത് വളരെ മോശം അവസ്ഥയിലാണ്. കഷ്ണങ്ങള്‍ എല്ലാമിട്ട് ഒരു കറി ഉണ്ടാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എല്ലാം പേരിനായിരിക്കുന്നു. വീട്ടിലെ ബഡ്ജറ്റ് താളം തെറ്റാതിരിക്കാന്‍ പലതും മനഃപൂര്‍വം വെട്ടി കുറയ്ക്കുകയാണ്. പച്ചക്കറി വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ അടുക്കളയില്‍ നിന്ന് പല പച്ചകറികളും പുറത്തായി എന്നതാണ് വാസ്തവം. രണ്ടാഴ്ച്ചയ്ക്കിടയില്‍ തക്കാളി, ബീന്‍സ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് 10 മുതല്‍ 50 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് കൊണ്ട് പൊറുതിമുട്ടിയത് സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമാണ്. തക്കാളി കിലോ 90, സവാള 70, ബീന്‍സ് 80, ചേന 100 ഇങ്ങനെ നീളുന്നതാണ് പച്ചക്കറി കടയിലെ വിലവിവര പട്ടിക. മാങ്ങ, നാരങ്ങ, ഇഞ്ചി എന്നിവയുടെ വില നൂറും കടന്നു പോയി. സാധാരണക്കാരന്റെ ദിവസക്കൂലിയെക്കാള്‍ കൂടുതലാണ് ദൈനംദിന ചിലവുകള്‍. തോരനും ഒഴിച്ച് കറിയുമില്ലാത്ത വീടുകള്‍ കുറവായിരുന്നു. ആ ‘ ലക്ഷ്വറി’യൊക്കെ മലയാളി ഉപേക്ഷിക്കുകയാണ്.
വീട്ടമ്മയും ദിവസക്കൂലിക്കാരിയുമായ വത്സ പറയുന്നത്, വില കൂടുതലായത് കൊണ്ട് പല പച്ചക്കറികളും ഒഴിവാക്കിയാണ് കറി വയ്ക്കുന്നത് എന്നാണ്.
‘എന്തൊരു വിലയാണ് പച്ചക്കറിക്കൊക്കെ. അതുകൊണ്ട് ഞാനിപ്പോള്‍ അധികം പച്ചക്കറി ഉപയോഗിക്കാറില്ല. കുറച്ച് പരിപ്പും രണ്ട് വെണ്ടക്കയും അര തക്കാളിയും ഒരു സവാളയും കുറച്ച് സാമ്പാര്‍ പൊടിയുമിട്ടാണ് സാമ്പാര്‍ വെക്കല്‍. അല്ലാതെ എന്ത് ചെയ്യാനാ? പണ്ടൊക്കെ 200 രൂപയ്ക്കു പച്ചക്കറി വാങ്ങിയാല്‍ രണ്ടാഴ്ച്ചത്തേക്കത് മതിയായിരുന്നു. ഇന്നിപ്പോ 500 രൂപയ്ക്ക് മേടിച്ചാലും തികയാത്ത സ്ഥിതിയാണ്. ഞങ്ങളൊക്കെ അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നവരാണ്. കിട്ടുന്നത് മുഴുവന്‍ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുമോ? പച്ചക്കറിക്ക് വില കൂടിയപ്പോള്‍ കോഴി വാങ്ങി, രണ്ട് മൂന്ന് ദിവസം കറി ആകുമായിരുന്നു, വില കൂടിയതോടെ അതും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പച്ചക്കറി മാത്രമല്ല എല്ലാത്തിനും വില കൂടുതലാണ്, ഇങ്ങനെ ആയാല്‍ ഞങ്ങളെ പോലുള്ളവര്‍ എന്ത് ചെയ്യാനാ’. എറണാകുളം മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വത്സ ഏഴ് അംഗങ്ങളുള്ള കുടുംബത്തിന്റെ നാഥയാണ്.
‘മുന്നത്തെ പോലെയല്ല, വളരെ കുറച്ച് പച്ചക്കറിയാണ് വില്‍ക്കാന്‍ കൊണ്ടുവരുന്നത്. അത് പോലും വിറ്റു തീരാത്ത അവസ്ഥയാണ്. എന്നിട്ടും ബാക്കി വരുന്നത് എടുത്ത് കളയുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നാണ് 40 വര്‍ഷത്തോളമായി പച്ചക്കറി കട നടത്തുന്ന ജബ്ബാര്‍ പറയുന്നത്.
‘മുന്‍പ് 500 രൂപയുടെ കിറ്റ് കൊടുത്താല്‍ ഒരു പാട് സാധനങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇന്ന് പക്ഷെ അത്രയും സാധനം കിട്ടണമെങ്കില്‍ 1000 രൂപ എങ്കിലും കൊടുക്കേണ്ടി വരും. സാധനങ്ങള്‍ക്കെല്ലാം ഇരട്ടി വിലയാണ്. ഞങ്ങള്‍ കച്ചവടക്കാര്‍ക്കൊന്നും വലിയ ലാഭമൊന്നും കിട്ടുന്നില്ല. പിന്നെ തൊഴില്‍ ഇതായത് കൊണ്ട് ചെയ്യുന്നു എന്ന് മാത്രം. സാധാരണക്കാര്‍ മുതല്‍ വലിയ പണക്കാര്‍ വരെ പച്ചക്കറി വാങ്ങാന്‍ വരുന്നതാണ്. വരുന്നവര്‍ എല്ലാവരും ഒരു പോലെ ചോദിക്കുന്നത് വില കുറച്ച് തരുമോന്നാണ്. പൊന്നും വില കൊടുത്താണ് ഞങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പച്ചക്കറി വാങ്ങി കൊണ്ട് വരുന്നത്, വളരെ തുച്ഛമായ ലാഭം മാത്രമാണ് കിട്ടുക. അതില്‍ നിന്നും കുറയ്ക്കാന്‍ പറഞ്ഞാല്‍ എന്ത് ചെയ്യും, ഞങ്ങളുടെ അരിയാണ് ഇത്. തീര്‍ത്തും നിസ്സഹായരാണ് ഓരോരുത്തരും. വില കൂടുതല്‍ ആയത് കൊണ്ട് ഒരു കിലോ വാങ്ങാന്‍ വന്നവര്‍ അര കിലോയോ കാല്‍ കിലോയോ മറ്റോ ആണ് വാങ്ങുക. പച്ചക്കറിയല്ലേ, എത്ര നാള്‍ എടുത്ത് വയ്ക്കാന്‍ പറ്റും. കേടാകുമ്പോള്‍ എടുത്ത് കളയും. വാങ്ങാന്‍ വരുന്നവര്‍ അകെ 150, 200 രൂപയ്ക്കാണ് വാങ്ങുന്നത്. അതില്‍ നിന്നൊക്കെ എന്ത് ലാഭം കിട്ടും? പച്ചക്കറി വില കയറിയപ്പോള്‍ ആളുകള്‍ ഇറച്ചി വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ അതിനും വില കൂടി. ആരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മീനിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ, അടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് ഇപ്പോള്‍ വില ഇങ്ങനെ കൂടാനുള്ള കാരണം. അഞ്ച് കിലോ പത്ത് കിലോ ഒക്കെ മാത്രമേ ഞാന്‍ വില്‍ക്കാന്‍ എടുക്കാറുള്ളു, എന്നിട്ടും ബാക്കി വരും ഞങ്ങള്‍ക്കും ജീവിക്കണ്ടേ’.
രാവിലെ മാര്‍ക്കറ്റ് ആളുകൊണ്ട് തിങ്ങി നിറഞ്ഞാണ് ഉണ്ടാകാറുള്ളത്, ഇന്നിപ്പോള്‍ ആകെ ഉണങ്ങിയ അവസ്ഥയിലാണ്. വില കൂടുതലും ആരുടെയും കയ്യില്‍ പൈസയുമില്ല, കച്ചവടം കൊണ്ടൊന്നും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് പച്ചക്കറി കട നടത്തുന്ന ജോര്‍ജ് പറയുന്നത്.
‘പച്ചക്കറിക്ക് മാത്രമല്ല എല്ലാത്തിനും വില കൂടുതല്‍ അല്ലേ, ആരെയാ കുറ്റം പറയുക? തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി വരുന്നില്ല, നാട്ടില്‍ പച്ചക്കറി കിട്ടാനുമില്ല. ബീന്‍സിനു 100 രൂപയാണ്, കാരറ്റിനും 100 ആണ്. ഇത്രയും വില കൊടുത്ത് വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പൈസ വേണ്ടേ. ഒരു കിലോ തക്കാളിയും കാരറ്റും ഒക്കെ വാങ്ങുന്ന പൈസക്ക് രണ്ട് കിലോ കോഴി ഇറച്ചി വാങ്ങുന്നതാണ് ലാഭം. അതുകൊണ്ട് തന്നെ പച്ചക്കറി വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. പകുതി സാധനങ്ങള്‍ മാത്രമാണ് പലവരും വാങ്ങുന്നത്, വില കേള്‍ക്കുമ്പോള്‍ പലരും മടങ്ങി പോവുകയും ചെയ്യും. 300 രൂപയ്ക്ക് പച്ചക്കറി വാങ്ങിയാല്‍ രണ്ട് ദിവസം അല്ലെങ്കില്‍ മൂന്ന് ദിവസത്തേക്കേ ഉണ്ടാവുകയുള്ളു. മാര്‍ക്കറ്റിലേക്ക് ആരും വരുന്നില്ല, വന്നാല്‍ അല്ലേ കച്ചവടം ഉണ്ടാകൂ. വിലക്കയറ്റം കാരണമാണ് പലരും വരാന്‍ മടിക്കുന്നത്. പൊതുവെ എല്ലാ സാധനങ്ങള്‍ക്കും 40 മുതല്‍ 50 ശതമാനം വില കൂടിയിട്ടുണ്ട്. വില കൂടുതലാണെന്ന് പറയുമ്പോള്‍ വില കുറച്ച് കൊടുക്കാന്‍ പറ്റില്ല, അതിലും ഭേതം വെറുതെ കൊടുക്കുന്നതാണ്. വലിയ ലാഭം ഒന്നും നോക്കി കച്ചവടം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. തൊഴില്‍ ഇതായത് കൊണ്ട് ചെയ്ത് പോകുന്നു എന്ന് മാത്രം’.
ലോട്ടറി തൊഴിലാളിയായ അജിത പറയുന്നത് ദിവസം കിട്ടുന്ന കൂലിക്കൊപ്പം കയ്യിലിരിക്കുന്ന പൈസ കൂടിയിട്ടാലേ അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ കഴിയു എന്നാണ്.
‘പച്ചക്കറി മാത്രമല്ല നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കൂടുതലാണ്. കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാ ചിലവ് ആവശ്യ സാധനങ്ങളുടെ വില കയറ്റം എല്ലാം കൂടി കുടുംബ ബജറ്റ് താളം തെറ്റി കിടക്കുകയാണ്. എന്ത് ചെയ്യാന്‍ പറ്റും. ആഹാരം കഴിക്കാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. എന്റെ വീട്ടില്‍ സാമ്പാറിലൊക്കെ വില കൂടുതല്‍ ഉള്ള കഷ്ണങ്ങള്‍ ഒഴിവാക്കി മൂന്നോ നാലോ കഷ്ണമിട്ടാണ് വയ്ക്കുന്നത്. വില കൂടുമ്പോള്‍ ഇങ്ങനെ ഒക്കെ ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ ഒക്കില്ല. പച്ചക്കറിക്ക് വില കൂടിയപ്പോള്‍ കോഴി ഇറച്ചി വാങ്ങാമായിരുന്നു, ഇപ്പോള്‍ അതിനും വില കൂടി, മീനിന്റെ കാര്യം പിന്നെ പറയണ്ടല്ലോ. ഇടക്ക് വെണ്ടക്ക ഒക്കെ വറുത്ത് മീന്‍ ആണെന്ന് വിചാരിച്ച് കഴിക്കും. തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വില. അതൊഴിവാക്കി കറിവെക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു തക്കാളി ഇടേണ്ട കറിയില്‍ പകുതി ഇടും, ചിലപ്പോള്‍ ഇടാതെയും കറി വയ്ക്കും. സാധനങ്ങള്‍ കുറയുമ്പോള്‍ മക്കള്‍ ചോദിക്കും ഇതെന്താ ഇങ്ങനെ എന്ന്, എന്ത് പറയാനാണ്, അവസ്ഥ ഇതായിപ്പോയില്ലേ”. vegetable prices skyrocket in kerala affect families
content summary ; vegetable prices skyrocket in kerala affect families