വെഞ്ഞാറമൂട് അഞ്ച് പേരെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതി അഫാന്‍ അറസ്റ്റില്‍. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി നെടുമങ്ങാട് കോടതിയിലേക്ക് കൊണ്ടുപോയി. മുത്തശ്ശി സല്‍മാ ബീവിയുടെ കൊലപാതക കേസിലാണ് നിലവിലെ അറസ്റ്റ്. കൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന് ശേഷമായിരുന്നു അറസ്റ്റ്. അഫാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു.venjaramoodu mass murder case: afan arrested
കൂട്ടക്കൊലയ്ക്ക് കാരണമായി പ്രതി നല്‍കിയ പ്രാഥമിക മൊഴിയില്‍ കടബാധ്യതയായിരുന്നു പറഞ്ഞത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അഫാന്റെ കുടുംബത്തിന് കടം നല്‍കിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ ആകെ എത്ര രൂപ കടമുണ്ടെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും.
അഫാന്‍ കാമുകി ഫര്‍സാനയുടെ മാലയും പണയം വച്ചിരുന്നു. പകരം മുക്കുപണ്ടം അണിയിക്കുകയായിരുന്നു. ഈ മാല എടുത്തുതരണമെന്ന് അടുത്തിടെ ഫര്‍സാന ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അഫാന്റെയും മാതാവ് ഷെമിയുടെയും മൊബൈല്‍ ഫോണുകളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷെമിയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് രേഖപ്പെടുത്തും.
ഏഴ് വര്‍ഷമായി യാത്രാവിലക്കിനെ തുടര്‍ന്ന് വിദേശത്ത് തുടരുന്ന പിതാവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന കുടുംബം അടുത്തകാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി കാന്‍സര്‍ ബാധിതയായ ഷെമി നിരന്തരം പണം കടം വാങ്ങുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറിയിരുന്നു. പ്രധാനമായും 12 പേരില്‍ നിന്നാണ് പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടം വാങ്ങിയായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. അമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍, ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് കൂട്ടക്കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമായിരുന്നു അഫാന്‍ പൊലീസിനോട് പറഞ്ഞത്.
കൂട്ടക്കൊലക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘവും. പ്രാഥമിക അന്വേഷണത്തിലും കടബാധ്യതകള്‍ തന്നെയാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. അഫാന്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.venjaramoodu mass murder case: afan arrested
Content Summary: venjaramoodu mass murder case: afan arrested