കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ ആദ്യ ഇര മുത്തശ്ശി. 95 കാരിയായ സല്‍മബീവിയെ അവര്‍ താമസിക്കുന്ന കല്ലറ പാങ്ങോടുള്ള വീട്ടിലെത്തിയാണ് കൊലപ്പെടുത്തിയത്. സല്‍മാബീവി ഒറ്റയ്ക്കായിരുന്നു താമസം. അതിനു ശേഷം, അടുത്ത സ്ഥലത്തേക്ക്. പുല്ലമ്പാറ എസ് എന്‍ പുരത്ത് താമസിക്കുന്ന പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെയും 23 കാരന്‍ ഇല്ലാതാക്കി. അടുത്തതായി പോയത് സ്വന്തം വീട്ടിലേക്കായിരുന്നു. ഇവിടെ രണ്ടു പേരെയാണ് അഫാന്‍ കൊന്നത്. സ്വന്തം സഹോദരനെയും സുഹൃത്ത് ഫര്‍സാനയെയും. അമ്മ ഷമിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടില്ല. ഷമി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൂന്നു വീടുകളായി അഞ്ചു പേരെയാണ് അഫാന്‍ കൂട്ടക്കൊല ചെയ്തത്. ഈ വീടുകള്‍ തമ്മില്‍ അധിക ദൂരവുമില്ല. ഏകദേശം 25 കിലോമീറ്ററിനുള്ളില്‍ തന്നെയാണ് എല്ലാം നടന്നത്. രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കുമിടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നിരിക്കുന്നത്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നു പറയുന്നു. എല്ലാവരെയും വകവരുത്താന്‍ അഫാന്‍ ഒരേ ആയുധം തന്നെയാണോ ഉപയോഗിച്ചതെന്നതില്‍ പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.
പുറത്താരുമറിഞ്ഞില്ല
അഞ്ച് പേര്‍, മൂന്നു വീടുകളായി ക്രൂരമായി കൊല്ലപ്പെടുമ്പോഴും അയല്‍ക്കാര്‍ ഒരു ചെറിയ നിലവിളി ശബ്ദം പോലും പുറത്തു കേട്ടില്ല എന്നതാണ് വാസ്തവം. ചുറ്റിക കൊണ്ട് തലയോട്ടി തല്ലിപ്പൊളിച്ചാണ് അഫാന്‍ തന്റെ ക്രൂരലക്ഷ്യം നിറവേറ്റിയത്. കൊല നടന്ന വീടുകളുടെയെല്ലാം സമീപത്ത് നിരവധി വീടുകളുണ്ട്. എന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. അഫാന്‍ കീഴടങ്ങിയതിന് പിന്നാലെ പൊലീസും ആംബുലന്‍സുമെല്ലാം എത്തിയപ്പോഴാണ് നാട്ടുകാരും അയല്‍ക്കാരുമെല്ലാം നടുങ്ങിയത്.
എന്തിനത് ചെയ്തു?
എന്തുകൊണ്ടാണ് അഫാന്‍ ഇത്തരം ക്രൂരത ചെയ്തതെന്നതില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ല. പ്രതിക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി സുദര്‍ശന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഫാന്‍ പൊലീസിനോട് പറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയെന്നാണ്. എന്നാല്‍ പൊലീസ് ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അഫാന്‍ സ്വന്തം നിലയില്‍ നടത്തിയ ബിസിനസ് തകര്‍ന്നു പോയിരുന്നുവെന്ന് പറയുന്നുണ്ട്. വിദേശത്ത് ഉണ്ടായിരുന്ന ബിസിനസ് പരാജയപ്പെട്ടു. 75 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. അഫാന്‍ പിതാവ് ഗള്‍ഫിലാണ്. വിസിറ്റിംഗ് വിസയില്‍ കുറച്ചു നാള്‍ അഫാനും ഗള്‍ഫിലുണ്ടായിരുന്നു. നാട്ടുകാര്‍ക്കും കൂറെ പണം തിരിച്ചു കൊടുക്കാനുണ്ട് എന്നൊക്കെയാണ് അഫാന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എല്ലാവരും കൂടി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും, അത് പരാജയപ്പെട്ടാലോ എന്നോര്‍ത്താണ് താന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നും, ഞങ്ങളൊക്കെ ഇല്ലാതായാല്‍ ഫര്‍സാന ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് കൊന്നതെന്നും അഫാന്‍ പറഞ്ഞതായി പുറത്തു വന്നിട്ടുണ്ട്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഫര്‍സാന. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു ഫര്‍സാന വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിനുശേഷമായിരിക്കാം അഫാനൊപ്പം അയാളുടെ വീട്ടിലേക്ക് പോയത്. ഫര്‍സാനയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കം വീട്ടില്‍ വച്ചുണ്ടായോ എന്ന കാര്യം പൊലീസ് തിരക്കുന്നുണ്ട്. അഫാന്‍ ഫര്‍സാനയുടെ വീട്ടില്‍ ചെന്ന് വിവാഹകാര്യം സംസാരിച്ചിരുന്നു. വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതമായിരുന്നുവെന്നാണ് ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറയുന്നത്.
അഫാന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു ഫര്‍സാനയുടെ മൃതദേഹം. എട്ടാം ക്ലാസുകാരനായിരുന്നു അഫാന്‍ കൊന്നുകളഞ്ഞ സ്വന്തം സഹോദരന്‍ അഫ്‌സാന്‍. അഫ്‌സാന്റെ മൃതദേഹം കിടന്നതിന് ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറിയിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്വീകരണ മുറിയിലായിരുന്നു അഫ്‌സാന്റെ മൃതദേഹം കിടന്നിരുന്നത്. കൊല്ലുന്നതിന് മുമ്പ് അനിയന് അഫാന്‍ കുഴിമന്തി വാങ്ങി നല്‍കിയിരുന്നു. വെഞ്ഞാറമ്മൂടിലെ ഹോട്ടലില്‍ നിന്നും അഫാന്‍ ഭക്ഷണം വാങ്ങിപ്പോയതായി നാട്ടുകാര്‍ പറയുന്നുണ്ട്.
അഫാന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഫാന്‍ ലഹരിക്ക് അടിമയാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയശേഷം അഫാന്‍ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. താന്‍ നടത്തിയ ക്രൂരത അയാള്‍ പൊലീസിനോട് വ്യക്തമായി തുറന്നു പറഞ്ഞു. Venjaramoodu mass murder case, Young man killed five people
Content Summary; Venjaramoodu mass murder case, Young man killed five people