June 04, 2026 |
Share on

പ്രസം​ഗവേദികളിലെ നിറസാന്നിധ്യം, നാട്ടുകാരുടെ പ്രിയപ്പെട്ടവൻ; ആരായിരുന്നു അനന്തു കൃഷ്ണൻ

എംഎസ്ഡബ്ല്യു പഠിക്കാൻ സഹായിച്ചത് പി. ജെ ജോസഫ്

ഇടുക്കി ജില്ലയിലെ മുട്ടം കോളപ്ര എന്ന ​ഗ്രാമം. കോളപ്ര ദ്വീപ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ‍ക്കു ശേഷം ഒരുപക്ഷേ ഇപ്പോഴായിരിക്കും ഈ പ്രദേശം വീണ്ടും വാർത്തകളിൽ നിറയാൻ തുടങ്ങിയത്. ഇത്തവണ സംഭവം, നാട്ടിലെ ടൂറിസത്തിൽ നിന്ന് മാറി ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മാത്രം. മരപ്പണിക്കാരനായ അച്ഛനും സപ്ലൈക്കോ ജീവനക്കാരിയായ അമ്മയും അവരുടെ രണ്ട് കുട്ടികളുമായി കഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബമുണ്ടായിരുന്നു. കേരളത്തിലെ ഉന്നതരെ ഉൾപ്പെടെ വിവാദച്ചുഴിയിലേക്ക് എത്തിച്ച ഇരുപത്തിയാറുകാരനായ അനന്തു കൃഷ്ണന്റെ ജീവിതം ഇവിടെ നിന്നാണ് തുടങ്ങുന്നത്.

പൊതുരം​ഗത്തേക്കുള്ള കടന്നുവരവ്

ചെറുപ്പം മുതലേ ഊർജസ്വലനായ കുട്ടിയായിരുന്നു അനന്തു കൃഷ്ണൻ. സാമൂഹിക സേവനം, കാർഷിക മേഖല തുടങ്ങിയ കാര്യങ്ങളിൽ പണ്ട് മുതലേ താൽപരൻ. മികച്ച വാ​ഗ്മിയും വാക്ചാതുര്യം കൊണ്ട് കേൾവിക്കാരുടെ കൈയ്യടി നേടാനും ഒപ്പം അവരെ കൈയ്യിലെടുക്കാനും കുട്ടിയായിരിക്കുമ്പോൾ തന്നെ അനന്തു കൃഷ്ണന് സാധിച്ചിരുന്നു. ഒന്നാം ക്ലാസ് മുതൽ പ്രസം​ഗ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമായി അനന്തു കൃഷ്ണനുണ്ടായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുന്നതിനിടെ കൂൺ കൃഷിയെ കുറിച്ച് ക്ലാസുകളെടുക്കുമായിരുന്നു. പൊതുരം​ഗത്തേക്കുള്ള അനന്തുവിന്റെ കടന്നുവരവും അവിടെ നിന്നാണ്. പതിനേഴാമത്തെ വയസിൽ മികച്ച കൂൺ കർഷകനുള്ള അവാർഡും അനന്തു കൃഷ്ണൻ നേടി. കോട്ടയത്തുള്ള മുൻ വനിതാ കമ്മീഷൻ അം​ഗത്തെ കൂൺ കൃഷിയിൽ പരിശീലനം നൽകിയും സഹായിച്ചും പൊതുപ്രവർത്തകരുമായി ബന്ധം വളർത്താൻ തുടങ്ങി.

രാഷ്ട്രീയക്കാരുമായുള്ള ബന്ധം

ഡി​ഗ്രി പഠനകാലത്തിന് ശേഷം എംഎസ്ഡബ്ല്യുവിൽ പോസ്റ്റ് ​ഗ്രാജ്യുവേഷന് ചേരാൻ താൽപര്യമുണ്ടായിരുന്ന അനന്തു കൃഷ്ണനെ അന്നത്തെ തൊടുപുഴ എംഎൽഎ ആയിരുന്ന പി. ജെ ജോസഫാണ് പഠിപ്പിച്ചതെന്നാണ് അഴിമുഖം നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പിജിക്ക് ശേഷം പല പൊതു പ്രവർത്തകരുമായി സഹകരിച്ച് പല സാമൂഹിക പ്രവർത്തനങ്ങളും ചെയ്യാൻ ആരംഭിച്ചു.

‘ബിജെപി നേതാക്കളുമായിട്ടായിരുന്നു അനന്തുവിന് അധികവും ബന്ധമുണ്ടായിരുന്നത്. നാട്ടിലെ അമ്പല കമ്മിറ്റിയുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങളിൽ അനന്തു ഭാ​ഗമായിരുന്നു. പ്രമീള ദേവി വനിത കമ്മീഷൻ അം​ഗമായിരുന്ന സമയത്ത് എപ്പോഴും അനന്തു അവരുടെ കൂടെ തന്നെയുണ്ടായിരുന്നുവെന്നും പ്രമീള ദേവിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നതെന്നും’ അനന്തുവിന്റെ പ്രദേശവാസികൾ അഴിമുഖത്തോട് പറഞ്ഞു. പ്രമീള ദേവി വഴിയാണ് രാഷ്ട്രീയത്തിലെ പല ഉന്നതരുമായി അനന്തു ബന്ധം സ്ഥാപിച്ചതെന്നും പ്രദേശവാസികൾ പറയുന്നു.

‘കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് ആദ്യ കാലങ്ങളിൽ അനന്തു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ ഫോറം എന്ന സന്നദ്ധ സംഘടന തുടങ്ങി. കോവിഡ് സമയത്ത് ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ ഫോറം സംഘടന വഴി ചെയ്ത് കൊടുത്തിരുന്നു. കുട്ടികൾക്കായി സംഘടനയുടെ കീഴിൽ പി.എസ്.സി കോച്ചിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നതായി അറിയാൻ സാധിച്ചിട്ടുണ്ടെന്ന്’ കുടയത്തൂർ വാർഡ് മെമ്പർ സുജ ചന്ദ്രശേഖരൻ അഴിമുഖത്തോട് പറഞ്ഞു.

2020 ൽ ലാലി വിൻസെന്റുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അരുണാചൽ പ്രദേശിൽ മിഷണറി സംവിധാനത്തിലും അവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ആനന്ദകുമാറുമായി പരിചയത്തിലായതിന് ശേഷമാണ് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും സുജ ചന്ദ്രശേഖരൻ പറഞ്ഞു.

ജനങ്ങളുടെ പ്രിയപ്പെട്ടവൻ

പ്രദേശവാസികൾക്ക് എല്ലാം പ്രിയങ്കരനായ വ്യക്തിയായിരുന്നു അനന്തു കൃഷ്ണൻ. അനന്തുവിന്റെ സൗഹൃദപരവും സൗമ്യതയോടെയുമുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിച്ചിരുന്നു. പൊതു പരിപാടികളിലെല്ലാം തന്നെ പ്രമുഖ വ്യക്തികളോടൊപ്പം എത്തിയിരുന്ന അനന്തു നാട്ടുകാരുടെ ഇടയിൽ ജനകീയനായ വ്യക്തിയെന്ന സ്ഥാനം സൃഷ്ടിച്ചെടുത്തു. ഒരു ക്രൈം പശ്ചാത്തലമില്ലാത്ത വ്യക്തിയെന്ന നിലക്ക് അനന്തുവിനെ ആരും സംശത്തോടെ കണ്ടിരുന്നില്ല.

കരുവാക്കുന്നത് സ്ത്രീകളെ

സ്ത്രീകളെയാണ് തൻ്റെ എല്ലാ പ്രവർത്തനങ്ങളിലും അനന്തു കരുവാക്കിയിരുന്നത്. ട്രസ്റ്റിലെ അംഗങ്ങളായവരെ പോലും കബളിപ്പിച്ചാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കോളപ്ര ട്രസ്റ്റിന്റെ അം​ഗമായ സുമ എന്ന വ്യക്തിയുടെ അഭിഭാഷകൻ അഴിമുഖത്തോട് പ്രതികരിച്ചു.

’25ാം വയസിലാണ് കെ. എൻ ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള എൻജിഒ കോൺഫഡറേഷനിലേക്ക് എത്തുന്നത്. എൻജിഒ കോൺഫഡറേഷന്റെ കീഴിൽ 200 ഓളം ചെറിയ ട്രെസ്റ്റുകളും സൊസൈറ്റികളുമുണ്ട്. 200 ഓളം ചെറിയ എൻജിഒകളുടെ കൺട്രോളിങ്ങ് ഏജൻസിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള എൻജിഒ കോൺഫഡറേഷൻ. ഇതിന്റെ ചെയർ പേഴ്സൺ കെ. എൻ ആനന്ദകുമാറും നാഷണൽ കോഡിനേറ്റർ അനന്തു കൃഷ്ണനുമാണ്. ഇതിന്റെ ബോർഡ് അം​ഗങ്ങളാണ് ഷീബ സുരേഷ്, ജസ്റ്റിസ് എ. എൻ രാമചന്ദ്രൻ, തുടങ്ങിയവർ. ഇതുപോലൊരു ട്രസ്റ്റാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ. എൻ രാധാകൃഷ്ണന്റെ സൈൻ എന്ന എൻജിഒയും.’

‘കോളപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റും ഇതിന് കീഴിലുണ്ട്. സാധാരണക്കാരായ സ്ത്രീകളാണ് ഇതിലെ അം​ഗങ്ങൾ. സ്ത്രീകളെ കരുവാക്കി കൊണ്ടാണ് അനന്തു കൃഷ്ണന്റെ എല്ലാ ഓപ്പറേഷൻസും അയാൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ കോളപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റിലൂടെ ഒരു തരത്തിലുള്ള പണമിടപാടുകളും നടന്നിട്ടില്ല. ഇതിലെ അം​ഗങ്ങൾക്കെല്ലാം ശമ്പളം നൽകുന്നത് അനന്തുവിന്റെ പ്രൊവിഷണൽ ഇന്നൊവേഷണൽ സർവീസ് എന്ന കമ്പനിയാണ്. തുച്ഛമായ ശമ്പളമാണ് ഈ എൻജിഒയിലെ അം​ഗങ്ങൾക്കെല്ലാം തന്നെ ലഭിച്ചിരുന്നത്.’

‘നിലവിൽ എൻജിഒ കോൺഫഡറേഷന്റെ ആക്ടിങ്ങ് ചെയർ പേഴ്സൺ ബീന സെബാസ്റ്റ്യൻ ആണ്. ആറ് മാസം മുൻപ് ആനന്ദകുമാർ രാജിവെച്ചുവെന്നാണ് അയാൾ പറയുന്ന വാദം. ഒക്ടോബറിലാണ് ആദ്യമായി ഒരു കേസ് മൂവാറ്റുപുഴയിൽ വരുന്നത്. അതിന് ശേഷമാണ് കോർഡിനേറ്ററുമാർ പരാതിയുമായി എത്താൻ തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തു കൃഷ്ണന്റെ അറസ്റ്റ് നടന്നിരിക്കുന്നത്.’

‘കോളപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ അം​ഗമായ സുമ ആദ്യകാലങ്ങളിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് അനന്തുവിനൊപ്പം പ്രവർത്തിച്ചിരുന്നു. കേസ് തുടങ്ങുന്നത് വരെയും കോളപ്ര ഓഫീസിലുണ്ടായിരുന്ന സ്റ്റാഫും സുമയാണ്. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ, മുണ്ടക്കയം, മുട്ടം പോലീസ് സ്റ്റേഷനുകളിൽ ഇവർ മൊഴി നൽകിയിട്ടുണ്ട്. കണ്ണൂരും കോട്ടയത്തും രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ സുമയെ പ്രതി ചേർത്തിട്ടുണ്ട്. കാരണം, കോളപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ പേരിലാണ് കുറച്ച് സ്ഥലങ്ങളിൽ സ്കൂട്ടർ വിതരണം നടന്നിരിക്കുന്നത്’, കോളപ്ര ട്രസ്റ്റിന്റെ അം​ഗമായ സുമയുടെ അഭിഭാഷകൻ അഴിമുഖത്തോട് പറഞ്ഞു.

അനന്തു കൃഷ്ണൻ എന്ന വ്യക്തിയിലേക്ക് മാത്രം ചുരുങ്ങുന്നതല്ല ആയിരത്തിൽ പരം ജനങ്ങളെ കബളിപ്പിച്ച പാതി വില തട്ടിപ്പ്. പല ഉന്നതരും ഇതിൽ പങ്കാളികളാണ് എന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച പാതി വില തട്ടിപ്പിലെ യാഥാർത്ഥ്യത്തിന്റെ ചുരുളുകൾ ഇനിയും അഴിയാനുണ്ട്.

Content summary: vibrant figure in the pulpits, beloved by natives; who was half price scam culprit anandhu krishnan
half price scam anandhu krishnan kerala 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×