June 04, 2026 |
Share on

ഈ മനോഹരമായ തുരുത്തിൽ വെച്ചാണ് ‘ഇസ്മവും’ ‘സാറയും’ പ്രണയത്തിലായത്; തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

പി.എസ് റഫീക്കിന്റെ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടനാണ് സംഗീതം നൽകിയിരിക്കുന്നത്. നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്

കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന പുതിയ ചിത്രമാണ് തൊട്ടപ്പൻ. വിനായകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. നടൻ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “മീനെ ചെമ്പുള്ളി മീനെ..” എന്ന ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടത്.

പി.എസ് റഫീക്കിന്റെ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടനാണ് സംഗീതം നൽകിയിരിക്കുന്നത്. നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക് ത്രില്ലർ ഡ്രാമയാണ് തൊട്ടപ്പനെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

ദൂരേ ദൂരേ പോകാം …
വെയിലും മഴയും ഉണ്ട് , ഇടിയും മിന്നലും ഉണ്ട് ,ഉദയവും അസ്തമയവും ഉണ്ട് , പകലും രാത്രിയും നീലാആകാശവും പറവയും മീനും ഉണ്ട് … ഈ മനോഹരമായ തുരുത്തിൽ വെച്ചാണ് ‘ഇസ്മവും’ ‘സാറയും’ പ്രണയത്തിലായത്….
പി.എസ് റഫീക്കിന്റെ മനോഹരമായ വരികൾ … ലീല എൽ ഗിരീഷ് കുട്ടന്റെ അതി മനോഹരമായ സംഗീതം .. നിഖിൽ മാത്യുവിന്റെ മാജിക്കൽ വോയ്സും ….
ദൂരേ ദൂര പോകാം ….
ശേഷം സ്ക്രീനിൽ …
കേൾക്കവിൻ … ഷെയറുവിൻ

ഗാനം പങ്കുവെച്ച് സംവിധായകൻ ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ചു

‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ. പ്രണയത്തിനും ആക്ഷനുമൊപ്പം ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന സിനിമയാണ് തൊട്ടപ്പന്‍.  ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി പറഞ്ഞിരുന്നു.

സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍. ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×