June 26, 2026 |
Share on

‘അഞ്ചു തല്ല്, മൂന്ന് പാട്ട്, ഒരു വെടിവെപ്പ്’; വിനായകന്റെ കലിപ്പ് ആക്ഷനും ഡയലോഗുമായി തൊട്ടപ്പന്റെ ആദ്യ ടീസർ

പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തീയേറ്ററിൽ എത്തും

കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന പുതിയ ചിത്രമാണ് തൊട്ടപ്പൻ. വിനായകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ആദ്യ ടീസർ പുറത്ത് വിട്ടു. വിനായകന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ടീസർ പങ്കുവെച്ചത്. വിനായകന്റെ കലിപ്പ് ആക്ഷനും ഡയലോഗും തന്നെയാണ് ടീസറിന്റെ മുഖ്യ ആകർഷണം.

എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക് ത്രില്ലർ ഡ്രാമയാണ് തൊട്ടപ്പനെന്ന് സംവിധായകൻ അഴിമുഖത്തോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട തൊട്ടപ്പനിലെ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ. പ്രണയത്തിനും ആക്ഷനുമൊപ്പം ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന സിനിമയാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി പറഞ്ഞിരുന്നു.

സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍. ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തീയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×