ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തിയതിന് ഒരു ബ്രിട്ടീഷ് പൗരന്‍ അടക്കം 20 പേര്‍ക്കെതിരേ യുഎഇ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ദുബായ് സന്ദര്‍ശിക്കാനെത്തിയ ലണ്ടന്‍ സ്വദേശിയായ അറുപതുകാരനാണ് കേസില്‍പ്പെട്ടവരില്‍ ഒരാള്‍. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യുഎഇയിലെ കര്‍ശനമായ നിയമം ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎഇയില്‍ നിയമസഹായം നല്‍കുന്ന ‘ഡിറ്റൈന്‍ഡ് ഇന്‍ ദുബായ്’ എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.
യുദ്ധസമയത്ത് സൈനിക നീക്കങ്ങളും ആക്രമണങ്ങളും ചിത്രീകരിക്കുന്നതിന് ലോകമെമ്പാടും നിയന്ത്രണങ്ങളുണ്ടെങ്കിലും, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പ്രധാന കേന്ദ്രമായ ദുബായില്‍ ഇത്തരം നിയമനടപടികള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നുള്ള വിനോദസഞ്ചാരിയുടെ ഫോണില്‍ നിന്ന് ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായതെന്ന് ഡിറ്റൈന്‍ഡ് ഇന്‍ ദുബായ് മേധാവി രാധ സ്റ്റിര്‍ലിംഗ് പറഞ്ഞു. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്‌തെങ്കിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. തെറ്റായ വാര്‍ത്തകള്‍, കിംവദന്തികള്‍, പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രചാരണങ്ങള്‍ എന്നിവ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രചരിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
ഈ നിയമപ്രകാരം ദൃശ്യങ്ങള്‍ ആദ്യമായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, അത് റീപോസ്റ്റ് ചെയ്യുന്നവര്‍ക്കും കമന്റ് ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 20,000 ദിര്‍ഹം മുതല്‍ 2,00,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. വിദേശ പൗരന്മാരാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. മാധ്യമങ്ങളിലോ മറ്റോ പ്രചരിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും പങ്കുവെക്കുന്നത് സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികള്‍ തെറ്റിദ്ധരിക്കാറുണ്ടെന്നും എന്നാല്‍ യുഎഇയില്‍ ഇത് വലിയ അപകടമാണെന്നും രാധ സ്റ്റിര്‍ലിംഗ് മുന്നറിയിപ്പ് നല്‍കി.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മേല്‍ വിവിധ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മിസൈല്‍ ആക്രമണങ്ങളുടെ തത്സമയ ദൃശ്യങ്ങളും ആഘാത സ്ഥലങ്ങളും ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഇറാനിലെ മിനാബില്‍ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ 150-ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെപ്പോലും ഇറാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Summary: Videos of Iranian missile attacks British tourist among 20 charged in Dubai
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.