June 04, 2026 |

‘അമ്മ അമ്മമാരുടെ കൈകളിലേക്കെന്നത് തരംതാഴ്ന്ന പരാമർശം’, തിരഞ്ഞെടുപ്പിൽ പ്രതീക്ഷയെന്ന് വിധു വിൻസെന്റ്

ആക്ഷേപം ഉന്നയിക്കപ്പെട്ടവർ മാറിനിൽക്കണം

സിനിമ താരസംഘടനയായ അമ്മയെ നയിക്കാൻ സ്ത്രീകൾ തന്നെ എത്തുമെന്ന തരത്തിലാണ് നിലവിൽ റിപ്പോർട്ടുകൾ വരുന്നത്. ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജ​ഗദീഷ് പിന്മാറിയതോടെയാണ് സൂചനകൾ ഉറപ്പിക്കാവുന്ന തരത്തിലേക്കെത്തിയത്. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് അറിയിച്ചായിരുന്നു ജ​ഗദീഷിന്റെ പിന്മാറൽ. തുടർന്ന് ശ്വേത മേനോൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അധ്യക്ഷസ്ഥാനത്തിന് പുറമെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അമ്മയുടെ പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും എന്നാൽ അമ്മ അമ്മമാരുടെ കൈകളിലേക്ക് എന്ന പ്രയോ​ഗം തീർത്തും വിലകുറഞ്ഞതായിപോയി എന്നും സംവിധായിക വിധു വിൻസെന്റ് അഴിമുഖത്തോട് പ്രതികരിച്ചു.

‘കുറേ വർഷങ്ങൾക്ക് ശേഷമാണ് മത്സരം നടക്കുന്നത്. മാത്രമല്ല, സ്ത്രീകൾ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയും ചെയ്യുന്നു. ഇത് വലിയൊരു ചുവടുവെയ്പ്പായിട്ടാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സംഘടനയെക്കുറിച്ച് ഉണ്ടായിരുന്ന ആക്ഷേപം തന്നെ സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാ എന്നുള്ളതായിരുന്നല്ലോ? ഉയർന്ന വ്യക്തിത്വങ്ങൾ അമ്മയുടെ തലപ്പത്ത് ഇരുന്നപ്പോൾ അവരെ ചുറ്റിപ്പറ്റി നിൽക്കാൻ മാത്രമേ സ്ത്രീകൾക്ക് കഴിഞ്ഞിരുന്നുള്ളൂ.

ജനാധിപത്യ സംവിധാനം നിലനിൽക്കണമെങ്കിൽ ഉയർന്ന വ്യക്തിത്വങ്ങൾ മാറി നിന്നിട്ട് സാധാരണ ജനങ്ങൾ ഇത്തരം സ്ഥാനങ്ങളിലേക്ക് വരണം. അല്ലെങ്കിൽ അവർക്ക് ശേഷം പ്രളയമെന്ന തരത്തിലാകും കാര്യങ്ങൾ. വളരെ പ്രത്യാശയോടെയാണ് ഇപ്പോഴത്തെ നോമിനേഷനെ ഞാൻ കാണുന്നത്. അതേസമയം, മത്സരിക്കുന്നവരുടെ കൂട്ടത്തിൽ ആക്ഷേപം ഉന്നയിക്കപ്പെട്ടവരും കേസുകളുള്ളവരുമെല്ലാം ഉൾപ്പെടുന്നു. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്നുള്ളതാണ് ധാർമികമായ ഒരു രീതി എന്ന് പറയുന്നത്.

ജനങ്ങൾ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് താരസംഘടനയായ അമ്മ. ജനങ്ങളുടെ ഒരു വെള്ളിത്തിര പ്രതീക്ഷയാണല്ലോ അത്. മറ്റേതൊരു സംഘടനയിലെ തിരഞ്ഞെടുപ്പും നമ്മൾ ഇത്ര ആകാംഷയോടെ നോക്കിയിരിക്കാറില്ല. നമ്മുടെയെല്ലാം സ്വപ്ന പ്രതീക്ഷകൾ കൂടിയാണ് ഇതിൽ പൂവണിഞ്ഞ് കാണുന്നത്. അതുകൊണ്ട് തന്നെ അമ്മ സംഘടനയിലുള്ളവർ ചെയ്യുന്നത് മാതൃകയാകേണ്ടതുണ്ട്. സംഘടനയ്ക്കുള്ളിലെ ചട്ടക്കൂടുകൾ ഒരുക്കുന്നത് എത്ര ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് അതിനുള്ളിലുള്ളവരും തിരിച്ചറിയണം.

അമ്മ അമ്മമാരുടെ കൈകളിലേക്ക് എന്നൊക്കെയുള്ള പ്രയോ​ഗങ്ങൾ വളരെ വിലകുറഞ്ഞ പരാമർശമായിട്ടാണ് ഞാൻ കാണുന്നത്. സ്ത്രീകളാണ് വരുന്നത്, എല്ലാ സ്ത്രീകളും അമ്മമാരാണോ? സ്ത്രീയെ എങ്ങനെയാണ് അമ്മ എന്ന് മാത്രമാക്കി ചുരുക്കി കളയാൻ കഴിയുന്നത്,’ വിധു വിൻസെന്റ് അഴിമുഖത്തോട് പറഞ്ഞു.

അമ്മയില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന ഒരു കമ്മിറ്റി വരട്ടെ എന്നാണ് പല പ്രമുഖ നടന്മാരടക്കം അഭിപ്രായം പ്രകടിപ്പിച്ചത്. ജന.സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിക്കുകയാണെന്ന് നടൻ ബാബുരാജും അറിയിച്ചിരുന്നു.

Content Summary: Vidhu Vincent responds women representation in AMMA election

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×