തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ സി. ജോസഫ് വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്ന ടിവികെ, സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. കോണ്‍ഗ്രസ്, സിപിഐ, സിപിഐ(എം), വിസികെ, ഐയുഎംഎല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയതോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ വിജയ് മറികടന്നു.
ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളും യുവ പ്രൊഫഷണലുകളും ഉള്‍പ്പെടുന്നതാണ് വിജയുടെ ആദ്യ മന്ത്രിസഭ. മുതിര്‍ന്ന നേതാവ് കെ.എ. ചെങ്കോട്ടയ്യന്‍, ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ആദവ് അര്‍ജുന എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു.
വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്. ഡോ. കെ.ജി. അരുണ്‍രാജ്, ഡോ. ടി.കെ. പ്രഭു എന്നീ ഡോക്ടര്‍മാരും അഭിഭാഷകനായ പി. വെങ്കട്ടരമണനും മന്ത്രിസഭയിലുണ്ട്. ഇവരെ കൂടാതെ ആര്‍. നിര്‍മ്മല്‍കുമാര്‍, രാജ്‌മോഹന്‍ എന്നിവരും സെല്‍വി എസ്. കീര്‍ത്തനയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള ഈ സംയുക്ത സര്‍ക്കാര്‍ തമിഴ്‌നാടിന്റെ വികസനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ശനിയാഴ്ച രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 120 എംഎല്‍എമാരുടെ പട്ടിക അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. പിന്തുണ വ്യക്തമായതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിജയ്യെ ക്ഷണിക്കുകയായിരുന്നു. മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Summary: Vijay takes oath as the Chief Minister of Tamil Nadu. Vijay appoints a 9-member cabinet including experts and veterans
This post was last modified on May 10, 2026 10:59 am
Leave a Comment