June 26, 2026 |

ഭൂമി വഖഫ് ബോർഡിന്റേതെന്ന് ആരോപണം; പുറത്താക്കൽ ഭീഷണിയിൽ തമിഴ്നാട്ടിലെ കാട്ടുകൊള്ളൈ

150ഓളം കുടുംബങ്ങൾക്കാണ് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്

വഖഫ് നിയമത്തിൽ സമീപകാലത്തുണ്ടായ ഭേ​ദ​ഗതികളുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ കാട്ടുകൊള്ളൈ ​ഗ്രാമത്തിലെ ഭൂപ്രശ്നം വീണ്ടും ച‌ർച്ചയാവുകയാണ്. ഗ്രാമീണർ നിലവിൽ താമസിച്ച് പോരുന്ന ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് കാണിച്ച് കൊണ്ട് 150ഓളം കുടുംബങ്ങൾക്കാണ് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്.

വെല്ലൂരിൽ നിന്ന് 20 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാട്ടുകൊള്ളൈ ഗ്രാമത്തിൽ 1000ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കാട്ടുകൊള്ളെ ഗ്രാമത്തിലെ 150ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം വഖഫിന്റേതാണെന്ന ബോർഡിന്റെ ആരോപണത്തിനെതിരെ പ്രതിഷേധങ്ങളും കനക്കുകയാണ്. സൈദ് അലി സുൽത്താൻ ഷാ എന്ന വ്യക്തിയാണ് ഈ ഭൂമി എല്ലാം അടുത്തുള്ള ദർഗയുടെ സ്ഥലമാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ഇനി താമസിക്കണമെങ്കിൽ ഒരു നിശ്ചിത തുക വാടക നൽകണമെന്നും സൈദ് അലി സുൽത്താൻ ഷാ ഗ്രാമീണരോട് ആവശ്യപ്പെട്ടു. ഇതിന് തയ്യാറല്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഗ്രാമീണരോട് അവിടെ നിന്നും കുടിയിറങ്ങാൻ ആണ് ഇയാൾ ആവശ്യപ്പെടുന്നത്. നാല് തലമുറകളായി ഈ പ്രദേശത്ത് തന്നെ താമസിച്ച് വരികയാണ് ഗ്രാമീണർ. ബോർഡിന്റെ അവകാശവാദത്തെ ശക്തമായി തന്നെ ഗ്രാമീണർ എതിർക്കുന്നുണ്ട്. വഖഫ് ബോർഡിന്റെ കീഴിലാണെന്ന് അവകാശപ്പെടുന്ന ഭൂമികളിൽ പലതിനും പട്ടയമുണ്ടെന്നും, വഖഫ് ബോർഡിന്റേതാണെന്ന് പറയുന്ന സ്ഥലങ്ങൾ പലതും ബോർഡിന്റെ കീഴിൽ ഉൾപ്പെടില്ലെന്നും ഗ്രാമീണർ പറയുന്നു.

ഈ പ്രദേശം കരിമ്പ് പാടമായിരുന്ന സമയത്താണ് തങ്ങളുടെ പൂർവ്വികർ ഇവിടെ താമസം ആരംഭിക്കുന്നത്. ഭൂമി നികത്തി അവർ ഇവിടെ കുടിലുകൾ നിർമ്മിച്ചു. ഘട്ടം ഘട്ടമായി ഞങ്ങളിത് വികസിപ്പിച്ചു. വീടുകൾ നിർമ്മിക്കുന്നതിന് മുമ്പ് ഞങ്ങൾ അന്നത്തെ മുത്തവല്ലിയായിരുന്നു ഫിറോസിന് ഒരു നിശ്ചിത തുക നൽകിയിരുന്നതായും ഗ്രാമീണർ പറയുന്നു. വിവാഹം ശേഷം ഭാര്യപിതാവ് നൽകിയാണ് നിലവിൽ തങ്ങൾ താമസിക്കുന്ന ഭൂമിയെന്ന് ഗ്രാമീണനായ മുരുകേശൻ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ ഭൂമിയിൽ വീട് നിർമ്മിക്കുമ്പോൾ ബോർഡിന്റെ ഭാഗത്ത് നിന്ന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. നിലവിൽ ഭൂമിയുടെ നികുതിയും ഞങ്ങളാണ് അടയ്ക്കുന്നതെന്നും മുരുകേശൻ പറയുന്നു. ഗ്രാമീണർ അനുമതിയില്ലാതെയാണ് നിലവിൽ ഈ പ്രദേശത്ത് താമസിച്ച് വരുന്നതെന്ന് കാണിച്ച് 2025 ഫെബ്രുവരി 25നാണ് ഗ്രാമീണർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകുന്നത്. ഇത് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഇതിനെതിരെ ഗ്രാമീണർ പ്രതിഷേധം സംഘടിപ്പിക്കുകയും ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടു കൊണ്ട് കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തു. ഇത് വഖഫ് ഭൂമിയാണെന്ന് സംബന്ധിച്ച് കലക്ടറേറ്റിൽ രേഖകളുണ്ടെന്നാണ് ഇപ്പോഴത്തെ മുത്തവല്ലി സയ്യിദ് സദാമിന്റെ വാദം. എന്നാൽ ഈ ഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റേതാണെന്ന അവകാശ വാദങ്ങളുമുയരുന്നു. ഇത് സംബന്ധിച്ച രേഖകളൊന്നും ഇവർക്ക് സമർപ്പിക്കാൻ സാധിച്ചിട്ടില്ല.
content summary: Villagers of Kattukollai in Vellore oppose Waqf Board’s land ownership claim

Leave a Reply

Your email address will not be published. Required fields are marked *

×