February 19, 2025 |

വോട്ടിന് പണം വിവാദം; താവ്‌ഡെയ്ക്ക് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തടയിട്ടതോ?

ബിജെപി അധികാരത്തില്‍ വന്നാല്‍ താവ്‌ഡെയ്ക്ക് സുപ്രധാന പദവി ലഭിക്കേണ്ടതായിരുന്നു

മഹാരാഷ്ട്ര വിധിയെഴുത്തിന് തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ വിനോദ് താവ്ഡെ വലിയൊരു വിവാദത്തില്‍ അകപ്പെടുന്നത്. വോട്ടെടുപ്പിന് തലേന്ന് വോട്ടിന് പണം വിതരണം ചെയ്തെന്നാണ് താവ്‌ഡെയ്‌ക്കെതിരായ ആരോപണം. അതു വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റയി വീശിയടിച്ചു. എതിരാളികളാകട്ടെ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഇറങ്ങി.

ആരോപണവും പശ്ചാത്തലവും
മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് ദിനത്തിന്റെ തലേന്നാണ്, പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ ഒരു ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) അനുയായികള്‍ താവ്ഡെയെ എതിരിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക്ക് പണം വിതരണം ചെയ്യുന്നത് തങ്ങള്‍ പിടികൂടിയെന്നായിരുന്നനു ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിവിഎ പ്രവര്‍ത്തകര്‍ ആരോപിച്ചത്. മുന്‍ എബിവിപി നേതാവും ബിജെപിയിലെ പ്രമുഖനുമായ മംറലയും സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് പരാതിയുണ്ട്. പണം വിതരണം ചെയ്യുന്നതില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് ആക്ഷേപം. ബഹുജന്‍ വികാസ് അഘാഡി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് നിന്ന് പണവും ഡയറിക്കുറിപ്പുകളും അടങ്ങിയ കവറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സോഷ്യല്‍ മീഡയയില്‍ വൈറലായ വീഡിയോകളില്‍, പ്രതിഷേധക്കാര്‍ താവ്ഡെക്ക് നേരെ കറന്‍സി നോട്ടുകള്‍ വീശുന്നതായി കാണാം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം താവ്ഡെ നിഷേധിക്കുകയാണ്. വോട്ടെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുന്നതിനും ഗ്രാമ ദേവതയെ ആരാധിക്കുന്നതിനുമുള്ള പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഹോട്ടലില്‍ തങ്ങിയതെന്നാണ് വിശദീകരണം. പണം വിതരണം ചെയ്തുവെന്ന ആരോപണം ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് താവ്‌ഡെ വാദിക്കുന്നത്.

എന്നാല്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ താവ്ഡെയുടെ വാദങ്ങള്‍ക്ക് ആയില്ല. അത് കൂടുതല്‍ കത്തിച്ചുകൊണ്ട് സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. എന്നാല്‍ എഫ്‌ഐആറില്‍ പണം വിതരണം ചെയ്തുവെന്ന കുറ്റമില്ല പകരം, നിശബ്ദ പ്രചാരണ സമയത്ത് തിരഞ്ഞെടുപ്പ് ചട്ടം നിഷകര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഹോട്ടലില്‍ നിന്ന് ഏകദേശം 9.93 ലക്ഷം രൂപ കണ്ടെടുത്തുവെന്നണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തി. ഹിതേന്ദ്ര താക്കൂര്‍ പറയുന്നത് അഞ്ചു കോടി രൂപ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ഹോട്ടലില്‍ എത്തിച്ചിരുന്നുവെന്നാണ്.

താവ്‌ഡെയുടെ മോഹങ്ങളും മോഹഭംഗങ്ങളും
താവ്ഡെയുടെ രാഷ്ട്രീയ കരിയര്‍ ഉയര്‍ച്ചകളും അതുപോലെ തിരിച്ചടികളും നേരിട്ടിട്ടുള്ളതാണ്. ഒരിക്കല്‍ ബിജെപിയുടെ ഭാവി നേതൃത്വത്തില്‍ ഒരാളായി ഉയര്‍ത്തി കാണിക്കപ്പെട്ട നേതാവായിരുന്നു താവ്‌ഡെ. അന്തരിച്ച ഗോപിനാഥ് മുണ്ടെ, പ്രമോദ് മഹാജന്‍ തുടങ്ങിയ മഹാരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്രയില്‍ താവ്‌ഡെ തന്റെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു, അത് സംസ്ഥാനത്തുടനീളവും പാര്‍ട്ടിയിലും പ്രകടമായിരുന്നു. മറാത്ത പാരമ്പര്യം പേറുന്ന നേതാവാണ് താവ്‌ഡെ. മറാത്ത സംവരണത്തിനായി പ്രതിഷേധം സംസ്ഥാനത്ത് ശക്തമാണ്. ബിജെപിക്ക് ഇത് അവഗണിക്കാന്‍ കഴിയില്ല. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണത്തില്‍ താവ്‌ഡെയ്ക്ക് സുപ്രധാന സ്ഥാനം നല്‍കുക വഴി മറാത്ത വികാരം അനുകൂലമാക്കാന്‍ ബിജെപി കണക്കുകൂട്ടിയിരുന്നുവെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണ്, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സ്ഥാനലബ്ധിക്കുവേണ്ടിയുള്ള മത്സരത്തിലും താവ്‌ഡെയ്ക്ക് വിവാദം തിരിച്ചടിയാണ്.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യമായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എം.വി.എ) തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ വലിയ ആഘാതം സൃഷിട്ടിക്കും. പണമെറിഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ബിജെപിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. അഴിമതി വിരുദ്ധരെന്ന ബിജെപിയുടെ അവകാശവാദത്തെ പരിഹസിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു വിമര്‍ശനം. സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ നേരിടേണ്ടി സഹാചര്യവും ബിജെപിക്കുണ്ട്.

തെരഞ്ഞെടുപ്പിലെ പ്രത്യാഘാതങ്ങള്‍
‘വോട്ടിനു പകരം പണം’ വിവാദം മഹാരാഷ്ട്രയില്‍ ബിജെപിക്കും വ്യക്തിപരമായി താവ്ഡെയ്ക്കും കാര്യമായ തിരിച്ചടി ഉണ്ടാക്കിയേക്കാം. താവ്ഡെയെ സംബന്ധിച്ചിടത്തോളം, ഈ വിവാദം തന്റെ രാഷ്ട്രീയ മോഹങ്ങളെ തല്ലിക്കെടുത്തുന്നതായിരിക്കും. പ്രത്യേകിച്ച് ഈ വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍. ന്യായവും സംശുദ്ധവുമായ ഭരണം എന്ന പാര്‍ട്ടിയുടെ അവകാശവാദങ്ങളെ തുരങ്കം വയ്ക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ വിഷയം മുതലെടുക്കും. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ആരോപണം തിരഞ്ഞെടുപ്പിന തൊട്ടു മുമ്പായി ഉണ്ടായത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ഭയമുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം നിര്‍ണായകമാകും. രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ചുള്ള ബിജെപിയുടെ അവകാശവാദങ്ങളെ ജനം എങ്ങനെ വിലയിരുത്തുന്നുവെന്നത് കൂടി ആ ആരോപണത്തിന്റെ ബാക്കിപത്രമാകും.

കൂടാതെ, ബിജെപിക്കുള്ളില്‍ വളരുന്ന വിഭാഗീയതയും ഈ വിവാദത്തിന്റെ ഭാഗമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത മത്സരം നടക്കുന്നുണ്ട്. അധികാരം തന്നെയാണ് ലക്ഷ്യം. ഈ വിഭാഗീയതയും ഇപ്പോഴത്തെ വിവാദത്തിനു പിന്നലുണ്ടോയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. താവ്ഡെയെപ്പോലുള്ള ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഇത്തരമൊരു അഴിമതിയാരോപണത്തില്‍ കുടുങ്ങിയത് പാര്‍ട്ടിയുടെ ഉള്ളില്‍ നടക്കുന്ന വടംവലികളിലേക്കാണ് ചോദ്യങ്ങള്‍ എത്തിക്കുന്നത്. വിനോദ് താവ്ഡെ ഉള്‍പ്പെട്ട വോട്ടിന് പണം വിവാദത്തിന് ഈ തെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യമുണ്ട്. ആരോപണങ്ങള്‍, താവ്ഡെ നിഷേധിച്ചെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തില്‍ അതിന്റെ ആഘാതം ഉണ്ടാകുമെന്ന് തീര്‍ച്ച.  Vinod Tawde bjp national general secretary facing allegations of cash distribution for votes

Content Summary; Vinod Tawde bjp national general secretary facing allegations of cash distribution for votes

×