June 26, 2026 |
Share on

എത്ര ദിവസമായെന്നറിയാമോ സാറേ; മമ്മൂട്ടിയുടെ കാര്‍ തടഞ്ഞ് ആരാധികമാര്‍

കാസര്‍ഗോഡ് ആണ് സംഭവം

മമ്മൂട്ടിയോടുള്ള ആരാധന ഒടുവില്‍ അവരെക്കൊണ്ട് താരത്തിന്റെ വാഹനം തടയുന്നതില്‍ വരെ എത്തിച്ചു. കാസര്‍ഗോഡുള്ള സ്ത്രീ ആരാധകരാണ് മമ്മൂട്ടി സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി തങ്ങളുടെ പ്രിയ താരത്തെ നേരില്‍ കാണാനുള്ള ആഗ്രഹം സാധിച്ചത്. ചിരിയോടെ മമ്മൂട്ടി അവരുടെ മനസ് നിറയ്ക്കുകയും ചെയ്തു. കൈകൊടുത്തും മൊബൈല്‍ ചോദിച്ച് വാങ്ങി ഫോട്ടോയെടുത്തും തന്റെ ആരാധകരെ ഒട്ടും നിരാശരാക്കാതിരിക്കാന്‍ മമ്മൂട്ടിയും ശ്രദ്ധിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം.

കാസര്‍ഗോഡ് നടന്നു വരുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് നിന്നും വരുമ്പോഴായിരുന്നു ഏതാനും സ്ത്രീകള്‍ റോഡ് അരികില്‍ മമമ്മൂട്ടിയേയും കാത്ത് നിന്നത്. ദൂരെ നിന്നും കാര്‍ വരുന്നത് കാണുമ്പോള്‍ തന്നെ ആരാധികമാര്‍ സന്തോഷം കൊണ്ട് പരിഭ്രാന്തരാകുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ഇവര്‍ മമ്മൂട്ടിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ കാര്‍ നമ്പറും മനസിലാക്കി വച്ചിരുന്നു. നമ്പര്‍ കണ്ടാണ് ദൂരെ നിന്നു തന്നെ വരുന്നത് മമ്മൂട്ടിയാണെന്ന് ഇവര്‍ മനസിലാക്കിയത്. അടുത്തെത്തിയപ്പോള്‍ ഇവര്‍ കാറിനടുത്തേക്ക് ചെന്നു. വാഹനം നിര്‍ത്തി മമ്മൂട്ടി നിറഞ്ഞ ചിരിയോടെ അവരെ നോക്കി. കൈകൊടുത്തു. അത്ഭുതവും ആഹ്ലാദവും നിറഞ്ഞ പെരുമാറ്റമായിരുന്നു പ്രിയതാരത്തെ തൊട്ടടുത്ത് കണ്ടപ്പോള്‍ അവരില്‍. എത്രനാളായെന്നോ സാറിനെ ഒന്നു കാണാന്‍ ശ്രമിക്കുന്നുവെന്ന് ചെറു പരിഭവവും ആരോ പറഞ്ഞു. അവരോട് ഫോണ്‍ ചോദിച്ച് വാങ്ങി സെല്‍ഫിയെടുത്ത് ശേഷമാണ് മമ്മൂട്ടി യാത്ര പുനഃരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×