June 04, 2026 |
Share on

ബംഗളൂരുവില്‍ നടുറോഡില്‍ നിറയെ കുഴികള്‍: മത്സ്യകന്യക നീന്താനെത്തി

സ്ട്രീറ്റ് ആര്‍ട്ടിസ്റ്റായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ് ഈ ആശയത്തിന് പിന്നില്‍. റോഡുകളിലെ കുഴികളില്‍ ഇന്‍സ്റ്റാളേഷന്‍ തീര്‍ത്താണ് പ്രതിഷേധം.

ബംഗളൂരുവിലെ റോഡുകളില്‍ പലതും നിറയെ കുഴികളായിരിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചിരിക്കുന്നത്. നഗരത്തിലെ റോഡുകളില്‍ ഇത്തരത്തില്‍ 15900ല്‍ അധികം വലിയ കുഴികളുണ്ടെന്നാണ് പറയുന്നത്. മെട്രോ നഗരത്തിലെ ഇത്തരം ദുരിതത്തിനെതിരെ പല വിധത്തിലുള്ള പ്രതിഷേധ മാര്‍ഗങ്ങളാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. നഗരസഭയേയും സര്‍ക്കാരിനേയും പരിഹസിക്കുകയാണ് പ്രതിഷേധ പരിപാടികളിലൂടെ ജനങ്ങള്‍. കാമരാജ് റോഡിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഒരു കാഴ്ച കണ്ട് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടാകും – അതാ ഒരു മത്സ്യകന്യക വെള്ളത്തില്‍.

സ്ട്രീറ്റ് ആര്‍ട്ടിസ്റ്റായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ് ഈ ആശയത്തിന് പിന്നില്‍. റോഡുകളിലെ കുഴികളില്‍ ഇന്‍സ്റ്റാളേഷന്‍ തീര്‍ത്താണ് പ്രതിഷേധം. അതിരാവിലെയായിരുന്നു ഇന്‍സ്റ്റാളേഷന്‍ ഒരുക്കിയത്. അതിനാല്‍ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടായില്ല. നടി സോനു ഗൗഡയാണ് പച്ച നിറമുള്ള മത്സ്യകന്യകയായത്. കഴിഞ്ഞ വര്‍ഷവും റോഡിലെ കുഴികള്‍ക്കെതിരായ പ്രതിഷേധത്തില്‍ ഇതുപോലൊരു ഇന്‍സ്റ്റാളേഷന്‍ തയ്യാറാക്കിയിരുന്നു. രാജകുമാരിയും തവളയും എന്ന ആ ഇന്‍സ്റ്റാളേഷനില്‍ രാജകുമാരിയായതും സോനുവായിരുന്നു. ഇത്തവണ കുഴിയ നീല വെള്ളമുള്ള കുളം പോലെയാക്കി. മത്സ്യകന്യക അതില്‍ നീന്തിത്തുടിച്ചു. കഴിഞ്ഞ ദിവസം കഗ്ഗദാസപുര റോഡില്‍ 120ലധികം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് റോഡിന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നു. അവഗണന മൂലം റോഡ് മരിച്ചതായി ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എച്ച് എസ് ആര്‍ ലേ ഔട്ടിലെ താമസക്കാര്‍ കുഴി പൂജ നടത്തി. ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധക്ക് വേണ്ടിയായിരുന്നു ഇത്. ഏതായാലും ബംഗളൂരു റോഡുകളിലെ ജലാശയങ്ങളില്‍ ഇപ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×