UPDATES

ട്രെന്‍ഡിങ്ങ്

രാജകുമാരനെ താലോലിക്കുന്ന മിശിഹ

 അത്ഭുതമായൊരു ഫോട്ടോയുടെ കഥ

                       

17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജൊവാന്‍ മോന്‍ഫോര്‍ട്ട് ആ ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ചാരിറ്റി കലണ്ടറിനു വേണ്ടിയായിരുന്നു. നീളന്‍ മുടിക്കാരനായ ഇരുപതുകാരനും ആറു മാസം പ്രായമുള്ളൊരു കൈക്കുഞ്ഞുമായിരുന്നു മോഡലുകള്‍. നീളന്‍ മുടിക്കാരന്‍ പയ്യനെ കുറിച്ച് ജൊവാന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒരുനാള്‍ അവന്‍ ഫുട്‌ബോള്‍ ലോകത്തെ രാജാവാകുമെന്ന്. അത് തന്നെ സംഭവിച്ചു. അവനെ ലോകം മിശിഹ എന്ന് വിളിച്ചു; ഫുട്‌ബോളിന്റെ മിശിഹ. അതേ സാക്ഷാല്‍ ലയണല്‍ മെസിയായിരുന്നു ആ 20 കാരന്‍ മോഡല്‍. എന്നാല്‍ മെസിയുടെ കൈയിലിരുന്ന ആറുമാസക്കാരന്‍ കുഞ്ഞിനെ കുറിച്ച് ജൊവാന് ഒന്നുമറിയില്ലായിരുന്നു; ഈ ലോകത്തിനും.

ലോകത്തെ കോരിത്തരിപ്പിക്കാന്‍ പോകുന്നൊരു താരത്തെയാണ് താന്‍ കൈയിലെടുത്തിരിക്കുന്നത് മെസി മനസിലാക്കിയിരുന്നോ! തന്റെ കാമറ കണ്ണിലൂടെ ഭാവിയുടെ പുല്‍മൈതാനങ്ങളെ കാണാന്‍ ജൊവാന് സാധിച്ചിരുന്നോ! ആരറിയുന്ന കാലത്തിന്റെ തീരുമാനങ്ങള്‍!

ഫുട്‌ബോള്‍ മൈതാനത്തെ തന്റെ കാലുകള്‍ കൊണ്ട് കീഴടക്കാന്‍ പിറവിയെടുത്ത സാക്ഷാല്‍ ലാമിന്‍ യമാല്‍ ആയിരുന്നു ആ കൈക്കുഞ്ഞ്. മിശിഹ താലോലിച്ച രാജകുമാരന്‍; 17 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം ആശ്ചര്യത്തോടെ നോക്കി കാണുന്ന ചിത്രങ്ങളായിരുന്നു ജൊവാന്‍ മോന്‍ഫോര്‍ട്ട് പകര്‍ത്തിയത്.

വെറും 16 വയസാണ് യമാലിന്റെ ഇപ്പോഴത്തെ പ്രായം. ജര്‍മനി ആതിഥ്യമരുളുന്ന യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണവന്‍. ഈ പ്രായത്തില്‍ തന്നെ ലോകം അവനെ താരതമ്യപ്പെടുത്തുന്നത് മെസി അടക്കമുള്ള മഹാരഥന്മാരോടാണ്.

2007 ല്‍ എടുത്ത ഫോട്ടോ യമാലിന്റെ പിതാവാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്നായിരുന്നു ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍.

Messi with lamine yamal

57 കാരനായ ജൊവാന്‍ മോന്‍ഫോര്‍ട്ടിന് അന്നത്തെ ഫോട്ടോഷൂട്ടിനെ കുറിച്ച് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. അസോഷ്യേറ്റ് പ്രസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി കാമറ കൈയിലെടുത്തിട്ടുള്ള ജൊവാന്‍, 2007 ലെ ഒരു ശരത്കാലത്താണ് ബാഴ്‌സലോണയുടെ കാമ്പ് നൂ-വിലെ സന്ദര്‍ശക മുറിയില്‍ മെസിയെയും യമാലിനെയും ഒരുമിച്ച് ഫ്രെയിമിലാക്കിയത്. പ്രാദേശിക മാധ്യമമായ ഡയറിയോ സ്‌പോര്‍ട്ടും യുനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കുന്ന കലണ്ടറിന് വേണ്ടി ബാഴ്‌സലോണ താരങ്ങള്‍ കുട്ടികളുമായുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ജൊവാന്റെ ലക്ഷ്യം. അന്ന് മെസി കൈയിലെടുത്തത് കുഞ്ഞു യമാലിനെയായിരുന്നുവെന്നത് കാലത്തിന്റെ തീരുമാനമായിരിക്കാം.

‘ യുനിസെഫിന്റെ സഹായത്തോടെയായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. മറ്റാരോയിലെ റോക്ക ഫോണ്ടയ്ക്ക് സമീപത്തായിരുന്നു ഫൂട്ടോഷൂട്ടിനുള്ള കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയത്. ഈ പ്രദേശത്തായിരുന്നു യമാലിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. ബാഴ്‌സ താരങ്ങള്‍ക്കൊപ്പം തങ്ങളുടെ കുഞ്ഞും ഫോട്ടോയില്‍ വരാനുള്ള അവസരം കിട്ടാന്‍ ഓരോ മാതാപിതാക്കളും പേര് കൊടുക്കുമായിരുന്നു. അതില്‍ നിന്നും നറുക്കിട്ട് ഭാഗ്യവാന്മാരെ തിരഞ്ഞെടുക്കും. അത്തരത്തില്‍ വന്ന ഭാഗ്യത്തിന്റെ പുറത്താണ് കുഞ്ഞ് യമാല്‍ മെസിയുടെ കൈകളിലെത്തിയത്.

അത്ര എളുപ്പമുള്ള ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നില്ലെന്നാണ് ജൊവാന്‍ പറയുന്നത്. കുഞ്ഞ് യമാലിനെ ഒരു പ്ലാസ്റ്റിക് ടബ്ബില്‍ വച്ച് ലാളിക്കുന്നതായിരുന്നു ആശയം. എന്നാല്‍ ഒരു കുഞ്ഞിനോട് എങ്ങനെ ഇടപഴകണമെന്നകാര്യത്തില്‍ മെസിക്ക് അത്ര നിശ്ചയമില്ലായിരുന്നു. മെസിയാണെങ്കില്‍ വളരെ അന്തര്‍മുഖനായൊരു ചെറുപ്പക്കാരനായിരുന്നു. അവന് വലിയ നാണമായിരുന്നു’ ജൊവാന്‍ ഓര്‍ക്കുന്നു. കുഞ്ഞിനെ എങ്ങനെ പിടിക്കണമെന്നൊന്നും മെസിക്ക് അറിയില്ലായിരുന്നു.

Messi with lamine yamal viral photo shoot
ഫോട്ടോ കടപ്പാട്; എ.പി/ ജൊവാന്‍ മോന്‍ഫോര്‍ട്ട്

ഫുട്‌ബോള്‍ ലോകത്തെ രണ്ട് മഹാപ്രതിഭകളെയാണ് താന്‍ പകര്‍ത്തിയതെന്ന് ജൊവാന്‍ മോന്‍ഫോര്‍ട്ടിന് ഈയടുത്ത ദിവസം വരെ അറിയില്ലായിരുന്നു. യമാല്‍ സോഷ്യല്‍ മീഡിയ ലോകത്തും വൈറലായതിനു പിന്നാലെ ഒരു സുഹൃത്ത് പറയുമ്പോഴാണ് അന്നത്തെ ആ കൈക്കുഞ്ഞ് യമാല്‍ ആണെന്ന് ജൊവാന്‍ അറിയുന്നത്. 1991 മുതല്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറാണ് ജൊവാന്‍. ബാഴ്‌സലോണയുടെയും ലോക ഫുട്‌ബോളിന്റെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ പതിഞ്ഞ കാമറയാണ് ജൊവാന്റെത്. എന്നാല്‍ ഇതുവരെയുള്ള തന്റെ കരിയറില്‍ ഇത്രയ്ക്ക് വൈകാരികമായൊരു അനുഭൂതി കിട്ടിയിട്ടില്ലെന്നാണ് ഈ ഫോട്ടോയെക്കുറിച്ച് ജൊവാന്‍ പറയുന്നത്.

20 വയസാണ് അന്ന് മെസിയുടെ പ്രായം. ആ പ്രായത്തില്‍ തന്നെ ലോകത്തെ തന്റെ കഴിവ് അവന്‍ ബോധ്യപ്പെടുത്തിയിരുന്നു. എങ്കിലും ബാഴ്‌സലോണയിലും അര്‍ജന്റീനയിലും അവനൊരു ഇതിഹാസ പിറവിയാണെന്ന് തെളിയിച്ച പ്രകടനങ്ങളൊക്കെയും വരുന്നതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ ഫോട്ടോ ഷൂട്ട് നടക്കുന്നത്.

മെസിയെ പോലെ തന്നെ ബാഴ്‌സയിലൂടെയാണ് ലാമിന്‍ യമാലും തന്റെ പ്രതിഭ തെളിയിച്ചു തുടങ്ങിയത്. ബാഴ്‌സയുടെ പ്രശസ്തമായ ലാ മസിയ യൂത്ത് അക്കാദമിയിലാണ് യമാല്‍ തന്റെ പാദങ്ങളില്‍ മാന്ത്രികതയുടെ ലാടം കെട്ടിപ്പടിച്ചത്. യൂറോ കളിക്കുന്ന സ്പാനിഷ് ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണ് യമാല്‍. അടുത്ത ശനിയാഴ്ച്ചയാണ് യാമലന് 17 വയസ് തികയുന്നത്. യൂറോ ഫൈനലിന്റെ തലേന്നാണ് യമാലിന്റെ പിറന്നാള്‍. അവനത് ആഘോഷമാക്കുമോ എന്ന് ലോകം കാത്തിരിക്കുകയാണ്.  viral photos two football legends in one frame lionel messi and lamine yamal 17 years before photo shoot

Content Summary; viral photos two football legends in one frame lionel messi and lamine yamal 17 years before photo shoot

Share on

മറ്റുവാര്‍ത്തകള്‍