June 18, 2025 |
Share on

കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നു?

തീരുമാനം പുനപരിശോധിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായും വിവരം

ടെസ്റ്റില്‍ നിന്നും വിരമിക്കുന്ന കാര്യം വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നതായി വിവരം. എന്നാല്‍ താരത്തോട് തീരുമാനം പുനപരിശോധിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് ഈയൊരു വാര്‍ത്ത വരുന്നത്. വിരമിക്കല്‍ തീരുമാനം കോഹ്‌ലി ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് വിവരം.

ടെസ്റ്റ് മതിയാക്കാന്‍ കോഹ് ലി ആഗ്രഹിച്ചുവെന്നും അക്കാര്യം ബോര്‍ഡിനെ അറിയിച്ചുമെന്നുമാണ് ബിസിസി ഐയുമായി ബന്ധപ്പെട്ടവര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് വിവരം നല്‍കിയത്. നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം തൊട്ടുമുമ്പില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കണമെന്നാണ് ബിസിസിഐ താരത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ തീരുമാനം തിരുത്തുന്നകാര്യം കോഹ്‌ലി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നതെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിച്ചു. അടുത്ത ദിവസം തന്നെ ടീമിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കോഹ് ലിയും ടെസ്റ്റ് മതിയാക്കുന്നതായി ബോര്‍ഡിനെ അറിയിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും അനുഭവസമ്പന്നരായ രണ്ട് താരങ്ങളും ഇല്ലാതെ ഇംഗ്ലണ്ടില്‍ പോകുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ പര്യടനമാണ് രോഹിതിന്റെയും കോഹ്‌ലിയുടെയും ടെസ്റ്റ് ഭാവിക്ക് മുന്നില്‍ ചോദ്യ ചിഹ്നമായത്. ആദ്യ ടെസ്റ്റില്‍ നേടിയ ഒരു സെഞ്ച്വറി മാത്രമായിരുന്നു കോഹ് ലിക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പറയാനുണ്ടായത്. ബാക്കിയെല്ലാ ഇന്നിംഗ്‌സുകളിലും പരാജയമായി. രോഹിത് ആകട്ടെ ആ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയെത്തിയതു മുതല്‍ ടെസ്റ്റിലെ ഭാവിയെക്കുറിച്ച് കോഹ്‌ലി ചിന്തിക്കുന്നുണ്ടായിരുന്നു.

36 കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് സമ്പാദ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാടിന്റെ ടെസ്റ്റ് ശരാശരി കൂപ്പുകുത്തിയതായി കാണാം. 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,990 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

രോഹിത് വിരമിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണം. രോഹിതിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കോഹ് ലി കൂടി പോവുകയാണെങ്കില്‍, വലിയ അനുഭവ പരിചയമില്ലാത്തൊരു ടീം ആകും ഇംഗ്ലണ്ടിലെത്തുക. കെ എല്‍ രാഹുല്‍, ജഡേജ, ബുംമ്ര, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഋഷഭ് പന്ത് എന്നിവരുടെ മത്സരപരിചയവും ഫോം വച്ച് വേണം ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടേണ്ടി വരിക.

കഴിഞ്ഞ 11 വര്‍ഷമായി ടെസ്റ്റ് ടീമിനെ നയിച്ചവരാണ് കോഹ്‌ലിയും രോഹിതും. ഇവരുടെ അനുഭവ സമ്പത്തും മാര്‍ഗനിര്‍ദേശങ്ങളും ടീമിന് ഉണ്ടാകില്ലെന്നത് വലിയ തിരിച്ചടിയാകും. 2014 ഡിസംബറിലാണ് ധോണിയുടെ പിന്‍ഗാമിയായി കോഹ്‌ലി ടെസ്റ്റ് ടീം നായകനാകുന്നത്. കോഹ്‌ലി ഒഴിഞ്ഞ നായക പദവി 2022 ഫെബ്രുവരിയില്‍ രോഹിത് ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു യുവതാരത്തിനെ നായകപദവി ഏല്‍പ്പിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ആയിരിക്കും ആ സ്ഥാനത്തേക്ക് വരിക. സീനിയോരിറ്റി വച്ച് ജസ്പ്രിത് ബുംറയാണ് ആദ്യ സ്ഥാനക്കാരന്‍ എങ്കിലും, പരിക്ക് പേടിച്ച് ബുംറയെ അമിത ജോലി ഏല്‍പ്പിക്കാന്‍ ബോര്‍ഡ് താത്പര്യപ്പെടുന്നില്ല. എല്ലാ മത്സരങ്ങളിലും ബുംറയെ കളിപ്പിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്കാണ് ഗില്ലിനെ നായകനാക്കാന്‍ സാധ്യത. ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലും ഗില്‍ തന്നെയാകും ഇന്ത്യയുടെ ക്യാപ്റ്റന്‍ എന്നും അനുമാനങ്ങള്‍ വരുന്നുണ്ട്.  Virat Kohli has told the Indian cricket board that he wishes to retire from Test cricket

Content Summary; Virat Kohli has told the Indian cricket board that he wishes to retire from Test cricket

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×