വിദേശയാത്രയും വിസയും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 11

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് വിസയെ കുറിച്ചുള്ളത്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ആ രാജ്യത്തെ വിസ അത്യാവശ്യമാണ്. ചില രാജ്യങ്ങളുടെ വിസ സംഘടിപ്പിക്കുക എന്നുള്ളത് നിസ്സാര കാര്യവുമല്ല. ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനുള്ള വിസ നേടുവാനായി ഇന്റര്‍വ്യൂ പോലും വേണ്ടതുണ്ട്. ചില രാജ്യത്ത് ചെന്നാല്‍ ഉടനെ വിസ സ്വന്തമാക്കാം. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ചില രാജ്യങ്ങളില്‍ പോകാന്‍ വിസ ആവശ്യമില്ല.

നമ്മള്‍ ഒരു സിനിമ തിയേറ്ററിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതുണ്ടല്ലോ. നമ്മള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോകുമ്പോള്‍ ടിക്കറ്റെടുക്കേണ്ടതുണ്ടല്ലോ. ഒരു മൃഗശാലയിലേക്കോ ഒരു മ്യൂസിയത്തിലേക്കോ പോകുമ്പോഴും നമ്മള്‍ ടിക്കറ്റ് എടുക്കാറുണ്ട്. അതുപോലെതന്നെയാണ് ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തിലേക്ക് കടക്കുമ്പോള്‍ ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് എടുക്കുന്ന ടിക്കറ്റിനെയാണ് വിസ എന്നു പറയുന്നത് എന്ന് ചുരുക്കം.

ഒരു വിസ ലഭിച്ചുകഴിഞ്ഞാല്‍ ആ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കാം എന്നുള്ളത് തെറ്റായ ധാരണയാണ്. ലഭ്യമായ വിസയുടെ നിയമപരമായ ഒട്ടേറെ വ്യവസ്ഥകള്‍ ഓരോ പൗരനും പിന്തുടരേണ്ടതുണ്ട്. ടൂറിസ്റ്റ് വിസയില്‍ വരുന്ന ഒരാള്‍ക്ക് മറ്റൊരു രാജ്യത്തെ പൊതുപരിപാടികളില്‍ ഒന്നും പങ്കെടുക്കുവാന്‍ സാധിക്കുകയില്ല. പൊതു പ്രസ്താവനകള്‍ പോലും നടത്തുവാന്‍ സാധ്യമല്ല. ഓരോ വിസകള്‍ നല്‍കുമ്പോഴും യാത്രികര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന ഇടങ്ങള്‍ പരിമിതമാണ്. വിസ ലഭിച്ചു എന്ന് കരുതി പൂര്‍ണ്ണ സ്വാതന്ത്ര്യം ഒരാള്‍ക്ക് ലഭിക്കുന്നില്ല. ഒരു രാജ്യ തലവനായാല്‍ പോലും മറ്റൊരു രാജ്യത്തെ സന്ദര്‍ശനവേളയില്‍ കാണേണ്ട വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി മുന്‍കൂട്ടി നല്‍കേണ്ടതുണ്ട്.

അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശനമായും പാലിക്കേണ്ട ഒന്നാണ് വിസ സ്വന്തമാക്കുക എന്നുള്ളത്. ഔദ്യോഗികമായി വിസ സ്വന്തമാക്കുക എന്നതുകൊണ്ട് ഒരു അന്താരാഷ്ട്ര യാത്രികന്‍ മറ്റൊരു രാജ്യത്ത് ഔദ്യോഗികമായ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അര്‍ഹതപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം. ഒരു വ്യക്തിക്ക് വിസ ലഭിക്കുമ്പോള്‍ അയാള്‍ക്ക് ആ രാജ്യത്ത് സര്‍ക്കാരിന്റെ നിയമപരമായ അനുമതി ലഭിച്ചിരിക്കുന്നു എന്ന് ചുരുക്കം. മറ്റൊരു രാജ്യത്തെ വ്യക്തിക്ക് അന്യ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ട്. ഒരു യാത്രികന്‍ എന്തിനു പോകുന്നു എത്ര സമയം എന്നുള്ളതെല്ലാം ആശ്രയിച്ചിരിക്കും ഓരോ വിസ ലഭിക്കുന്നതിനും.

ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ് വിസ എന്ന ഇടപാട്. ഒരു രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ഓരോ രാജ്യവും വിസകള്‍ ഏര്‍പ്പെടുത്തി നിര്‍ണായക പങ്ക് വഹിക്കുന്നു. ഓരോ രാജ്യത്തിലെ മനുഷ്യരുടെ സുരക്ഷയ്ക്കും വിസ അത്യാവശ്യമാണ്. മനുഷ്യക്കടത്ത്, തീവ്രവാദം, കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിന് വിസ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഒരു രാജ്യത്ത് മറ്റ് രാജ്യക്കാര്‍ എത്രപേരുണ്ട് എന്ന കണക്ക് വിസയുടെ കണക്ക് മൂലം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. എന്നാലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അനധിക്യതമായി കയറികൂടുന്നവര്‍ ഇല്ലാതില്ല. എത്ര സുരക്ഷിത രാജ്യമാണെന്ന് പറഞ്ഞാലും അനധിക്യതമായി രാജ്യാതിര്‍ത്തികള്‍ കടക്കുന്നവര്‍ രാജ്യത്തിന് ഭീഷണിയാണ്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് മാറുന്നതിന് പാസ്‌പോര്‍ട്ടുകളും വിസകളും യൂറോപ്പില്‍ ആവശ്യമായിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം മാത്രമാണ് സാധാരണയായി പാസ്‌പോര്‍ട്ടുകളും വിസകളും യാത്രാ രേഖകളും ആവശ്യമായി വന്നത്. പാസ്‌പോര്‍ട്ടുകളുടെ ചരിത്രം നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 445 ബിസിയില്‍ പേര്‍ഷ്യയില്‍ നിന്നാണ് പാസ്‌പോര്‍ട്ട് പോലെയുള്ള ഒരു രേഖയെക്കുറിച്ചുള്ള ആദ്യകാല സൂചനകള്‍ ഉള്ളത്. സുരക്ഷിത യാത്രയ്ക്കായി ഉദ്യോഗസ്ഥര്‍ക്ക് രാജാവ് കത്തുകള്‍ നല്‍കിയിരുന്നു. അതുപോലെ, ചൈനയിലെ ഹാന്‍ രാജവംശത്തിന്റെ കാലത്ത്, യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളില്‍ രേഖകള്‍ ആവശ്യമായിരുന്നു. രാജാവിന്റെ കത്തും തിരിച്ചറിയല്‍ രേഖകളും ആണ് ആദ്യകാല വിസകള്‍ എന്ന് പറയാം. ഇത്തരം കത്തുകളുടെ പരിഷ്‌കരിച്ച രൂപമാണ് നമ്മള്‍ ഇന്ന് കാണുന്ന വിസ.

ഓരോ രാജ്യവും തമ്മില്‍ പരസ്പരം ബഹുമാനിക്കുന്നതിനും വിസ ഒരു കാരണമാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനങ്ങള്‍ക്ക് വിസ ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ തിരിച്ചും അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന രീതി ലോകത്തെമ്പാടും ഇപ്പോള്‍ നിലവിലുണ്ട്. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് മറ്റു രാജ്യത്ത് പോകുന്നതിന് വിസ ആവശ്യമാണ് എന്നുള്ളതുകൊണ്ട്, വിസ നല്‍കുന്നതിനുള്ള അനുമതി തടയുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുക സ്വാഭാവികം. ഒരു യാത്രികന്റെ രാജ്യത്തെ പ്രവര്‍ത്തിയില്‍ ത്യപ്തി തോന്നാത്തപക്ഷം വിസ റദ്ദാക്കാന്‍ അതാത് രാജ്യത്തിന് അവകാശമുണ്ട്.

ചില അവസരങ്ങളില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക കരാര്‍ ഉണ്ടാക്കുകയും അതാത് രാജ്യത്തെ ജനങ്ങള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് ജനങ്ങള്‍ക്ക് വിസ ഇല്ലാതെ പോകാന്‍ സാധിക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങള്‍ അവരുടെ വിസാ നടപടികള്‍ ലഘൂകരിക്കുന്ന കാഴ്ചയും കാണുവാന്‍ സാധിക്കുന്നുണ്ട്. ഇതുവഴി ടൂറിസം രംഗത്തും ബിസിനസ് രംഗത്തും വളര്‍ച്ചയുടെ പ്രതീക്ഷ അവര്‍ക്കുണ്ട് എന്നുള്ളതാണ് മുഖ്യ കാരണം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നേപ്പാള്‍, ബൂട്ടാന്‍, മൗറേഷ്യസ്, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. പക്ഷേ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. വളരെ ലളിത നടപടിക്രമം വഴി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്ന രാജ്യങ്ങളാണ് ശ്രീലങ്ക, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍.

ചില രാജ്യങ്ങളില്‍ വിസ അപേക്ഷകര്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകുകയോ ചില വാക്‌സിനേഷനുകളുടെ തെളിവുകള്‍ നല്‍കുകയോ ചെയ്യേണ്ടതുണ്ട്. യാത്രികരുടെ ലക്ഷ്യസ്ഥാനത്തുള്ള രാജ്യം അംഗീകരിച്ച ക്ലിനിക്കുകളില്‍ മാത്രമേ ആരോഗ്യ പരിശോധന ചെയ്യുവാന്‍ സാധിക്കൂ. പകരുന്ന രോഗങ്ങള്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാണ്. കോവിഡ് കാലത്ത് നമ്മളത് കണ്ടതാണല്ലോ.

ജോലി ചെയ്യുക, പഠിക്കുക, വിനോദ യാത്ര ചെയ്യുക തുടങ്ങിയവയ്‌ക്കൊക്കെ വ്യത്യസ്ത വിസകളാണ് ഓരോ രാജ്യവും നല്‍കാറ്. ഇവരൊക്കെ യാത്രക്കാരാണ്. ജോലി തേടി പോകുന്നവരും, പഠിക്കാന്‍ പോകുന്നവരും, വിനോദയാത്ര ചെയ്യുന്നവരും അവര്‍ക്ക് അപരിചിതമായ പ്രദേശത്ത് എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും ചുറ്റുമുള്ള വിശേഷപ്പെട്ടത് ശ്രദ്ധിക്കും. പക്ഷെ ഓരോ ആവശ്യത്തിന് പോകുന്നവരുടെ വിസയ്ക്ക് വ്യത്യസ്തമായ നിരക്കുകള്‍ ആണ് ഓരോ രാജ്യവും എടുക്കുന്നത്. രാജ്യത്ത് വ്യാപകമായി വിസ തട്ടിപ്പ് ഉണ്ട് എന്നുള്ളതിനാല്‍ നിയമപരമായ രീതിയില്‍ മാത്രം വിസ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് യാത്രക്കാര്‍ക്ക് ഏറ്റവും സുരക്ഷിതം.

നാട് ചുറ്റുവാനോ, വിനോദ യാത്ര നടത്തുന്നതിനോ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കോ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്ന വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍/ടൂറിസ്റ്റ് വിസ. ഇത്തരം യാത്രികര്‍ക്ക് പരിമിതമായ സമയത്തേക്ക് ഒരു രാജ്യത്ത് താമസിക്കാനും ജോലി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അനുവദിക്കുന്നു. ടൂറിസ്റ്റ് വിസയില്‍ ഒരു രാജ്യത്ത് എത്തി ചെയ്യുന്ന ജോലിക്ക് പരിമിതികളുണ്ട്. നിയന്ത്രണങ്ങളുണ്ട്. ഒരു ട്രാവല്‍/ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് യാത്രികന്‍ താമസത്തിന് ഉറപ്പ് വരുത്തിയതിന്റെ തെളിവ്, സ്വന്തം നാട്ടിലേക്ക് മടങ്ങുവാനുള്ള ടിക്കറ്റ്, യാത്രയുടെ സമയത്ത് വിസ ലഭിക്കേണ്ട രാജ്യത്ത് തങ്ങുവാനുള്ള മതിയായ പണം ഉണ്ടെന്ന ഉറപ്പ് എന്നിവ ഉള്‍പ്പെട്ടേക്കാം.

തൊഴില്‍ വിസ എന്നൊന്ന് നിലവിലുണ്ട്. ഒരു രാജ്യത്ത് തൊഴില്‍ ചെയ്യുവാനുള്ള അവകാശം നല്‍കുന്നതിനെ ബന്ധപ്പെടുത്തിയാണ് തൊഴില്‍ വിസ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ ഒരു രാജ്യത്ത് താമസിച്ച് അവിടെ ജോലി ചെയ്യുക എന്നുള്ളതാണ് തൊഴില്‍ വിസ കൊണ്ട് നേടുന്ന നിയമപരമായ അംഗീകാരം. തൊഴില്‍ എടുക്കേണ്ട രാജ്യത്തെ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ നേടുന്നതിനുള്ള രേഖാമൂലം ഉള്ള കത്തും തൊഴില്‍ ഉറപ്പാക്കി എന്ന് സൂചിപ്പിക്കുന്ന കത്തും തൊഴില്‍ വിസ ലഭ്യമാക്കുവാന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സ്‌പോണ്‍സറുടെ കത്തും തൊഴില്‍ വിസയ്ക്ക് ചില രാജ്യങ്ങള്‍ നിര്‍ബന്ധം വയ്ക്കാറുണ്ട്. തൊഴില്‍ വിസ ലഭിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം തൊഴില്‍ ദാതാക്കള്‍ക്കാണ് എന്നുള്ളത് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. സ്‌പോണ്‍സര്‍മാരായ വ്യക്തികള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. വിസ ലഭിക്കുന്ന വ്യക്തിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും സ്‌പോണ്‍സറില്‍ നിക്ഷിപ്തമാണ് എന്ന് ചുരുക്കം.

ഒരു രാജ്യത്തിലേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നതിന് അനുമതി നല്‍കുന്ന നിയമപരമായ ഒരു ഉത്തരവാണ് ബിസിനസ് വിസ കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് മീറ്റിങ്ങുകള്‍ ബിസിനസ് കോണ്‍ഫറന്‍സുകള്‍ അതുമല്ലെങ്കില്‍ ബിസിനസ് സംബന്ധമായ കൂടിക്കാഴ്ചകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ബിസിനസ് വിസ കൊണ്ട് ഒരാള്‍ക്ക് വേറൊരു രാജ്യത്ത് നിയമപരമായി സാധ്യമാകും. ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നു എന്നുള്ള തെളിവ് അതിനായി ക്ഷണിക്കുന്ന സ്ഥാപനത്തിന്റെ കത്ത്, മീറ്റിങ്ങുകളുടെ വിവരം, യാത്രയുടെ വിവരം തുടങ്ങിയവ ഒരു യാത്രികന്‍ യാത്ര ചെയ്യുന്ന രാജ്യത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്.

സ്റ്റുഡന്റ്‌സ് വിസയാണ് ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയം. നമ്മുടെ കേരളത്തില്‍ നിന്ന് ഒട്ടേറെ വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസ സ്വന്തമാക്കി വിദേശ രാജ്യങ്ങളില്‍ പോകുന്നത്. സ്റ്റുഡന്റ് വിസ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിദേശ രാജ്യത്ത് അവരുടെ വിദ്യാഭ്യാസം നടത്താന്‍ നിയമപരമായ അംഗീകാരം നല്‍കുന്നു. വിദ്യാഭ്യാസ മുഴുനീള കോഴ്‌സുകള്‍ക്കും അക്കാദമിക് പ്രോഗ്രാമുകള്‍ക്കുമായി വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ അംഗീകാരമാണ് സ്റ്റുഡന്റ് റ്വിസ. സ്‌റുഡന്റ് വിസ ലഭിക്കുന്നതിന് വിദേശ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച അഡ്മിഷന്‍ ഉത്തരവ്, സാമ്പത്തിക പിന്തുണ തുടങ്ങിയവ സമര്‍പ്പിക്കേണ്ടതുണ്ട്.

അഭയാര്‍ത്ഥി വിസ എന്നൊന്ന് എല്ലാ രാജ്യങ്ങളിലും ഉണ്ട്. ദലേലാമ, തസ്ലീമ നസ്‌റീന്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ അഭയാര്‍ത്ഥികളാണ്. പക്ഷെ തസ്ലീമയ്ക്ക് ഇന്ത്യ നല്‍കിയിരിക്കുന്നത് ടൂറിസ്റ്റ് വിസയാണ്. അതുകൊണ്ട് അവര്‍ നിശ്ചിത കാലാവധി കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്ത് പോയി മടങ്ങി വരേണ്ടതുണ്ട്. സ്വന്തം രാജ്യത്ത് പീഡനം, സംഘര്‍ഷം അല്ലെങ്കില്‍ അക്രമം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്ന വ്യക്തികള്‍ക്കാണ് എല്ലാ രാജ്യങ്ങളിലും അഭയാര്‍ത്ഥി വിസ അനുവദിക്കുന്നത്. ഈ വിസകള്‍ അഭയം തേടുന്ന വ്യക്തികള്‍ക്ക് സംരക്ഷണവും നിയമപരമായ പദവിയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാധാരണയായി ഒരു ഔപചാരിക അപേക്ഷാ പ്രക്രിയയിലൂടെയാണ് അനുവദിക്കുന്നത്. സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള തെളിവുകള്‍ ആവശ്യമാണ്. ഒരു രാജ്യത്തിന്റെ ഭരണകൂടം തീരുമാനിച്ചാല്‍ മാത്രമേ അഭയാര്‍ത്ഥി വിസ ലഭിക്കുകയുള്ളൂ.

ചില രാജ്യങ്ങള്‍ വര്‍ക്കിംഗ് ഹോളിഡേ വിസ, സാംസ്‌കാരിക വിസ തുടങ്ങിയവ നല്‍കുന്ന പതിവുണ്ട്. ചെറിയ കാലയളവില്‍ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്തിനകത്ത് താമസിക്കുവാനും പ്രവര്‍ത്തിക്കുവാനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമുള്ള നിയമപരമായ അംഗീകാരമാണ് ഇത്തരം വിസകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അത്‌ലറ്റ് മീറ്റ്, കലാ പ്രകടനങ്ങള്‍, മത്സരങ്ങള്‍, കച്ചേരികള്‍, ഷോകള്‍, മറ്റ് ഇവന്റുകള്‍ എന്നിവയില്‍ പ്രകടനം നടത്തുന്ന അത്‌ലറ്റുകള്‍ക്കും കലാകാരന്മാര്‍ക്കും (അവരുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും) വര്‍ക്കിങ്ങ് ഹോളിഡേ വിസ നല്‍കാറുണ്ട്.

പങ്കാളി വിസ എന്നൊന്നും ഇപ്പോള്‍ നിലവിലുണ്ട്. ഒരു രാജ്യത്ത് ജോലിചെയ്യുന്ന ഒരു വ്യക്തിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ പങ്കാളിയെ ഒപ്പം താമസിപ്പിക്കുന്നതിന് അവകാശമുണ്ട്. രാജ്യങ്ങള്‍ മാറിയുള്ള വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്ന സമയമാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇത്തരം വിസകളുടെ ആവശ്യക്കാര്‍ ഏറെയുമാണ്. മറ്റൊരു രാജ്യത്ത് ജോലി ചെയ്യുന്നവര്‍ കൂടുതലായി പങ്കാളി വിസയ്ക്ക് അപേക്ഷിക്കാറുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ട്രാന്‍സിസ്റ്റ് വിസ എന്നത് വളരെ വ്യാപകമായി ഇപ്പോള്‍ ജനങ്ങള്‍ എടുക്കുന്ന ഒന്നാണ്. ദീര്‍ഘദൂര വിദേശ യാത്ര നടത്തുന്നവര്‍ക്ക് യാത്രയ്ക്കിടയില്‍ ഒരു രാജ്യത്ത് ചിലപ്പോള്‍ നിശ്ചിത സമയം തങ്ങേണ്ടതായിട്ട് വരുന്നു. യാത്രയുടെ മടുപ്പ് മാറ്റുന്നതിനും യാത്രയ്ക്കിടയിലെ ശ്രദ്ധേയ പ്രദേശം കാണുന്നതിനുള്ള അവസരമാണ് ട്രാന്‍സിസ്റ്റ് വിസ വഴി ലഭ്യമാകുന്നത്. യാത്രയ്ക്കിടയിലുള്ള ഈ തങ്ങലിനെ ഔദ്യോഗികമായ രേഖ നല്‍കി അവര്‍ക്ക് ചെറിയ സമയം തങ്ങുന്ന രാജ്യത്ത് പുറത്തിറങ്ങുവാനുള്ള അവകാശരേഖയായി ട്രാന്‍സിസ്റ്റ് വിസയെ പരിഗണിക്കാം.

കുറെ രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ എന്ന സംവിധാനം ഉണ്ട്. യാത്രക്കാര്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രവേശിച്ചാല്‍ അവിടെ നിന്നു തന്നെ വിസ സ്വന്തമാക്കുവാന്‍ സാധിക്കും. ഈ വിസയെ ബോര്‍ഡര്‍ ഗേറ്റ് വിസ എന്ന് വിളിക്കുന്നു. വിദേശ രാജ്യങ്ങളുടെ അതിര്‍ത്തികളിലും, വിമാനത്താവളങ്ങളിലും, തുറമുഖത്തിലും വിസ ഓണ്‍ അറൈവല്‍ മുഖേന വളരെ എളുപ്പത്തില്‍ ലഭ്യമാകും. രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ അനുസരിച്ച്, വിദേശത്ത് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ഏറെ പ്രയോജനകരമാണ് വിസ ഓണ്‍ അറൈവല്‍ സേവനം. 60ലേറെ രാജ്യങ്ങളില്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഇത്തരം സംവിധാനമുള്ള രാജ്യങ്ങളില്‍ യാത്ര ചെയ്യുവാന്‍ ഭൂരിപക്ഷം ആളുകളും താത്പര്യപ്പെടുന്നു.

അന്യരാജ്യത്തെ പൗരന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സ്ഥിരതാമസമുണ്ടെന്ന് കാണിക്കുന്ന ഒരു തിരിച്ചറിയല്‍ രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഔദ്യോഗികമായി അവര്‍ ഈ രാജ്യത്ത് സ്ഥിരതാമസം ഉണ്ട് എന്നാണ് ഗ്രീന്‍ കാര്‍ഡ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗ്രീന്‍ കാര്‍ഡ് ഉടമകളെ ഔപചാരികമായി നിയമാനുസൃതമായ സ്ഥിരതാമസക്കാര്‍ എന്ന് വിളിക്കുന്നു. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് യു.എസ് പൗരത്വത്തിന് അപേക്ഷിക്കാന്‍ നിയമപരമായി അര്‍ഹതയുണ്ട്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുഎസ് വിസ, ഗ്രീന്‍ കാര്‍ഡ്, യുകെ റസിഡന്റ് പെര്‍മിറ്റ്, അല്ലെങ്കില്‍ ഇയു റസിഡന്റ് പെര്‍മിറ്റുകള്‍ എന്നിവ കൈവശമുണ്ടെങ്കില്‍ യുഎഇയില്‍ എത്തുമ്പോള്‍ 100 ദിര്‍ഹം ഈടാക്കി 14 ദിവസത്തെ സാധുതയുള്ള എന്‍ട്രി വിസ ലഭിക്കും.

ഡിപ്‌ളോമാറ്റിക്ക് വിസ എന്നൊന്ന് ലോക രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഓരോ രാജ്യത്തെ തലവന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതാണ് ഇത്തരം വിസകള്‍. അവര്‍ ആ സ്ഥാനങ്ങളില്‍ ഇരിക്കുന്ന അവസരത്തില്‍ മാത്രമായിരിക്കും വിസയുടെ കാലാവധി എന്നതാണ് ഒരു പ്രത്യേകത. ഡിപ്‌ളോമാറ്റിക്ക് വിസ ഉള്ളവര്‍ക്ക് ഓരോ രാജ്യത്തും നിയമപരിരക്ഷയും ലഭിക്കുന്നുണ്ട്.

ഗോള്‍ഡന്‍ വിസ എന്നൊന്ന് സമീപകാലത്ത് വ്യാപകമായി കേള്‍ക്കുന്നതാണല്ലോ. അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകത്തെ 100-ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ ഗോള്‍ഡന്‍ വിസ നിയമനിര്‍മ്മാണം മൂലം നിലവിലുണ്ട്. ഭൂരിപക്ഷം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും പ്രവര്‍ത്തനക്ഷമവും സജീവവുമായ പ്രോഗ്രാമുകളുണ്ട്, യുകെയും യുഎസും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാമുകളില്‍ ഒന്നാണ്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഗ്രീസ്, മാള്‍ട്ട, ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, യുകെ എന്നിവയാണ് മറ്റ് ജനപ്രിയ ഗോള്‍ഡന്‍ വിസ രാജ്യങ്ങള്‍.

അതിര്‍ത്തികള്‍ പുഴ വഴിയോ കടല്‍ വഴിയോ അനധികൃതമായി കടന്ന് മറ്റൊരു രാജ്യത്ത് എത്തുന്ന ഒരു പ്രവണത കാലങ്ങളായി ഉണ്ട്. വിസയില്ലാതെ മറ്റൊരു രാജ്യത്ത് എത്തുന്നത് നിയമപരമായ കുറ്റകരമാണ്. എന്നാലും ഒട്ടേറെ ആളുകളാണ് രാജ്യാതിര്‍ത്തികള്‍ അനധികൃതമായി കടക്കുകയും മറ്റൊരു രാജ്യത്ത് ജീവിതം കരുപിടിപ്പിക്കാന്‍ ഒളിവില്‍ താമസിക്കുന്നതും. കലാപ്രകടനങ്ങള്‍ക്കായും, വിദ്യാഭ്യാസത്തിനായും, ടൂറിസ്റ്റ് ആവശ്യത്തിനും താല്‍ക്കാലിക വിസയെടുത്ത് വരുന്നവര്‍ മടങ്ങിപ്പോകാതെ പല രാജ്യങ്ങളിലും ഒളിവില്‍ അനധികൃതമായി താമസിക്കുന്നതും വ്യാപകമാണ്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും വിസാ നടപടിക്രമങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാറുണ്ട്. വിസയുടെ കാലാവധി കഴിഞ്ഞാലും ഒരു രാജ്യത്ത് തങ്ങുന്നത് നിയമപരമായി തെറ്റാണെങ്കിലും അങ്ങനെയും കുറേപ്പേര്‍ കഴിയുന്നത് വ്യാപകമാണ്. പിടിക്കപ്പെടുന്ന ആയിരങ്ങളാണ് ഓരോ രാജ്യങ്ങളിലെ ജയിലുകളിലും അനധികൃതമായി രാജ്യത്ത് താമസിച്ചതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നത്.

വിദേശയാത്ര ആഗ്രഹിക്കുന്ന ഏതുതരം വ്യക്തിയായാലും വിസയെക്കുറിച്ച് ആധികാരികമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യാത്രകള്‍ ഏതുതരത്തിലുള്ളതായിക്കോട്ടെ വിദേശത്തേക്കുള്ള യാത്രക്കാര്‍ തീര്‍ച്ചയായും ഔദ്യോഗിക ഇടപാട് വഴി മാത്രമായിരിക്കണം വിസ എടുക്കേണ്ടത്. ചതിയില്‍ പെടുവാനുള്ള ഒട്ടേറെ സാധ്യതകള്‍ യാത്രക്കാര്‍ക്ക് വര്‍ത്തമാനകാലത്ത് സംഭവിക്കാറുണ്ട് എന്നുള്ള അനുഭവസാക്ഷ്യത്തില്‍ നിന്ന് പറയുന്നതാണിത്. വിലകുറച്ചും എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഒന്നായി ഒരുപക്ഷേ വിസ തരപ്പെടുത്തുവാന്‍ നിങ്ങളെ തേടി പലരും എത്തുമായിരിക്കും. ഒരു യാത്രികന്റെ ഏറ്റവും സുരക്ഷിതമായ യാത്രയ്ക്ക് ഔദ്യോഗികതലത്തില്‍ തന്നെ വിസ സംഘടിപ്പിക്കേണ്ടതുണ്ട്. അതിന് കുറുക്ക് വഴി തേടുന്നത് സുരക്ഷിതമല്ല. വിദേശരാജ്യങ്ങളിലെ നിയമങ്ങള്‍ ലഭ്യമായ വിസയുടെ നിയന്ത്രണങ്ങളും നിയമങ്ങളും മനസ്സിലാക്കിയുള്ള യാത്ര സുഖകരമായിരിക്കും. അങ്ങനെയുള്ള ഒരു ശുഭയാത്രയ്ക്ക് ഒരുങ്ങുവാന്‍ എല്ലാവരും പ്രാപ്തരാകട്ടെ.

content summary; Visa is the most important thing that we need to know while traveling abroad

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

ബാബു പണിക്കര്‍: പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍
Related Post
Leave a Comment