June 04, 2026 |

വിഴിഞ്ഞം തുറമുഖം: കഠിനാധ്വാനത്തിന്റെയും നിരന്തര പ്രയത്നത്തിന്റെയും ഫലം; അഹമ്മദ് ദേവര്‍കോവില്‍ സംസാരിക്കുന്നു

സമരത്തെ സജീവമാക്കാനും
പ്രകോപനം ഉണ്ടാകട്ടെയെന്നും ചിലര്‍ ആഗ്രഹിക്കുകയുണ്ടായി

വിജയം എന്നത് യാദൃശ്ചികമല്ല…
അത് കഠിനാധ്വാനവും, നിരന്തര പ്രയത്നവും, അറിവും, ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവര്‍ത്തിയോടുള്ള സ്നേഹവുമാണ്…
-പെലെ-

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിളെല്ലാം നിശ്ചയദാര്‍ഢ്യവും നിരന്തര പ്രയത്‌നവും കൊണ്ട് പ്രവര്‍ത്തന വഴികളില്‍ സജീവമായ വ്യക്തിയായിരുന്നു മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മാണ വേളയില്‍ അഭിമുഖീകരിച്ച പ്രതിസന്ധികളുടെ കാഠിന്യം തന്നെയാകും തുറമുഖം യാഥാര്‍ത്ഥ്യമായ വേളയില്‍ പെലെയുടെ വാക്കുകള്‍ തന്നെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും കാരണം.

മുന്നില്‍ വന്ന പ്രതിസന്ധികളെയൊക്കെ ആത്മധൈര്യം കൊണ്ട് തരണം ചെയ്ത അഹമ്മദ് ദേവര്‍കോവിലിന്റെ ഇച്ഛാശക്തിയും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതിനൊപ്പം എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടരവര്‍ഷ ടേമില്‍ തുറമുഖ മന്ത്രിയായിരുന്ന കാലയളവിലായിരുന്നു പോര്‍ട്ടിനെതിരെ മുമ്പൊന്നുമില്ലാത്തവിധം പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. അതിനെയെല്ലാം വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചതാണ് പദ്ധതി വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കാരണമായതെന്ന് അഹമ്മദ് ദേവര്‍കോവില്‍ തന്നെ വ്യക്തമാക്കുന്നു.

‘തികച്ചും സന്തോഷകരമായ മുഹൂര്‍ത്തമാണ് കടന്നുപോയത്. ഒരുപാട് കാലം ആറ്റുനോറ്റ് കാത്തിരുന്ന സ്വപ്‌നമാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കപ്പെട്ട കാലഘട്ടമായിരുന്നു കടന്നുപോയതെന്ന്’ അഹമ്മദ് ദേവര്‍കോവില്‍ അഴിമുഖത്തോട് പറഞ്ഞു

ahammad devarkovil

‘ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ മുന്നില്‍ വന്നപ്പോഴും അതൊക്കെ പരിഹരിച്ച് മുന്നോട്ടുപോകുവാന്‍ കഴിഞ്ഞത് കൊണ്ടാണ് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അതോടൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിച്ച പിന്തുണയും വലിയ ഘടകമായിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും അക്കാലത്ത് നല്ല സഹകരണമാണ് ലഭിച്ചത്.

ഓഖിയും, പ്രളയവും വെള്ളപ്പൊക്കമൊക്കെ വന്നപ്പോഴും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നു. ഇതിനൊക്കെ ഇടയിലായിരുന്നു റോക്ക് മെറ്റീരിയലിനായി കല്ലിന്റെ കുറവ് നേരിട്ടത്. തുടര്‍ന്ന് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോയി അവിടുത്തെ മന്ത്രിമാരുമായി സംസാരിച്ച് കല്ല് എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇതിന് പിന്നാലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സമരങ്ങള്‍ വന്നു. കല്ലുമായി വരുന്ന വഴികളിലൊക്കെ പ്രശ്‌നങ്ങളുണ്ടായി. അതൊക്കെ പരിഹരിച്ചാണ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോയത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സമരം ശക്തമായത്. സമരത്തിന് പ്രതിപക്ഷ പിന്തുണ കൂടി ഉണ്ടായിരുന്നത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. സമരത്തെ സജീവമാക്കി നിര്‍ത്താനും എന്തെങ്കിലുമൊക്കെ പ്രകോപനം ഉണ്ടാകട്ടെയെന്നും ചിലര്‍ ആഗ്രഹിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ഒരുതരത്തിലുള്ള പ്രകോപനത്തിനും നിന്നുകൊടുക്കണ്ടയെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. സമരത്തെ സംയമനപാതയിലൂടെ മുന്നോട്ട് കൊണ്ടുപോയതുകൊണ്ടാണ് ഇന്നത്തെ നിലയില്‍ നല്ലൊരു പര്യവസാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്നും’ അഹമ്മദ് ദേവര്‍കോവില്‍ ചൂണ്ടിക്കാട്ടി.

‘പ്രതിഷേധക്കാരോട് ഏറ്റുമുട്ടാന്‍ പോകാതെ അവരുടെ പ്രശ്‌നങ്ങള്‍ ചോദിക്കുകയും മനസ്സിലാക്കുകയും അത് പരിഹരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്ന് പഠിക്കുകയും അതിനനുസൃതമായി സമരസമിതി മുന്നോട്ടുവച്ച ഏതാണ്ട് എട്ടോളം ആവശ്യങ്ങളില്‍ ഏഴ് ആവശ്യവും പരിഹരിക്കാമെന്ന് ഉറപ്പും നല്‍കി. എട്ടാമത്തെ ആവശ്യം പോര്‍ട്ടിന്റെ നിര്‍മാണം നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നതായിരുന്നു. പോര്‍ട്ടിന്റെ നിര്‍മാണം നിര്‍ത്തിവച്ചുള്ള ചര്‍ച്ച എന്നതൊഴിച്ച് എന്ത് ഡിമാന്റിലും ചര്‍ച്ചയാകാമെന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. ആ രീതിയില്‍ ചര്‍ച്ചകള്‍ നിരന്തരമായി നടത്തി മറ്റ് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കൊണ്ടാണ് മുന്നോട്ടുപോയത്. പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണകളും ഉണ്ടാക്കി. അതിന്റെ ഫലമായി പോര്‍ട്ട് യാഥാര്‍ത്ഥ്യമായപ്പോള്‍ നല്ലൊരു ശതമാനം ആളുകള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു.

കൂടാതെ ഇന്റര്‍നാഷണലി തന്നെ പുതിയ മോഡലിലുള്ള പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ഫുള്ളി ഓട്ടോമാറ്റിക് സംവിധാനമാണ്. ഈ ഓട്ടോമാറ്റിക് സംവിധാനം ഓപ്പറേറ്റ് ചെയ്യിക്കുന്നത് പ്രദേശവാസികളായ ഏതാനും സ്ത്രീകളാണ്. നിലവില്‍ എട്ട് പേര്‍ ഉള്ളതില്‍ ആറ് പേരും പ്രദേശവാസികളായ സ്ത്രീകളാണ്. കൂടാതെ തീരമേഖലയിലെ വിദ്യാസമ്പന്നരായ ആളുകളെ തിരഞ്ഞെടുത്ത് അസാപ് മുഖേന പ്രത്യേക തൊഴില്‍ പരിശീലനവും നടക്കുന്നുണ്ട്. അതില്‍ സെലക്ട് ചെയ്യുന്നവരെ പോര്‍ട്ടില്‍ നിയമിക്കുന്നുണ്ട്. ഇത്തരത്തില്‍ അഭ്യസ്തവിദ്യരായവരും അല്ലാത്തവരും നിയമിക്കപ്പെട്ടിട്ടുണ്ട്. എല്ലാ രീതിയിലും നന്നായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പോര്‍ട്ടിന്റെ ഉദ്ഘാടനത്തിലൂടെ തിരുവനന്തപുരത്തിനും പരിസരപ്രദേശത്തിനും വലിയ സാധ്യതകളാണ് യാഥാര്‍ത്ഥ്യമാകുന്നത്.

മത്സ്യത്തൊഴിലാളികളില്‍ നിന്നും പലപ്പോഴും വൈകാരികമായ സമീപനങ്ങളാണ് ഉണ്ടായത്. പക്ഷേ അപ്പോഴൊക്കെ നമ്മള്‍ വളരെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്തത് കൊണ്ടാണ് എല്ലാം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിനെതിരെയും
സര്‍ക്കാരിനുമെതിരെ ക്രൈസ്തവ സഭ വളരെ മോശമായി പ്രതികരിച്ചപ്പോഴും സംയമനം പാലിച്ച് അവരെ ഒപ്പം ചേര്‍ക്കാനുള്ള നടപടികളാണ് സര്‍ക്കാര കൈക്കൊണ്ടതെന്നും’ അഹമ്മദ് ദേവര്‍കോവില്‍ അഴിമുഖത്തോട് വ്യക്തമാക്കി.

കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പദ്ഘടനയില്‍ വലിയ വിപ്ലവം ഉണ്ടാക്കുന്ന ഒരു പ്രൊജക്ട് തന്നെയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ജനങ്ങളെ സംബന്ധിച്ചും അഭിമാനകരമായ പദ്ധതിയാണിത്.

Content Summary: vizhinjam port: proud moment for former port minister ahammad devarkovil

Leave a Reply

Your email address will not be published. Required fields are marked *

×