UPDATES

ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല; ഇവിടെയിപ്പോള്‍ മനുഷ്യര്‍ മാത്രമാണുള്ളത്

ദൈവം എത്താത്തിടത്ത് മനുഷ്യരെത്തുമ്പോൾ

                       

ഓരോ ദുരന്തം ഉണ്ടാകുമ്പോഴും അതിനു ശേഷവും ഉറ്റവരും ഉടയവരും നഷ്ടമായവർക്ക് വേണ്ടി രാവും പകലും മറന്ന് പ്രവർത്തിക്കുന്നത് മനുഷ്യർ തന്നെയാണ്. തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും എല്ലാം മറന്ന് കൈകോർത്ത് പിടിക്കുന്ന മായാജാലം. കേരളത്തിന്റെ ഉള്ളം നെരിപ്പോട് ആക്കിയ ദുരന്ത മുഖമായ വയനാടിലും അവസ്ഥ മറ്റൊന്നല്ല. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുകയാണ് ഓരോരുത്തരും. കേരളം കയ്യും മനസും ഒരു പോലെ ചേർത്ത് പിടിക്കുന്ന സ്ഥിതി വിശേഷമാണ് കാണാൻ സാധിക്കുന്നത്. ദുരന്തത്തിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുമ്പോൾ കണ്മുന്നിൽ സർവ്വതും നിമിഷ നേരം കൊണ്ട് ഒലിച്ച് പോകുന്നത് നോക്കി നിൽക്കാനേ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരോരുത്തർക്കും സാധിച്ചുള്ളൂ.  ആയുസിന്റെ സമ്പാദ്യത്തോടപ്പം സർവ്വതും നഷ്ടപ്പെട്ട് നിൽക്കുന്ന അവർ ഓരോരുത്തരുടെയും മനസ്സിൽ ‘ഇനി എന്ത് എന്ന ‘ ഒറ്റ ചോദ്യമേ ശേഷിക്കുന്നുള്ളു. പലരുടെയും മുഖത്ത് പോലും നോക്കാൻ സാധിക്കാത്ത വിധത്തിൽ നിസ്സഹായതയും മരവിപ്പുമാണെന്ന് പറയുകയാണ് സന്നദ്ധ പ്രവർത്തകനായ സനീഷ്. unity in wayanad lanslide tragedy

ദുരന്തം ഉണ്ടായ രാത്രി എന്റെ ഫോണിലേക്ക് വന്ന മെസ്സേജിലൂടെയാണ് ഞാൻ ദുരന്ത വാർത്ത അറിയുന്നത്. രാത്രി ആയത് കൊണ്ട് തന്നെ അപകട സാധ്യത കൂടുതൽ ആകും എന്ന് അപ്പോഴേ കരുതിയിരുന്നു, അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. സത്യത്തിൽ ആ നിമിഷം ഉള്ളം പിടച്ചു പോയി. പിന്നീട് കേൾക്കുന്നത് നിലമ്പൂർ വരെ മൃതദേഹങ്ങൾ എത്തി എന്ന വാർത്തയാണ്, അപ്പോഴാണ് സത്യത്തിൽ ദുരന്തത്തിന്റെ വ്യാപ്തി മനസിലാകുന്നത്. പിന്നീട് അങ്ങോട്ട് നിലയ്ക്കാത്ത പ്രവർത്തനങ്ങൾ ആയിരുന്നു.

അന്നന്ന് പണിക്ക് പോയി കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മനുഷ്യരാണ് അവിടെയുളള ഓരോരുത്തരും, അവരുടെ തുടർന്നുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു എന്നാണ് സനീഷ് പറയുന്നത്.

ജാതി മത രാഷ്ട്രീയ വേർതിരിവുകളിലാത്ത പ്രവർത്തനം

2018 ലെ പ്രളയ കാലം മുതൽ ഞാൻ സന്നദ്ധ സേവന രംഗത്ത്  പ്രവർത്തിക്കുന്ന വ്യക്തിയാണ്, അന്ന് തൊട്ട് ഇന്ന് വരെ കണ്ടതിൽ വച്ച് എല്ലാ സന്നാഹങ്ങളും ഒന്നിച്ച് പ്രവർത്തിച്ച രക്ഷാപ്രവർത്തനമാണ് വയനാട് നടന്നുകൊണ്ടിരിക്കുന്നത്. അത് ചെറിയ തട്ടുമുതൽ മുതൽ സർക്കാർ തലം വരെ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു എന്നതാണ് സത്യം. പ്രത്യേകം എടുത്ത് പറയേണ്ട കാര്യം ദുരിതാശ്വാസ ക്യാമ്പുകളിലെ വൃത്തിയാണ്. എല്ലാം നഷ്ടപ്പെട്ട് വരുന്നവർ ആണ് അവിടെയുളളവർ, അങ്ങനെ മനസ് മടുത്ത് നിൽക്കുന്ന സമയത്ത് വൃത്തിഹീനമായ സാഹചര്യം കൂടിയാണ് നില നിൽക്കുന്നതെങ്കിൽ അവസ്ഥ വളരെ മോശമാകും. അവർക്ക് വേണ്ടുന്നത് എന്താണോ അത് കൃത്യസമയത്ത് എത്തിക്കാൻ വേണ്ടി ഓരോരുത്തരും സ്വയം മറന്ന് പ്രവർത്തിക്കുകയാണ്. ഇത്രയും ദിവസമായി ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഓരോരുത്തരും ഓരോ വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്നവരാണ്, അതാരും പ്രവർത്തനങ്ങളിൽ കലർത്തിയിട്ടില്ല.

നിസ്സഹായതയുടെ ജീവിക്കുന്ന മുഖങ്ങൾ

ഒരു ദുരന്തത്തിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെങ്കിലും പലർക്കും എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കുടുംബത്തിലുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. കൂടെയുള്ള പലരെയും നഷ്ടപെട്ടുവെന്നതൊന്നും അവർക്ക് മനസിലായിട്ടില്ല.

എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത് ഞാൻ ക്യാമ്പിൽ കണ്ട് മുട്ടിയ 17 വയസുള്ള കുട്ടിയാണ്, അവൻ ഒഴിച്ച് ആ കുടുംബത്തിലെ ആർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. പക്ഷെ അവൻ വിചാരിച്ചിരുന്നത് അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും മറ്റേതോ ക്യാമ്പിൽ ആക്കിയിരിക്കുകയാണ് എന്നാണ്. അവനെ പോലെ തന്നെയാണ് പലരും ആദ്യ ദിനം തൊട്ട് ഒന്നും മിണ്ടാൻ സാധിക്കാത്ത മനുഷ്യരുണ്ട് ഇവിടെ. പലർക്കും ഒന്ന് കരയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ക്യാമ്പിലിപ്പോൾ എല്ലാവരുമുണ്ട് ഇവിടെ നിന്ന് മടങ്ങുന്ന ദിവസം ഇവരൊക്കെ ഏത് അവസ്ഥയിലായിരിക്കും എന്നത് ഒരു ചോദ്യമാണ്. എല്ലാവരും യാഥാർഥ്യത്തോട് പൊരുത്തപ്പെട്ട് വരുന്നേയുള്ളൂ.

മനസ് കല്ലാക്കി പ്രവർത്തിക്കുന്നവർ

മൃതദേഹങ്ങൾ എടുക്കാൻ പോകുന്നവരുടെ അവസ്ഥയാണ്‌ അതിലും കഷ്ട്ടം. ഇത്രയും ദിവസം ആയത് കൊണ്ട് തന്നെ മൃതദേഹങ്ങൾ പലതും അഴുകിയ അവസ്ഥയിലാണ്. ഒരു വിരൽ മാത്രമായിരിക്കും പുറത്ത് കാണുക ബാക്കി മണ്ണിൽ പൊതിഞ്ഞ് കിടക്കുകയായിരിക്കും, അത് നീക്കി നോക്കുമ്പോൾ ആണ് മനസിലാക്കുക പാതി ഉടൽ മാത്രമേ ഉണ്ടാകു എന്ന്. ആരാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ദൗത്യത്തിനിടെ അറ്റു പോയ ശരീര ഭാഗങ്ങൾ കാണുമ്പോൾ എല്ലാവരിലും ഒരു പകപ്പായിരുന്നു പക്ഷെ, ഇന്ന് അവർ സ്വയം തങ്ങളെ പറഞ്ഞ് പഠിപ്പിച്ചാണ് ദിവസവും ഇറങ്ങുന്നത്.

ദുരന്തത്തിന്റെ മറു പുറം

മഴയാണ് അടിസ്ഥാന കാരണം എന്ന് പറയുന്നുണ്ടെങ്കിലും, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ദുരന്തം വിളിച്ചോതുന്നുണ്ട്. മുണ്ടക്കൈ നിലമ്പൂർ മേപ്പാടി ഭാഗത്ത് എല്ലാം ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ വൈത്തിരി പഞ്ചായത്തിൽ രണ്ട് ക്വാറികൾ ഉണ്ട്. വയനാട്ടിൽ എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗം പേരും പോകുന്നത് മേപ്പാടി, മുണ്ടക്കൈ, ഭാഗത്താണ്. മറ്റൊന്ന്,  കൂണുകൾ പോലെ മുളച്ചുയരുന്ന റിസോർട്ടുകൾ ആണ്. ഇവിടുത്തെ ഭൂപ്രകൃതിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധമാണ് ആളുകൾ ഒഴുകിയെത്തുന്നത്. അത്രയും ലോലമായ മണ്ണാണ് ഇവിടെ, അത് ഇടിച്ച് നിരത്തി റോഡുകളും മറ്റും പണിഞ്ഞതും ഒരു കാരണമാണ്. വലിയ കാടുകൾ വെട്ടി നിരത്തിയാണ് ഏലക്കാടുകൾ വച്ച് പിടിപ്പിച്ചത്, കൂടാതെ വലിയ മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്.

സന്നദ്ധ പ്രവർത്തനത്തിൽ നേരിട്ട ചെറിയ വിഷമം എന്തെന്നാൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഒരുപാട് വരുന്നുണ്ട് എന്നതാണ്. ചിലരെങ്കിലും വൃത്തിയായി അലക്കി തേച്ചാണ് എത്തിക്കുന്നത് എങ്കിലും, പലതും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ഉള്ളതും അയക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവർ ആയതുകൊണ്ട് എന്ത് കൊടുത്താലും വാങ്ങും എന്ന് കരുതുന്നത് ശരിയല്ല. കൊടുത്തില്ലെങ്കിൽ കൊടുത്തില്ല എന്നേയുള്ളു ആർക്കും ഉപയോഗിക്കാൻ പറ്റാത്തത് നൽകരുത്.

contet sumamry ; volunteer speaks about his experience in wayanad lanslide

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍