വോട്ട് മോഷണം; ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷനിലുള്ള വിശ്വാസം കുറയുന്നു, സർവേ റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്

ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം കുറഞ്ഞതായി തെളിയിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വിവാ​ദം കത്തിപ്പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

2019 മുതൽ 2025 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായിരുന്ന വോട്ടർമാരുടെ ഉയർന്ന വിശ്വാസത്തിൽ ഗണ്യമായ ഇടിവ് ഉണ്ടായതായി സെൻ്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ലോക്നീതി നടത്തിയ ഒരു പോസ്റ്റ്-പോൾ സർവേയിൽ വ്യക്തമാകുന്നു.

മധ്യപ്രദേശിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുൻപ് ഉയർന്ന വിശ്വാസ്യത 57 ശതമാനമാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് 17 ശതമാനമായി  കുറഞ്ഞിരിക്കുകയാണ്.

ഡൽഹിയിൽ 60 ശതമാനം ആയിരുന്ന സർവേ 21 ശതമാനമായാണ് കുറഞ്ഞത്. ഉത്തർപ്രദേശിൽ 56 ശതമാനത്തിൽ നിന്ന് 21ശതമാനമായും കുറഞ്ഞു. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസമില്ലായ്മയുടെ കണക്കെടുക്കുമ്പോൾ സംസ്ഥാനങ്ങളിൽ അതിന്റെ ശതമാനം വർദ്ധിച്ചതായാണ് കാണാൻ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലാത്തവരുടെ എണ്ണം മധ്യപ്രദേശിൽ ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. അതായത് 6 ശതമാനം മുതൽ 22 ശതമാനം വരെയായതാണ് റിപ്പോർട്ടിൽ പറയുന്നത്. ഡൽഹിയിൽ അത് മൂന്നിരട്ടിയായും വർദ്ധിച്ചിട്ടുണ്ട്. ഈ സർവേ റിപ്പോർട്ട് വലിയ രാഷ്ട്രീയ ബഹളങ്ങൾക്ക് വഴിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

ബീഹാറിലെ സസാറാമിൽ ഇന്ത്യാ സഖ്യം 16 ദിവസത്തെ വോട്ടർ അധികാർ യാത്ര ആരംഭിച്ചു. വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) വഴി വോട്ട് മോഷണമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതായി ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു. വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അറിയിച്ചു.

ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആറുമായി ബന്ധപ്പെട്ടാണ് തർക്കം രൂക്ഷമായിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന്, പൊതുജന വിശ്വാസം നിലനിർത്തുന്നതിനായി വോട്ടിങ്ങിലെ സുതാര്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഡ്രാഫ്റ്റ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷനോട് ഉത്തരവിട്ടു.

ഇന്ത്യാ സഖ്യം ബിഹാറില്‍ വോട്ട് മോഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. 2024 ന് മുമ്പ് ലോക്‌നിധി നടത്തിയ ലോക്‌സഭാ സർവേയിലും വിശ്വാസം കുറയുന്നതായി കാണിച്ചിരുന്നു. 14 ശതമാനം വോട്ടർമാർക്ക് വലിയ വിശ്വാസമില്ലായെന്നും 9 ശതമാനം പേർക്ക് തീരെ വിശ്വാസമില്ലായെന്നുമാണ് സർവേ റിപ്പോർട്ട് വന്നിരുന്നത്. 2019 ൽ വിശ്വാസം കുറഞ്ഞവരുടെ കണക്ക് 7 ശതമാനവും തീരെ വിശ്വാസമില്ലാത്തവരുടെ കണക്ക് 5 ശതമാനവുമായിരുന്നു.

Content Summary: Vote theft; People’s trust in the Election Commission is decreasing, survey report out

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment