വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. ബാംഗ്ലൂരിലെ മഹാദേവപുര മണ്ഡലത്തിലെ വന്‍തോതിലുള്ള ‘വോട്ട് മോഷണം’ വ്യക്തമായ രീതിയില്‍ ചൂണ്ടിക്കാണിച്ചതിന് ശേഷം നിശബ്ദതയിലായിരുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷനാണ് രേഖാമൂലം പരാതി എഴുതി നല്‍കി, തെറ്റാണെങ്കില്‍ നിയമനടപടി നേരിടാനുള്ള സന്നദ്ധത അറിയിക്കണമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതേ ഭീഷണി തൃശൂര്‍ മണ്ഡലത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിനെതിരെയും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ഇത്ര ഗൗരവമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഇലക്ഷന്‍ കമ്മീഷനാണ് ഇന്ത്യയില്‍ ഇന്നുള്ളത് എന്ന് മുന്‍ മന്ത്രി ഡോ.ടി.എം തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. ”തെളിവുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. ഒരു വോട്ടറുടെ പേര് വോട്ടര്‍പട്ടികയില്‍ പലവട്ടം വന്നു. അദ്ദേഹം പലതവണ വോട്ട് ചെയ്തു എന്നതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കണമത്രേ. ഹാജരാക്കാന്‍ കഴിയുന്ന ഏക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. വിചിത്രമായ ഒരു ഉത്തരവിലൂടെ ഈ സിസിടിവി ദൃശ്യങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ നശിപ്പിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ അറിഞ്ഞുകൊണ്ടുള്ള ഒരു ഇലക്ഷന്‍ തട്ടിപ്പാണ് ഇന്ത്യയില്‍ 2024 ല്‍ അരങ്ങേറിയത് എന്നത് വ്യക്തം.”-ഡോ.ഐസക് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിലെ വസ്തുതകള്‍ ഉപയോഗിച്ചാണ് രാഹുല്‍ഗാന്ധി മഹാദേവ്പുരയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നത് കണക്കാക്കാതെ ഭീഷണിയും വെല്ലുവിളിയുമാണ് നടത്തുന്നത്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണന്റെ തന്നെ നിയമാവലിയിലുള്ള ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്ന് വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ നേരത്തേയുള്ള പട്ടികയേക്കാള്‍ നാല് ശതമാനത്തിലധികം വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടെങ്കില്‍ ‘കൂടുതലായി ചേര്‍ത്തവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവര്‍ തന്നെയാണോ എന്ന് പരിശോധിച്ചാല്‍ പലതരത്തിലുള്ള പുന:പരിശോധനകള്‍’ നടത്തണം എന്നുള്ളത്. മഹാദേവ് പുരയിലോ തൃശൂരിലോ ഇത് നടന്നിട്ടില്ല. കഴിഞ്ഞ എത്രയോ കാലമായി മഹാദേവ് പുരയില്‍ നാടകീയമായി വോട്ടര്‍പട്ടികയുടെ വലിപ്പം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഞ്ച് കൊല്ലത്തിന് മുമ്പ് വാര്‍ഷിക വര്‍ദ്ധന 5.5 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലാണ്. ഇക്കാലത്ത് പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം നിയമാവലി പോലും പാലിച്ചിട്ടില്ല.
2023-നും 2024-ലെ പൊതുതിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടര്‍പട്ടികയില്‍ വര്‍ദ്ധനവുണ്ടായത് 8.54 ശതമാനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിലും ഇരട്ടിയിലധികം വര്‍ദ്ധന ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പരിശോധനയും നടത്തിയില്ല. അതാകട്ടെ ബാംഗ്ലൂര്‍ മണ്ഡലത്തിലെ പൊതു അവസ്ഥയില്‍ നിന്ന് തികച്ചും വിഭിന്നമായ നിലയുമായിരുന്നു. 2008-നും 2024-ഉം ഇടയില്‍ 140 ശതമാനമാണ് മഹാദേവ്പുരയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചത്. ബാംഗ്ലൂര്‍ ലോകസഭ മണ്ഡലത്തിന് കീഴിലുള്ള മറ്റൊരു നിയമസഭ മണ്ഡലമായ സര്‍വ്വാംഗനഗറില്‍ ആകട്ടെ 26.5 ശതമാനം മാത്രമാണ് ഇക്കാലയളതില്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയത്. മറ്റ് ആറ് മണ്ഡലങ്ങളില്‍ ഇതിനും കുറവാണ് താനും. മഹാദേവപുരത്തിലേത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍ച്ചയായും മുന്‍കാലങ്ങളില്‍ തന്നെ പരിശോധിക്കേണ്ട വിധത്തില്‍ സാധാരണയില്‍ നിന്ന് തികച്ചും വിഭിന്നമായ ഒരു പ്രശ്നം വോട്ടര്‍പട്ടികയില്‍ കണ്ടിട്ടും നടപടികളിലേയ്ക്ക് നീങ്ങിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കേയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന് പ്രതിപക്ഷ നേതാവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
”രണ്ട് ഡസണ്‍ സീറ്റുകൂടി ഇന്ത്യ സഖ്യം ജയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാവുമായിരുന്നു.”ഡോ.തോമസ് ഐസക് പറഞ്ഞു. ”ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ വിധികളും അവിശ്വസനീയമായ വിധത്തിലുള്ള അട്ടിമറി വിജയങ്ങളാണ് ബിജെപിക്ക് ഉണ്ടായത്. ഇന്ന് അവയ്‌ക്കെല്ലാം കൃത്യമായ വിശദീകരണം ലഭിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അധികാരം പിടിക്കുന്ന പാര്‍ട്ടിയായി ബിജെപി അധപ്പതിച്ചിരിക്കുന്നു.
കേരളത്തില്‍ ബിജെപിയുടെ ഏക വിജയം തൃശൂരാണ്. 2019 നെ അപേക്ഷിച്ചു 2024 ല്‍ സംസ്ഥാനം മൊത്തത്തില്‍ എടുത്താല്‍ ശരാശരി 79,881 വോട്ടുകളാണ് ഓരോ മണ്ഡലത്തിലും വര്‍ധിച്ചത്. അതേ സമയം തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണം 1,45,945 വര്‍ദ്ധിച്ചു. വര്‍ദ്ധിച്ച വോട്ടര്‍മാരില്‍ എത്രപേര്‍ ബിജെപിയുടെ കള്ളവോട്ടര്‍മാര്‍ ആയിരുന്നു?”-സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഡോ.ഐസക് ചോദിക്കുന്നു. Voter list irregularities; Election Commission threatens complainants
Content Summary; Voter list irregularities; Election Commission threatens complainants
This post was last modified on August 11, 2025 12:39 pm
Leave a Comment