തൃശൂരിലെ വ്യാജ വോട്ടർ പട്ടിക വിവാദം കനക്കുകയാണ്. വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ബിജെപി നേതൃത്വത്തിനെതിരെയുമുള്ള പ്രതിഷേധം ശക്തമാവുന്നു. വോട്ടർ പട്ടിക വിവാദത്തിൽ മൗനം പാലിച്ചിരുന്ന ബിജെപിക്ക് ശക്തമായ തിരച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
തൃശൂർ വോട്ട് കൊള്ളയിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. തൃശൂരിലെ വിലാസമായി പൂങ്കുന്നത്തെ ക്യാപിറ്റൽ സി4 ആണ് നൽകിയിരിക്കുന്നത്. എന്നാൽ ഇയാൾ ഇവിടത്തെ താമസക്കാരനല്ല. ഇവിടെ താമസിക്കാതെയാണ് തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ പേര് ചേർത്തത്. ഇയാൾ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറഞ്ഞു.
നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ്. ഇതിനുള്ള തെളിവുകളും ലഭ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. അജയകുമാറിൻ്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എൻ.എസ്.എസ്.എച്ച്.എസ്.എസിലായിരുന്നു.
വോട്ടർ ഐ.ഡി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. ക്യാപിറ്റൽ വില്ലേജ് സി4ലെ ഫ്ലാറ്റ് ഉടമക്കും അജയകുമാറിനെ അറിയില്ല. തൃശൂരിലെ അജയകുമാർ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാർ എന്നത് അയൽവാസി സ്ഥിരീകരിച്ചു.
തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവും കുടുംബവും നടത്തിയ ക്രമക്കേടിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. 2024 ൽ തൃശൂർ, ആലത്തൂർ പാർലമെൻറ് മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ ചേർത്തത് ആർഎസ്എസ് നേതാവ് ഷാജി വരവൂർ ആണ്. ഷാജിയുടെ ഭാര്യ സ്മിത, അമ്മ കമലാക്ഷി എന്നിവർക്കും ഇരു മണ്ഡലങ്ങളിലും വോട്ട് ഉണ്ട്. ഭാരതീയ വിചാര കേന്ദ്രം തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്താനായത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയവർ നിരവധിപ്പേരാണ്.
content summary: Voter list irregularities surface in Thrissur, Suresh Gopi’s driver listed among fake voters