മനുഷ്യന്‍ 1977-ല്‍ വിക്ഷേപിച്ച വൊയേജര്‍ ഉപഗ്രഹങ്ങള്‍ ഇന്നെവിടെയാണ്?
കഴിഞ്ഞ 47 വര്‍ഷവും പത്തു മാസവും പതിനാലു ദിവസവുമായി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്ന്, എവിടെയാണ് എന്നു ചോദിക്കുന്നതില്‍ ചെറിയൊരു അപാകതയുണ്ട്. കാരണം, അതിന്റെ നിലയ്ക്കാത്ത ചലനം തന്നെ. ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതെവിടെയെന്നു കുറിക്കുന്ന സ്ഥാനവും, ഈ എഴുത്ത് നിങ്ങള്‍ വായിക്കുമ്പോഴത്തെ സമയത്തുള്ള സ്ഥാനവും തമ്മില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാവാം. എങ്കിലും, ഞാനതു പറയട്ടെ. ഈ വരിയെഴുതുമ്പോള്‍ വൊയേജര്‍ ഒന്ന് എന്ന ബഹിരാകാശപേടകം ഭൂമിയില്‍ നിന്ന് 1,553,12,34,800 മൈല്‍ ദൂരത്താണ്. അതായത് 2500 കോടി കിലോമീറ്ററുകള്‍ക്കപ്പുറത്ത്. ഇനിയതിന്റെ വേഗതയാകട്ടെ മണിക്കൂറില്‍ 38026.77 മൈലും. ഏതാണ്ട് അറുപത്തിരണ്ടായിരം കിലൊമീറ്ററുകള്‍ വേഗത. മനസ്സിലാക്കണം, നിമിഷങ്ങള്‍ കൊണ്ടാണ് സ്ഥാനം ബഹുദൂരം മാറിപ്പോവുക എന്ന്. പ്രകാശരശ്മി 23 മണിക്കൂറും ഒമ്പതരമിനിറ്റും കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്നും ഈ അകലത്തെ പറയാം. അതേ രശ്മി സൂര്യനില്‍ നിന്ന് ഭൂമിയിലേക്കെത്താന്‍ എട്ടു മിനിറ്റാണ് എന്നോര്‍ക്കുകയും വേണം.
ഇനി വൊയേജര്‍ രണ്ട് പേടകത്തിന്റെ കാര്യം നോക്കാം. ആദ്യം പുറപ്പെട്ടയാളാണെങ്കിലും വൊയേജര്‍ ഒന്നിനേക്കാള്‍ പിന്നിലാണ് രണ്ടാമന്‍. അത് 1300 കോടി മൈല്‍ ദൂരം എത്തിയിട്ടേയുള്ളൂ. ഒന്നാമനേക്കാള്‍ 3600 മൈല്‍ വേഗത കുറവുള്ളതുകൊണ്ടാണ് വൊയേജര്‍ രണ്ട് പിന്നിലായത്. 1977 ഓഗസ്റ്റ് ഇരുപതിനും സെപ്തംബര്‍ അഞ്ചിനും ആയിരുന്നു വൊയേജറുകളുടെ വിക്ഷേപണം. രണ്ടുപേരും 2027-ല്‍ അഭൗമസഞ്ചാരത്തിന്റെ അരനൂറ്റാണ്ടു തികയ്ക്കും.
നാസയുടെ വിസ്മയപേടകങ്ങളാണ് ഈ വൊയേജറുകള്‍. സൗരയൂഥപരിധിക്കു പുറത്തുള്ള വസ്തുക്കളേയും അന്തര്‍നക്ഷത്രാകാശത്തേയും കുറിച്ചു പഠിക്കാനായി വിക്ഷേപിക്കപ്പെട്ടവര്‍. ഇന്നു നമുക്കേറ്റവും ദൂരത്തുള്ള മനുഷ്യനിര്‍മ്മിതവസ്തുവും മറ്റൊന്നല്ല. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ പരീക്ഷണശാലയാണ് ഈ പേടകങ്ങളെ കൈകാര്യം ചെയ്യുന്നത്. വിക്ഷേപിക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങളെല്ലാം അവ കൈവരിച്ചുകഴിഞ്ഞു. ഇന്ന് നമ്മുടെ സൗരയൂഥത്തെക്കുറിച്ചും, അതിന്റെ ബാഹ്യലോകത്തെക്കുറിച്ചുമുള്ള വലിയ ഉള്‍ക്കാഴ്ചകള്‍ ഈ ശൂന്യാകാശയാനങ്ങള്‍ നമുക്കു പകര്‍ന്നുതന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
1960-കളില്‍ ഗാരി ഫ്‌ലാന്‍ഡ്രോ എന്ന ഏറോസ്‌പേസ് എഞ്ചിനിയര്‍ ആണ് വൊയേജറിന്റെ സാധ്യതയും ആശയവും ആദ്യമായി അവതരിപ്പിച്ചത്. ജൂപ്പിറ്റര്‍, സാറ്റേണ്‍, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങള്‍ 175 വര്‍ഷത്തിലൊരിക്കല്‍ നേര്‍രേഖയില്‍ വരുന്നതിനോടടുപ്പിച്ച് ഏതാണ്ട് അധികം ചെരിവില്ലാത്ത രേഖീയമായ ഒരു യാത്രയിലൂടെ ഈ ഗ്രഹങ്ങളെ കണ്ടറിയാം എന്ന ചിന്തയായിരുന്നു അതിന്റെ അടിസ്ഥാനം. ജോണ്‍ കസാനിയെന്ന ശാസ്ത്രജ്ഞന്‍ ആ ചിന്ത ഏറ്റെടുത്തു.
ഒടുവില്‍ ജൂപ്പിറ്ററിനേയും സാറ്റേണിനേയും പ്രധാനമായും ഉദ്ദേശിച്ച്, അതിനുശേഷം പറ്റുമെങ്കില്‍ യുറാനസും നെപ്ട്യൂണും വരെ പോകാനാവുക എന്ന ലക്ഷ്യത്തോടെ 1971-ല്‍ നാസ ഈ പദ്ധതി മുന്നോട്ടുവെച്ചു. 86.5 കോടി ഡോളര്‍ ആയിരുന്നു അന്നത്തെ പദ്ധതി വിഹിതം.
തികഞ്ഞ യാത്രക്കാരന്‍ എന്ന ചിന്തയില്‍ വൊയേജര്‍ എന്ന പേരും വീണു. ഫ്‌ലോറിഡയിലെ കേപ്പ് കനാവരലില്‍ നിന്ന് ടൈറ്റന്‍-സെന്റോര്‍ റോക്കറ്റുപയോഗിച്ച് വൊയേജര്‍ രണ്ടിന്റെ വിക്ഷേപണം ആദ്യം നടന്നു. യുറാനസിനേയും നെപ്ട്യൂണിനേയും കൂടുതല്‍ കേന്ദ്രീകരിച്ചു പഠിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഒരു മന്ദപ്രക്ഷേപ്യപഥമായിരുന്നു വൊയേജര്‍ രണ്ടിനു നിശ്ചയിച്ചത്.
പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വൊയേജര്‍ ഒന്നും ബഹിരാകാശത്തെത്തി. ജൂപ്പിറ്ററും സാറ്റേണുമായിരുന്നു ഈ ഒന്നാമന്റെ ആദ്യലക്ഷ്യങ്ങള്‍. അതിനാലതിനു കണക്കാക്കിയത് ശീഘ്രപ്രക്ഷേപ്യപഥവും. അതുപ്രകാരം രണ്ടുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ വൊയേജര്‍ ഒന്ന്, രണ്ടിനെ മറികടന്നു.
720 കിലോ തൂക്കമുണ്ട് ഓരോ വൊയേജറിനും. ഭൂമിയുടെ വിനിമയാവശ്യത്തിനായി പന്ത്രണ്ടടി നീളത്തില്‍ രണ്ട് ആന്റിനകളുമുണ്ട്. പ്ലൂട്ടോണിയം 238 ഉപയോഗിച്ചുള്ള താപവൈദ്യുതി ജെനറേറ്ററില്‍ നിന്നാണിതിനു ഊര്‍ജ്ജം പകരുന്നത്.
ഇനിയൊന്നു പറയട്ടെ. വൊയേജര്‍ വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിലെ സുവര്‍ണ്ണരേഖയാണ്. അതായത്, സ്വര്‍ണ്ണം പൂശിയ പന്ത്രണ്ടിഞ്ച് ചെമ്പു ഡിസ്‌ക്! അതില്‍ ഭൂമിയുടെ ചരിത്രം കാലയളവോടെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. അഭൗമജീവികള്‍ക്കും ഭാവിമാനവര്‍ക്കും അതുപയോഗിക്കാനാവും എന്ന പ്രതീക്ഷയോടെ. ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സഗാന്റെ നേതൃത്വത്തിലാണതു തയ്യാറാക്കിയത്. അതില്‍ വിവിധതരം ശബ്ദരേഖകളും, ചിത്രങ്ങള്‍, സംഗീതം, 55 ഭാഷകളിലുള്ള ആശംസകള്‍, എന്നിവയുമടങ്ങിയിട്ടുണ്ട്. ഭൂമിയുടെ വൈവിധ്യത്തേയും ബഹുസ്വരതയേയും അടയാളപ്പെടുത്തുന്ന ഒന്നാണിത്. ഭൂമിയെ കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങളുമുണ്ടതില്‍.
വൊയേജര്‍ പകര്‍ത്തി അയച്ചു തന്ന ഭൂമിയെന്ന ഇളംനീലപ്പൊട്ടിന്റെ ചിത്രം കാള്‍സഗാന്റെ ലോകപ്രശസ്തമായ വാക്കുകള്‍ക്കൊപ്പം കേള്‍ക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. കാരണം അത്രമാതമാണ് ശാസ്ത്രസംസ്‌കാരിക ലോകങ്ങള്‍ ആ ചിത്രത്തേയും വാക്കുകളേയും ആഘോഷിച്ചത്. ഇളംനീലപ്പൊട്ടെന്നത് പ്രപഞ്ചത്തിലെ മാനവന്റെ സ്ഥാനം വെച്ചുനോക്കുമ്പോള്‍, അവന്റെ പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ സൂചിപ്പിക്കുന്ന ഐതിഹാസിക പ്രയോഗവുമായി മാറി.
1989 ആയപ്പോഴേക്കും സൗരയൂഥത്തിലെ ബഹിര്‍ഗോളങ്ങളുടെ പഠനം വൊയേജറുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. 1990 മുതല്‍ അന്തര്‍നക്ഷത്രപാതയിലാണവര്‍. ഹീലിയോസ്ഫിയര്‍ അഥവാ സൗരമണ്ഡലത്തിന്റെ അതിരുകള്‍ കടന്നു വേണം അതിലേക്കു കടക്കാന്‍. ആ അതിരില്‍ സൗരകവചം, സൗരവിരാമം എന്നീ അടരുകളുണ്ട്. അതു കഴിഞ്ഞാല്‍ അന്തര്‍നക്ഷത്രാകാശമായി. അവിടെയെല്ലാമുള്ള പ്രാപഞ്ചികരശ്മികള്‍, കാന്തികമണ്ഡലം, പ്ലാസ്മ എന്നിവയെക്കുറിച്ചൊക്കെ വൊയേജര്‍ പഠനം നടത്തുന്നുണ്ട്.
സൗരയൂഥത്തിനറ്റത്ത് സൗരവാതം ശബ്ദവേഗതയേക്കാള്‍ താഴ്ന്നു നില്ക്കുന്ന ഇടമാണ് ടെര്‍മിനേഷന്‍ ഷോക്ക് അഥവാ അന്ത്യാഘാതമേഖല. 2007-ലാണ് വൊയേജര്‍ ഇതിലൂടെ കടന്നുപോയത്. തുടര്‍ന്നുള്ള സൗരകവചമേഖലയില്‍ അന്തര്‍നക്ഷത്രാകാശവും സൗരവാതവും തമ്മില്‍ ഇടപഴകുന്നുണ്ട്. 2011-ല്‍ വൊയേജര്‍ ഒന്ന് ഇതിനെ മറികടന്നു. അങ്ങനെ യഥാര്‍ത്ഥ അന്തര്‍നക്ഷത്രാകാശത്തിലേക്കു വൊയേജര്‍ ഒന്നാമന്‍ കടന്നത് 2012 ഓഗസ്റ്റ് 25-നായിരുന്നു. സൗരകണങ്ങള്‍ പെട്ടെന്നില്ലാതായതും പ്രാപഞ്ചികരശ്മികള്‍ വര്‍ദ്ധിച്ചതുമായിരുന്നു അതിന്റെ തെളിവ്. പിന്നാലെ വെയേജര്‍ രണ്ടാമനും സൗരയൂഥത്തിനു പുറത്തു കടന്നു. 2018 നവംബര്‍ അഞ്ചിന്.
ഇന്ന് 1500 കോടി മൈലുകള്‍ ദൂരത്തുള്ള വൊയേജര്‍ ഒന്നില്‍ നിന്ന് ഭൂമിയിലേക്കു ഒരു സന്ദേശമെത്താന്‍ ഏതാണ്ട് ഇരുപത്തി രണ്ടര മണിക്കൂര്‍ എടുക്കും. വൊയേജര്‍ രണ്ടില്‍ നിന്നാകട്ടെ അതു പത്തൊമ്പതു മണിക്കൂറാണ്.
അതിനിടെയാണ് ആഗ്‌നേയഭിത്തിയെന്ന പ്രതിഭാസം വെയേജര്‍ ശ്രദ്ധിച്ചത്. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം സെന്റിഗ്രേഡ് ചൂടുള്ള പ്രദേശമാണത്. സൗരമണ്ഡലം 70% പ്രാപഞ്ചികരശ്മികളേയും സൗരയൂഥത്തിലേക്കു കടത്താതെ തടയുന്നു എന്ന അത്ഭുതവും വൊയേജര്‍ മനസ്സിലാക്കി.
ആശങ്കകളുണര്‍ത്തിക്കൊണ്ട് 2023 നവംബറില്‍ വൊയേജറില്‍ നിന്നുള്ള സന്ദേശങ്ങള്‍ വായിക്കാനാവാഞ്ഞ ഒരു സന്ദര്‍ഭമുണ്ടായി. മെമ്മറി ചിപ്പില്‍ വന്ന ഒരു പ്രശ്‌നമായിരുന്നു കാരണം. ഏറ്റവും ആവേശകരവും അത്ഭുകരവുമായ സംഗതി എന്തായിരുന്നു എന്നു വെച്ചാല്‍ ഭൂമിയിലിരുന്ന്, ശാസ്ത്രജ്ഞന്മാര്‍ വൊയേജറിന്റെ മെമ്മറി ചിപ്പിലെ ആ പ്രശ്‌നം കണ്ടുപിടിച്ച് പരിഹരിച്ചു എന്നതാണ്. 2024 ഏപ്രിലില്‍ ആണതു സാധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ വീണ്ടും മുഴുവന്‍ ശാസ്ത്രീയവിവരങ്ങളും ലഭ്യമായിത്തുടങ്ങി.
നമ്മുടെ ബഹിര്‍ഗോളങ്ങളെക്കുറിച്ചും അതിന്റെ ചന്ദ്രന്മാരെക്കുറിച്ചും വലയങ്ങളെക്കുറിച്ചും കാന്തികമണ്ഡലങ്ങളെക്കുറിച്ചുമുള്ള അപാരമാം വിവരങ്ങളാണ് വൊയേജറുകള്‍ നമുക്കു നല്കിയത്. അയോയിലെ അഗ്‌നിപര്‍വ്വതങ്ങളെക്കുറിച്ചും യുറോപ്പയിലെ സമുദ്രസാധ്യതയെക്കുറിച്ചും ടൈറ്റനിലെ അന്തരീക്ഷത്തെക്കുറിച്ചും നമുക്കു മനസ്സിലാക്കാനായത് ഈ വിസ്മയപേടകങ്ങള്‍ കൊണ്ടൊന്നു മാത്രമാണ്. ഇന്നിപ്പോള്‍ മുമ്പൊരിക്കലും സാധിച്ചിട്ടില്ലാത്ത വിധം അന്തര്‍നക്ഷത്രാകാശത്തെക്കുറിച്ചുള്ള വിജ്ഞാനവും നമുക്കതു പകര്‍ന്നുതന്നുകൊണ്ടിരിക്കുന്നു.
പരാജയപ്പെടാത്ത വിധം നിര്‍മ്മിച്ചതെന്നു വിശേഷിപ്പിക്കപ്പെട്ട ഈ പേടകപ്രവര്‍ത്തനങ്ങളുടെ രൂപകല്പന ജോണ്‍ കസാനിയുടെ വകയായിരുന്നു എന്നു പറഞ്ഞല്ലോ. തുടരെത്തുടരെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വൊയേജറുകള്‍ മുന്നോട്ടു പോയ്‌ക്കൊണ്ടേയിരിക്കുകയാണ്.
ഏവരിലും ഉയരുന്ന ഒരു ചോദ്യമുണ്ട്. എത്രകാലം നിലനില്ക്കും ഈ പേടകങ്ങള്‍? ഇതിലെ ജെനറേറ്ററിന് വര്‍ഷത്തില്‍ നാലു വാട്ട് ഊര്‍ജ്ജം വെച്ചു നഷ്ടപ്പെടുന്നുണ്ട്. 1977-ല്‍ 470 വാട്ട് ഊര്‍ജ്ജമാണ് അതുത്പാദിപ്പിച്ചിരുന്നത് എങ്കില്‍ ഇന്നത് 250 വാട്ടായി കുറഞ്ഞിരിക്കുന്നു. കൂടുതല്‍ ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനായി നാസ ചില ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ആ കണക്കുവെച്ചു നോക്കിയാല്‍ 2026 വരെ എന്തായാലും വൊയേജര്‍ ഒന്നാമന്‍ പ്രവര്‍ത്തിച്ചേക്കും. വിവരങ്ങള്‍ 2036 വരെ ഭൂമിയിലേക്കു കൈമാറാനും ഇടയുണ്ട്. പക്ഷെ, പ്രതീക്ഷകളെ കവച്ചുവെച്ചുകൊണ്ട്, നിശ്ചയിച്ച കാലാവധിയ്ക്കുമപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ വിസ്മയപേടകങ്ങളില്‍ നിന്ന് ഇനിയും അത്ഭുതങ്ങള്‍ വന്നുകൂടായ്കയില്ല.
എങ്കിലും, എനിക്ക് വീണ്ടും വീണ്ടും ചോദിക്കാതെ വയ്യ. 1970-കളിലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വൊയേജറുകള്‍ ഇന്നും സൗരയൂഥത്തിനുമപ്പുറത്ത് അക്ഷീണം പ്രയത്‌നിക്കുകയും സന്ദേശങ്ങള്‍ നമ്മളോടു കൈമാറുകയും ചെയ്യുന്നു എന്നതിലും വലിയൊരു അത്ഭുതമുണ്ടോ? NASA’s Voyager 1 and 2 are space probes launched in 1977 to explore the outer Solar System and beyond
Content Summary; NASA’s Voyager 1 and 2 are space probes launched in 1977 to explore the outer Solar System and beyond
This post was last modified on July 21, 2025 2:30 pm
Leave a Comment