June 13, 2025 |
Share on

കേരളത്തിലെ കോണ്‍ഗ്രസിന് ഇങ്ങനെ മുന്നോട്ടുപോകാന്‍ പറ്റില്ല; വി ടി ബല്‍റാം

കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും കഴിയാത്തവര്‍ കളമൊഴിയണം

തെരുവ് കലാപത്തിലേക്കു വരെ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ നിശിതമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. ഈ രീതിയിലാണെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്നാണു ബല്‍റാം പറയുന്നത്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ ഒരു തലമുറ മാറ്റത്തിന്റെ തുടക്കം കുറിച്ച നിശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും കഴിയാത്തവര്‍ കളമൊഴിഞ്ഞു മറ്റുള്ളവര്‍ക്കായി വഴിമാറാനുമുളള ഉപദേശത്തോടെയാണ് ബല്‍റാം കുറിപ്പ് അവസാനിപ്പിക്കുന്നത്.

വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കേരളത്തിലെ കോണ്‍ഗ്രസിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ പറ്റില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുമ്പോള്‍, ഫാഷിസ്റ്റ് തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമില്ലായ്മയും സ്വാര്‍ത്ഥ താത്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ്.

കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനവും പ്രതിപക്ഷ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണമെന്നത് ഓരോ പ്രവര്‍ത്തകരുടേയും മനോവികാരമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികളുടെ പരമ്പര തീര്‍ക്കുമ്പോള്‍ അതിനൊക്കെയെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച്, മടിശീലയില്‍ കനമില്ലാതെ നിര്‍ഭയമായി മുന്നോട്ടുപോകണമെന്നാണ് ഈ പാര്‍ട്ടിയേക്കുറിച്ച് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈയിടെ നടന്ന ഡിസിസി പ്രസിഡണ്ട് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടാ.

കോണ്‍ഗ്രസില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യം പൊതുവില്‍ ഉണ്ടാവാറില്ല. അതിന്റെ ആവശ്യവുമില്ല. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ് കോണ്‍ഗ്രസിന്റെ രീതിക്ക് നല്ലത്. എന്നാല്‍ നേതാക്കള്‍ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് ഈ പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സമീപദിവസങ്ങളില്‍ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണ് എന്ന് പറയാതെ വയ്യ. ഇത് ചില മനോഭാവങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ സ്വയം മനസ്സിലാക്കണം. ഒരു ആധുനിക ജനാധിപത്യ സംഘടനയില്‍ വീട്ടുകാരും കുശിനിക്കാരും തമ്മില്‍ വ്യത്യാസമില്ല. ചുമതലകള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാവര്‍ക്കും ഒരേ അംഗീകാരവും മാന്യതയും ആണ് ഉണ്ടാവേണ്ടത്. സമൂഹത്തിലും അങ്ങനെത്തന്നെയാണ്. ‘വേശ്യന്മാര്‍’ ഉണ്ടാവുന്നിടത്തോളം വേശ്യകളും ഉണ്ടാവുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അത് മനസ്സിലാക്കാതെയുള്ള ഏകപക്ഷീയ അധിക്ഷേപം സ്ത്രീവിരുദ്ധവും രാഷ്ട്രീയവിരുദ്ധവുമാണ്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളെ ഉദ്ദേശിച്ചാണ് ശിഖണ്ഡി എന്ന് ആക്ഷേപസൂചകമായി ഉപയോഗിക്കുന്നതെങ്കില്‍ അതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
നിലവാരമില്ലാത്ത വാക്‌പ്പോരിന് ശേഷം ഇപ്പോള്‍ യഥാര്‍ത്ഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങള്‍ അധ:പതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യമാണ്. അതിനാല്‍ വിടുവായത്തവും തമ്മിലടിയും നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനും തയ്യാറാവണം. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ ജനമുന്നേറ്റത്തിന്റെ ചാലകശക്തികളാകണം. നിങ്ങളുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്ന് തരാന്‍ ഈ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സില്ല. കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കളമൊഴിഞ്ഞ് അതിന് കഴിയുന്നവര്‍ക്ക് വഴിമാറിക്കൊടുക്കണം എന്ന് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

×