വാളയാർ കേസിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് അനബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് സിബിഐ. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാതാപിതാക്കൾക്കെതിരെ പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തൽ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികൾ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയെങ്കിലും ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്. ബലാൽസംഗം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉണ്ടായിരുന്നു. കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കുകയായിരുന്നു.
സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവ് തരട്ടെയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയിൽ വിശ്വാസമില്ലാതായി. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു.
യഥാർഥ പ്രതികളെ കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ് സി.ബി.ഐ മാതാപിതാക്കളിലേക്ക് വിരൽ ചൂണ്ടുന്നത്. ഇതിനെ നിയമപരമായി നേരിടും. സി.ബി.ഐയെക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയുമെന്നും അമ്മ പറഞ്ഞു. കേസ് അട്ടിമറിക്കാൻ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാർത്ഥ പ്രതികളിലേക്ക് അവർക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേർത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണെന്നും കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കോടതിക്കും സർക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ, കേസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നതിൻറെ തെളിവാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കുഞ്ഞ് മരിക്കുന്നതിന് മുമ്പെ പീഢിക്കപ്പെട്ട കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഇതിനാലാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുമായിരുന്നില്ല. ആദ്യത്തെ മകൾ പീഡനത്തിനിരയായത് അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടു പേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത്.
കേസ് അട്ടിമറിക്കാതിരിക്കാനാണ് അഡ്വ. രാജേഷ് മേനോനെ നൽകാൻ സർക്കാരിനെ അറിയിച്ചത്. എന്നാൽ, ഇപ്പോഴും അഡ്വ. രാജേഷ് മേനോനെ സർക്കാർ അനുവദിച്ചിട്ടില്ല. ഉന്നതരായ വക്കീലന്മാരെ സർക്കാർ തന്നാലും ഞങ്ങൾക്ക് തൃപ്തി രാജേഷ് മേനോൻ ആണ്. നീതി കിട്ടുന്നുവരെ പോരാട്ടം തുടരും. കേരള പൊലീസിനേക്കാളും മോശമായിട്ടാണ് സിബിഐയുടെ അന്വേഷണം നടക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യഥാർത്ഥ പ്രതികൾ ആരാണെന്ന് സിബിഐയ്ക്ക് അറിയമായിരുന്നിട്ടും ഈ അവസാനഘട്ടത്തിൽ മാതാപിതാക്കളെ പ്രതി ചേർത്ത് കേസ് അട്ടിമറിക്കുകയാണെന്നും അമ്മ ആരോപിച്ചു.
content summary; walayar rape case parents named as accused in cbi chargesheet