April 22, 2025 |
Share on

ഹോങ്കോങ് റിപ്പോര്‍ട്ടറെ പിരിച്ചു വിട്ട വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഇരട്ടത്താപ്പ്

മാധ്യമ സ്വാതന്ത്ര്യത്തിനായി എഡിറ്റോറിയല്‍ എഴുതും തൊഴിലാളി യൂണിയനില്‍ ചേര്‍ന്നാല്‍ പുറത്താക്കും

ഹോങ്കോങ്ങ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍(എച്ച്‌കെജെഎ) ചെയര്‍പേഴ്‌സണെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട് പ്രമുഖ അമേരിക്കന്‍ മാധ്യമം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. മാധ്യമ തൊഴിലാളി സംഘടനയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ സെലീന ചെങ് പുറത്താക്കപ്പെട്ടത്.

എച്ച്‌കെജെഎ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ വിളിച്ചു ചേര്‍ത്ത ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് തന്നെ പുറത്താക്കിയ വിവരം സെലീന അറിയിച്ചത്. ‘ ഞെട്ടിക്കുന്നത്’ എന്നായിരുന്നു സ്ഥാപനത്തിന്റെ തീരുമാനത്തെക്കുറിച്ച് സെലീന പറഞ്ഞത്. ജൂണ്‍ 22 നാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സെലീന ഏറ്റെടുക്കുന്നത്. യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക വന്നതാണ് തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണമെന്നാണ് സെലീന വിശ്വസിക്കുന്നത്.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ പത്ര മാനേജ്‌മെന്റ് ശ്രമം നടത്തിയിരുന്നുവെന്ന് സെലീന പറയുന്നുണ്ട്. എച്ച്‌കെജെഎ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്ത് മത്സരിക്കരുതെന്നും, അങ്ങനെയൊരു വേഷം വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ(ഡബ്ല്യുഎസ്‌ജെ) ജീവനക്കാരിക്ക് ചേരില്ലെന്നുമാണ് മുന്നറിയിപ്പ് കിട്ടിയതെന്നു സെലീന പറയുന്നു.

ബുധനാഴാച്ചയാണ് സെലീനയെ പിരിച്ചു വിട്ടുകൊണ്ടുള്ള അറിയിപ്പ് കൊടുക്കുന്നത്. സ്ഥാപനത്തില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പുറത്താക്കല്‍ തീരുമാനമെന്നാണ് തന്നെ അറിയിച്ചിരിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ചൈനയുടെ ഓട്ടോമൊബൈല്‍, ഊര്‍ജ്ജ മേഖലകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിനു വേണ്ടി കവര്‍ ചെയ്തിരുന്ന ജേര്‍ണലിസ്റ്റ് ആയിരുന്നു സെലീന ചെങ്്.

ഹോങ്കോങ് ബ്യൂറോയില്‍ നിന്നും പല റിപ്പോര്‍ട്ടര്‍മാരെയും ഡബ്ല്യുഎസ്‌ജെ കഴിഞ്ഞ മേയില്‍ പുറത്താക്കിയിരുന്നു. സെലീനയെ നിലനിര്‍ത്തുകയായിരുന്നു. താന്‍ കൈകാര്യം ചെയ്യുന്ന മേഖലയില്‍ നിന്നും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വാര്‍ത്തകളായിരുന്നു വന്നിരുന്നതെന്നതു കൊണ്ടാണ് തന്നെ നിലനിര്‍ത്തിയിരുന്നതെന്നാണ് സെലീന പറയുന്നത്. ദി ഗാര്‍ഡിയന്‍ പറയുന്നത്, സെലീനയെ ഹോങ്കോങ്ങിനു പുറത്തേക്ക് മാറ്റാന്‍ ഡബ്ല്യുഎസ്‌ജെ തീരുമാനിച്ചിരുന്നുവെന്നാണ്.

സെലീനയുടെ പുറത്താക്കല്‍ വാര്‍ത്തയായ പശ്ചാത്തലത്തില്‍ ജേര്‍ണല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഹോങ്കോങ് ജേര്‍ണലിസ്റ്റ് അസോസിയേഷനുമായി യാതൊരു ബന്ധവും സെലീനയെ നീക്കം ചെയ്തതിന് പിന്നില്‍ ഇല്ലെന്നാണ് പത്രം പറയുന്നത്. കമ്പനിയില്‍ ചില വ്യക്തിഗത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു വക്താവിന്റെ പ്രതികരണം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഹോങ്കോങ്ങിലും ലോകമെമ്പാടുമുള്ള മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി തീവ്രവവും ശബ്ദമുയര്‍ത്തുന്നതുമായ വക്താവായി തുടരുന്നു’വെന്നും പത്രം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.

ചൈന നടത്തുന്ന അടിച്ചമര്‍ത്തലിനെ അതിജീവിച്ച് ഹോങ്കോങ്ങില്‍ നിലനില്‍ക്കുന്ന ഒരു പൗരസമൂഹ സംഘമാണ് ഹോങ്കോങ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍. സമീപ കാലങ്ങളിലായി ചൈനീസ് ഭരണകൂടത്തിന്റെ വിമര്‍ശമനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാകേണ്ട സാഹചര്യവും സംഘടന നേരിടുന്നുണ്ട്. ചൈനീസ് വിരുദ്ധ വിഘടനവാദ ശക്തി എന്നാണ് ഹോങ്കോങ് ജേര്‍ണലിസ്റ്റ് യൂണിയനെ ചൈനീസ് ഔദ്യോഗിക മാധ്യമം കുറ്റപ്പെടുത്തുന്നത്.

സെലീനയുടെ പുറത്താക്കലില്‍ എച്ച്‌കെജെഎ പ്രതികരിച്ചത് നിരാശാജനകവും അന്യായവും എന്നാണ്. ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക-അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന വക്താവാണ് എച്ച്‌കെജെഎ. അതില്‍ പങ്കാളിയാകരുതെന്നു പറഞ്ഞാണ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പതനം വേഗത്തിലാക്കാനാണ് ഡബ്ല്യുഎസ്‌ജെ ശ്രമിക്കുന്നതെന്നും അവരുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു. അസോസിയേഷന്റെ മറ്റു പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ തൊഴിലിടങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടിരുന്നതായി എച്ച്‌കെജെഎ ആരോപിക്കുന്നുണ്ട്.

ഹോങ്കോങ് പോലുള്ള സ്ഥലങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ഡബ്ല്യുഎസ്‌ജെ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കരുത്, അങ്ങനെ വന്നാല്‍ നഗരത്തിലെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിരുദ്ധതാത്പര്യം ആരോപിക്കപ്പെടാമെന്നു തന്റെ എഡിറ്റര്‍ ഉപദേശിച്ചുവെന്നും സെലീന വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മേയില്‍ ആഗോളതലത്തില്‍ പത്ര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. അതില്‍ പ്രത്യേകമായി എടുത്തു പറഞ്ഞ പേരുകളായിരുന്നു ചൈനയുടെയും ഹോങ്കോങ്ങിന്റെയും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടം പിടിച്ച ഇടങ്ങളായാണ് ചൈനയെയും ഹോങ്കോങ്ങിനെയും പത്രം അടയാളപ്പെടുത്തിയത്.

എന്റെ സഹപ്രവര്‍ത്തകന്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ എങ്ങനെയാണ് ഡബ്ല്യുഎസ്‌ജെ പിന്തുണച്ചതെന്നും അവന് വേണ്ടി പ്രചാരണം നടത്തിയതെന്നും ഞാന്‍ കണ്ടതാണ്. മാധ്യമ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും സുരക്ഷിതമാക്കാന്‍ ജേര്‍ണല്‍ പിന്തുണ നല്‍കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്’ ദ ഗാര്‍ഡിയനോട് സംസാരിക്കവെ സെലീന ചെങ് പറയുന്നു. ഇത്തരമൊരു നീക്കം ജേര്‍ണലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഞെട്ടിച്ചു കളഞ്ഞുവെന്നും സെലീന ഗാര്‍ഡിയനോട് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകനെ ചാരവൃത്തിയാരോപിച്ച് റഷ്യ തടവിലാക്കിയതിനെ രാഷ്ട്രീയ താത്പര്യമെന്നു പറഞ്ഞ് ഡബ്ല്യുഎസ്‌ജെ എതിര്‍ത്ത കാര്യവും സെലീന ഗാര്‍ഡിയനെ ഓര്‍മിപ്പിക്കുന്നുണ്ട്.

വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരേ നിയമപരമായി നീങ്ങാനുള്ള ഉദ്ദേശ്യം സെലീനയ്ക്കുണ്ട്. ഏതെങ്കിലും തൊഴിലാളി സംഘടനയില്‍ അംഗമോ ഭാരവാഹിയോ ആകാനുള്ള ഒരു തൊഴിലാളിയുടെ അവകാശത്തെ സംരക്ഷിക്കുന്നതാണ് ഹോങ്കോങ്ങിലെ നിയമം. സെലീനയുടെ പുറത്താക്കല്‍ തൊഴിലാളി സംഘടന വിരുദ്ധ നടപടിയാണെന്നാണ് ജോര്‍ജ്ടൗണ്‍ സെന്റര്‍ ഫോര്‍ ഏഷ്യന്‍ ലോ-യിലെ ഗവേഷകന്‍ എറിക് ലായ് ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ് ഡബ്ല്യുജെഎസ് ചെയ്തിരിക്കുന്നതെന്നും എറിക് കുറ്റപ്പെടുത്തുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം ഹോങ്കോങ്ങിലുണ്ടെങ്കിലും സമീപ വര്‍ഷങ്ങളില്‍ അത് തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2019 നും 2023 നും ഇടയില്‍ ഹോങ്കോങ്ങില്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ ശക്തമായതോടെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 60 സ്ഥാനങ്ങള്‍ ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ് പറയുന്നത്.  wall street journal terminated hong kong reporter selina cheng after being elected as journalists association chairperson

Content Summary; wall street journal terminated hong kong reporter selina cheng after being elected as journalists association chairperson

Leave a Reply

Your email address will not be published. Required fields are marked *

×