‘യുദ്ധം അവസാനിച്ചു,ഗാസയ്ക്കായി സമാധാന സമിതി ഉടൻ’; ബന്ദിമോചനത്തിനായി ഇസ്രയേലിലേക്ക് തിരിച്ച് ട്രംപ്

വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ച ഖത്തറിനും നെതന്യാഹുവിനും പ്രശംസ

Donald trump

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാ​ഗമായി ഗാസയിൽ നിന്നുള്ള ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലിലേക്ക് പോകുന്നതിനിടെ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർ ഫോഴ്സ് വൺ വിമാനത്തിൽ പ്രവേശിക്കുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.

​ഗാസയ്ക്ക് വേണ്ടി ഉടൻ തന്നെ ഒരു സമാധാന സമിതി രൂപീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചതായി ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ച ഖത്തറിൻ്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും പങ്കിനെക്കുറിച്ചും ട്രംപ് പ്രശംസിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച ഈജിപ്റ്റിലേക്കും ട്രംപ് യാത്ര തിരിക്കും.

​ഗാസയിലെ വെടിനിർത്തൽ കരാറിൽ എല്ലാവരും സന്തുഷ്ടരാണെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കാനും സമാധാനം ഉണ്ടാക്കാനും തനിക്ക് എപ്പോഴും കഴിയുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ട്രംപിൻ്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ധാരണയായതിനെ തുടർന്നാണ് വെള്ളിയാഴ്ച യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്. 20 ഇസ്രയേൽ ബന്ദികളെ വിട്ടുകൊടുക്കുമെന്നും മരിച്ച 28 പേരുടെ മൃതദേഹങ്ങൾ ഹമാസ് കൈമാരണമെന്നും കരാറിൽ പറയുന്നു. മറുപടി നടപടിയായി ഇസ്രയേൽ ഏകദേശം 250 പലസ്തീൻ തടവുകാരെയും 1,700 ഗാസ തടവുകാരെയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതൽ അളവിൽ സഹായ സാമഗ്രികൾ പ്രവേശിക്കുകയും ചെയ്യും.

യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുമ്പോഴും ഗാസയിലെ മനുഷ്യാവകാശ പ്രതിസന്ധി ഗുരുതരമാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. ദിനംപ്രതി കുറഞ്ഞത് 600 സഹായ ട്രക്കുകൾ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.

Content Summary: “War is Over”: Trump flies to Israel for Hostage Release, ‘Peace Council’ for Gaza Soon

This post was last modified on October 13, 2025 8:31 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment