വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി (ഡബ്ല്യുബിഡി) തങ്ങളുടെ സിനിമാ-ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്.ബി.ഒ മാക്‌സ് സ്ട്രീമിംഗ് സേവനവും നെറ്റ്ഫ്‌ളിക്‌സിന് വില്‍ക്കാന്‍ ഒരുങ്ങുന്നതിനെതിരെ ആക്ടിവിസ്റ്റ് ഇന്‍വെസ്റ്ററായ അങ്കോറ ഹോള്‍ഡിംഗ്‌സ് രംഗത്തെത്തി(ലാഭത്തിന് അപ്പുറം ഒരു കമ്പനിയുടെ ഗണ്യമായ ഓഹരികള്‍ വാങ്ങി, ആ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലോ തീരുമാനങ്ങളിലോ സജീവമായി ഇടപെടുകയും മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന നിക്ഷേപകരെയാണ് ‘ആക്ടിവിസ്റ്റ് ഇന്‍വെസ്റ്റര്‍’ എന്ന് വിളിക്കുന്നത്).
വാര്‍ണറില്‍ ഏകദേശം 1,812 കോടി രൂപയുടെ (200 മില്യണ്‍ ഡോളര്‍) ഓഹരി പങ്കാളിത്തം നേടിയ അങ്കോറ, കമ്പനിയുടെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. പാരാമൗണ്ട് സ്‌കൈഡാന്‍സ് മുന്നോട്ടുവെച്ച മെച്ചപ്പെട്ട വാഗ്ദാനം വാര്‍ണര്‍ ബോര്‍ഡ് വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ചില്ലെന്നാണ് അങ്കോറയുടെ പ്രധാന ആക്ഷേപം.
നെറ്റ്ഫ്‌ളിക്‌സ് ഏകദേശം 6.52 ലക്ഷം കോടി രൂപയുടെ (72 ബില്യണ്‍ ഡോളര്‍) കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍, കമ്പനിയുടെ കേബിള്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഉള്‍പ്പെടെ മുഴുവന്‍ ബിസിനസും ഏറ്റെടുക്കാന്‍ 7.06 ലക്ഷം കോടി രൂപ (78 ബില്യണ്‍ ഡോളര്‍) ആണ് പാരാമൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് ഓഹരി ഒന്നിന് ഏകദേശം 2,718 രൂപ (30 ഡോളര്‍) എന്ന നിരക്കില്‍. നിലവില്‍ വാര്‍ണര്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യം 6.25 ലക്ഷം കോടി രൂപ (69 ബില്യണ്‍ ഡോളര്‍) ആണ്.
ഏകദേശം 99,660 കോടി രൂപ (11 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള ഫണ്ടാണ് അങ്കോറ. വാര്‍ണര്‍ സി.ഇ.ഒ ഡേവിഡ് സാസ്ലാവിന് അയച്ച സന്ദേശത്തില്‍, പാരാമൗണ്ടുമായി മെച്ചപ്പെട്ട കരാറിന് തയ്യാറായില്ലെങ്കില്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് നിയമപോരാട്ടം നടത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ പ്രകാരം കേബിള്‍ ചാനലുകള്‍ക്കായി രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ മേല്‍ 1.54 ലക്ഷം കോടി രൂപ (17 ബില്യണ്‍ ഡോളര്‍) കടബാധ്യത അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അങ്കോറ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ വാഗ്ദാനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍, നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ റദ്ദാക്കിയാല്‍ വാര്‍ണര്‍ നല്‍കേണ്ടി വരുന്ന ഏകദേശം 25,368 കോടി രൂപയുടെ (2.8 ബില്യണ്‍ ഡോളര്‍) നഷ്ടപരിഹാര തുക (ടെര്‍മിനേഷന്‍ ഫീ) തങ്ങള്‍ നല്‍കാമെന്നും പാരാമൗണ്ട് അറിയിച്ചിട്ടുണ്ട്. കൂടാതെ, നോര്‍ഫോക് സതേണ്‍ പോലുള്ള വന്‍കിട കമ്പനികളുടെ ഇടപാടുകളില്‍ ഇടപെട്ട് വിജയിച്ച ചരിത്രവും അങ്കോറയ്ക്കുണ്ട്. വരാനിരിക്കുന്ന ഷെയര്‍ഹോള്‍ഡര്‍ വോട്ടിംഗില്‍ അങ്കോറയുടെ നിലപാട് മറ്റ് നിക്ഷേപകരെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
Content Summary; Warner brothers Netflix deal; Activist investor Ancora Holdings Pushes Warner to Walk Away From the Netflix dea
This post was last modified on February 11, 2026 7:52 am
Leave a Comment