കാനഡ നേരിടാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാകാമെന്ന് ഔദ്യോഗിക മുന്നറയിപ്പ്. ഇന്ത്യക്കു പുറമെ ചൈന, പാകിസ്താന്, റഷ്യ ഇറാന് എന്നീ രാജ്യങ്ങളും കനേഡിയന്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ തന്ത്രപരമായ നീക്കം നടത്തുമെന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്.
ഏപ്രില്‍ 28 നാണ് കാനഡയില്‍ വോട്ടെടുപ്പ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിദേശരാജ്യങ്ങള്‍ തെറ്റായ പ്രചാരണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങളായിരിക്കും തിരഞ്ഞെടുപ്പ് അട്ടിമറിക്കായി പ്രധാനമായും നടക്കുകയെന്നും ഉദ്യോഗസ്ഥര്‍ എടുത്തു പറയുന്നുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുക, പ്രധാനമായും പ്രവാസി വോട്ടര്‍ സമൂഹത്തെ സ്വാധീനിക്കുക എന്നതിലാണ് എ ഐയുടെ സഹായം തേടുക.
സുപ്രധാനമായൊരു അന്വേഷണം വിദേശ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷമാദ്യം നടന്നിരുന്നു. ഈ അന്വേഷണത്തിലെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കൊടിയ ഭീഷണിയായി മാറുന്നുവെന്നത്.
ഭീഷണിയായി ഉണ്ടായിരുന്നവര്‍ ഇപ്പോഴും അവരുടെ ഭീഷണി തുടരുകയാണ്. അവരിപ്പോള്‍ കുറച്ചുകൂടി തന്ത്രപരമായ നീക്കമാണ് നടത്തുന്നത്, തങ്ങളുടെ ഇടപെടല്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാകാത്ത വിധം മറച്ചു പിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇതുമൂലം ഇത്തരക്കാരെ കണ്ടെത്തുക കൂടുതല്‍ പ്രയാസകരമായിരിക്കുന്നു, എന്നാണ് കാനഡയുടെ ചാര ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടറും തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ, രഹസ്യാന്വേഷണ ഭീഷണികള്‍ പ്രതിരോധിക്കാനുള്ള ടാസ്ക്ഫോഴ്സിന്റെ ചെയര്‍മാനുമായ വനേസ ലോയ്ഡ് പറയുന്നത്. വിദേശ ഇടപെടലുകള്‍ ചെറുക്കാന്‍ തങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ടെന്നാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ വനേസ അറിയിച്ചത്.
മുന്‍ ധനമന്ത്രിയുടെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ മുന്‍നിര്‍ത്തി ചൈന, കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ നോക്കിയതിന്റെ തെളിവ് ടാസ്ക് ഫോഴ്സ് കണ്ടെത്തിയിരുന്നു. ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ ലിബറല്‍ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള പ്രചാരണമാണ് ചൈന നടത്തിയത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പ് ആയ വീചാറ്റ് വഴി ഇക്കാര്യത്തിനായി ചൈന ദുഷ്പ്രചാരണ കാമ്പയിന് നടത്തി. 30 വീചാറ്റ് അകൗണ്ടുകള്‍ വഴിയാണ് പ്രചാരണം നടത്തിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, അതിലൂടെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഏകദേശം മൂന്നു ദശലക്ഷം തവണ ഇത്തരം പ്രചാരണ വിവരങ്ങള്‍ ആളുകള്‍ കണ്ടുവെന്നും ടാസ്ക് ഫോഴ്സ് പറയുന്നു.
ലിബറല്‍ നേതൃത്വത്തിലേക്ക് എത്തുമെന്ന് കരുതിയവരില്‍ ഒരാളും നേപ്പിയന്‍ എംപിയുമായ ചന്ദ്ര ആര്യയെ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയതിനു പിന്നിലും വിദേശ ബന്ധവുമായി ബന്ധപ്പെട്ട ആശങ്കയാണെന്ന് ഗ്ലോബ് ആന്‍ഡ് മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള ചന്ദ്രയുടെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകളും ബാഹ്യ സ്വാധീനത്തിന് അദ്ദേഹം ഇരയാകാനുള്ള സാധ്യതയുമാണ് ആയോഗ്യനാക്കുന്നതിനു പിന്നിലെ കാരണമായും പത്രം പറയുന്നത്.
ജനുവരി അവസാനത്തോടെയാണ് ലിബറല്‍ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതില്‍ നിന്നും ചന്ദ്ര ആര്യയെ പാര്‍ട്ടി വിലക്കിയത്. കൂടാതെ തന്റെ മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടുന്നതിനും ചന്ദ്രയ്ക്ക് പാര്‍ട്ടി അനുമതി നല്‍കിയിട്ടില്ല. രണ്ട് തീരുമാനങ്ങള്‍ക്കും പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ലിബറല്‍ നേതൃത്വം വിശദീകരണങ്ങള്‍ നല്‍കിയിട്ടുമില്ല.
കാനഡയില്‍ നടന്ന സിഖ് വിഘടനവാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്ന മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നതിനിടയിലാണ് ചന്ദ്ര ആര്യ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ച്ചയെ കുറിച്ച് കനേഡിയന്‍ സര്‍ക്കാരിനെ ചന്ദ്ര ആര്യ അറിയിച്ചിരുന്നില്ല. ഇന്ത്യ-കാനഡ ബന്ധത്തെക്കുറിച്ച് സംസാരിച്ചു എന്നതിനപ്പുറം മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും ആര്യ തയ്യാറായില്ലെന്നാണ് ആക്ഷേപം.
ചന്ദ്ര ആര്യക്ക് പകരം നേപ്പിയനില്‍ നിന്നും ഹൗസ് ഓഫ് കോമണ്‍സിലേക്ക് നിലവിലെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി മത്സരിക്കുമെന്നാണ് വിവരം. കാര്‍ണി ഇപ്പോള്‍ ഹൗസ് ഓഫ് കോമണ്‍സ് അംഗമല്ല. വരുന്ന തിരഞ്ഞെടുപ്പിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പൂര്‍ണമായി പ്രഖ്യാപിക്കുന്നതിന് വിദേശ ഇടപെടല്‍ ഭീഷണിയാണോ കാലതാമസം വരുത്തുന്നതെന്ന ചോദ്യം കാര്‍ണി നേരിട്ടിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികളല്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് കാരണമെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി.
അതേസമയം, വിദേശ ഇടപെടലുകള്‍ ഭരണകക്ഷിയായ ലിബറലുകളില്‍ മാത്രമല്ല ആശങ്കയും അരക്ഷിതത്വവും സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളും ഇതേ പ്രശ്നം നേരിടുകയാണ്. 2022 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് നേതൃത്വത്തിലേക്ക് പിയറി പൊയിലീവ്രെയെ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ മുറുകിയിരിക്കുന്നത്. പിയറി തന്നെയാണ് ആ മത്സരത്തില്‍ വിജയിച്ചതും. വിവാദം തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഇടപെടലിന് തെളിവുകളൊന്നുമില്ല, ഇത്തരമൊരു കാര്യത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പിയറിയും പറയുന്നത്.
ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് കനേഡിയന്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അവരെ കൂടുതല്‍ കുഴപ്പിക്കുന്നത് ഇപ്പോള്‍ മറ്റൊരു പ്രശ്നമാണ്. ഡൊണാള് ട്രംപിന്റെ അമേരിക്ക എന്തെങ്കിലും ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യമായി അവരുടെ മുന്നിലുള്ളത്. ട്രംപ് വന്നപ്പോള്‍ മുതല്‍ കാനഡയുമായി പ്രശ്നത്തിലാണ്. വ്യാപരയുദ്ധത്തിലാണ് രണ്ടു പേരും. ട്രംപിന്റെ താരിഫ് നയങ്ങള്‍ തന്നെയാണ് എല്ലാത്തിനും തുടക്കമിട്ടത്. കാനഡയെ അമേരിക്കയുടെ പുതിയ സംസ്ഥാനമായി കൂടെച്ചേര്ക്കുമെന്നൊക്കെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇതെല്ലാം കാനഡയെ അവരുടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭയത്തിന് കാരണങ്ങളാകുന്നുണ്ട്. Warning of potential interference by foreign countries, including India, in Canada’s federal election
Content Summary; Warning of potential interference by foreign countries, including India, in Canada’s federal election
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.