July 07, 2026 |
Share on

പ്രകൃതിയല്ല, മനുഷ്യനാണ് കാരണം; മണ്ണ് കൂട്ടിയിട്ട് ഉണ്ടാക്കിയ ദുരന്തം, എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചു

അപകട മുന്നറിയിപ്പുകള്‍ അവഗണിച്ച കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

വയനാട്-കള്ളാടി തുരങ്ക പാതയുടെ പദ്ധതി പ്രദേശമായ മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിന് പിന്നില്‍ കരാറുകാരുടെ കടുത്ത അനാസ്ഥയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കരാറുകാരെ ദുരന്തത്തില്‍ പ്രതി ചേര്‍ത്താണ് മുഖ്യമന്ത്രി വി ഡി സതീശനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറും പ്രതികരിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് ഇപ്പോള്‍ ദുരന്തമായി ഇടിഞ്ഞിറങ്ങിയത്. കനത്ത മഴ പെയ്താല്‍ മണ്ണിടിഞ്ഞ് അപകടമുണ്ടാകുമെന്ന് പലതവണയായി മുന്നറിയിപ്പ് നല്‍കിയിട്ടും കരാറുകാര്‍ അവഗണിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേരളത്തെ നടുക്കിയ ഈ അപകടം ഒരു മനുഷ്യ നിര്‍മിത ദുരന്തമാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായ മണ്ണ് പ്രദേശത്ത് കൂട്ടിയിട്ടിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നതാണ്. ജില്ല കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കഴിഞ്ഞ മാസം 20 ആം തീയതി തന്നെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും യോഗം ചേര്‍ന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മന്ത്രിയുടെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ ജില്ല കളക്ടറുടെയോ നിര്‍ദേശം കരാറുകാര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്.

225 മില്ലി മീറ്റര്‍ മഴ അപകട പ്രദേശത്ത് പെയ്തിരുന്നു. ചെളി കലര്‍ന്ന മണ്ണാണ് ഇവിടെ. നല്ല രീതിയില്‍ മഴ പെയ്താല്‍ ഈ മണ്ണ് ഇടിഞ്ഞു വീഴുമെന്ന് ദുരന്തനിവാരണ അതോറിറ്റി പ്രദേശം സന്ദര്‍ശിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ കരാറുകാര്‍ ഈ മണ്ണ് നീക്കം ചെയ്യാതിരുന്നത് ദുരന്തത്തിലേക്ക് നയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മഴയുടെ കാര്യത്തില്‍ ശരിയായ മുന്നറിയിപ്പ് നല്‍കിയല്ല എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. രണ്ട് ദിവസത്തോളം റെഡ് അലര്‍ട്ടിന് സമാനമായി കനത്ത മഴ പെയ്തിരുന്നുവെങ്കിലും വയനാട്ടില്‍ യെല്ലോ അലര്‍ട്ടായിരുന്നു നല്‍കിയിരുന്നതെന്ന പരാതിയില്‍, കേന്ദ്ര സര്‍ക്കാരിന്റെ പോളിസി അനുസരിച്ചാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മഴയുടെ പ്രശ്‌നമല്ല ഇവിടെ ഉണ്ടായതെന്നും മണ്ണ് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നും മുഖ്യമന്ത്രി ഈ പരാതി തള്ളിക്കൊണ്ട് പറഞ്ഞു.

കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ചുമതല. മണ്ണ് വലിയ തോതില്‍ കൂന കൂട്ടിയിട്ടിരിക്കുന്നത് അപകടമാണെന്ന് പ്രദേശം സന്ദര്‍ശിച്ച പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെങ്കിലും ആ സമയത്ത് വേണ്ട പരിഹാരം ചെയ്യാന്‍ തയ്യാറായില്ല. പിന്നീട് മഴ കനത്തപ്പോള്‍ മണ്ണ് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച വന്നുവെങ്കിലും മഴ സമയത്തെ മണ്ണ് നീക്കം കൂടുതല്‍ അപകടം വരുത്തിവയ്ക്കുമെന്ന് മനസിലാക്കി അതില്‍ നിന്നും പിന്‍തിരിഞ്ഞു. പക്ഷേ പ്രതീക്ഷിച്ചിരുന്നതുപോലെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ അത് തടയാന്‍ പാകത്തില്‍ ഒന്നും തന്നെയില്ലായിരുന്നു.

മണ്ണിടിച്ചിലിന് ഉത്തരവാദിത്തം തുരങ്ക നിര്‍മാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേയ്ക്കാണെന്നാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ആരോപിക്കുന്നത്. നിര്‍മാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടില്ലെന്നാണ് മന്ത്രി ആരോപിക്കുന്നത്. രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയതാണ്, വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പൊതുമരമാത്ത് വകുപ്പിനെ നോക്കു കൂത്തിയാക്കിയാണ് കരാറെന്നും മന്ത്രി പറയുന്നു. പൊതുമരാമത്ത് വകുപ്പിനെ ഈ ദുരന്തത്തില്‍ കുറ്റപ്പെടുത്തരുതെന്നും പദ്ധതിയുമായി തന്റെ വകുപ്പിന് ബന്ധമില്ലെന്നും അനുമതി നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും പി കെ ബഷീര്‍ പറഞ്ഞു.

സ്ഥിരീകരിച്ച വിവരം അനുസരിച്ച് ഒരു മരണം സംഭവിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ അപകട സ്ഥലത്ത് നിന്നും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് നല്‍കി നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചിരുന്നതുകൊണ്ട് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. എങ്കിലും എഞ്ചിനീയര്‍മാരടക്കം പ്രദേശത്ത് ആളുകളുണ്ടായിരുന്നു. തൊഴിലാളികളെ കൊണ്ടു വന്ന ബസുകളും മണ്ണിടിച്ചിലില്‍ പെട്ടെന്ന് വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്.

Content Summary; Wayanad Tunnel landslide: Kerala govt blames contractor’s negligence for the disaster near Meenakshi Palam. 1 dead, 7 injured, and 7 missing

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×