മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനായി പോയ ട്രാക്ടർ-ട്രോളി കുളത്തിൽ മറിഞ്ഞ് 11 പേർ മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകുന്നേരം പന്ഥാന ടൗണിലെ അർദാല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. രാജ്ഗഡ് ഗ്രാമപഞ്ചായത്തിലെ പദ്ലാഫാറ്റ നിവാസികളാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം ആളുകളുമായിട്ടാണ് ട്രാക്ടർ ട്രോളി നിമജ്ജനത്തിനായി കുളത്തിലേക്ക് ഇറങ്ങിയത്. ട്രോളി റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ആഴമുള്ള വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആരതി (18), ദിനേശ് (13), ഊർമ്മിള (16), ശർമിള (15), ഗണേഷ് (20) എന്നിവരുടെ മൃതദേഹം ലഭിച്ചു.
‘ഏഴ് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ എട്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്’ ഡിഐജി ഖണ്ഡ്‌വ ഡിഐജി സിദ്ധാർത്ഥ് ബഹുഗുണ അറിയിച്ചു. വാഹനം വെള്ളക്കെട്ടിലേക്ക് ഇറക്കരുതെന്ന് പ്രദേശത്തെ കോട്വാർ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ചു. ട്രോളി റിവേഴ്സ് എടുക്കുമ്പോൾ ഒരു കല്ലിലിടിച്ച് മറിഞ്ഞതായിരിക്കാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു.
Also Read: ഒന്നുകില്‍ മോശമായത്, അല്ലെങ്കില്‍ ഏറ്റവും മോശമായത് ; ഹമാസിന്റെ മുന്നിലുള്ള രണ്ട് വഴികള്‍
ട്രോളി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന യാത്രക്കാർ വെള്ളത്തിലേക്ക് തെറിച്ചു വീണു. നിരവധി പേർ നീന്തി രക്ഷപ്പെട്ടെങ്കിലും പതിനൊന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉടൻ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾക്കായി ജെസിബി യന്ത്രം ഉപയോഗിച്ച് ട്രോളി പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കാണാതായ അവസാനത്തെ കുട്ടിയുടെ (എട്ട് വയസ്സുള്ള പെൺകുട്ടി) മൃതദേഹവും കണ്ടെത്തി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഖണ്ഡ്‌വയിലെയും ഉജ്ജയിനിലെയും സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു.
content summary: 11 dead as tractor-trolley with Durga idol plunges into pond in Madhya Pradesh
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.