വയനാട്ടില്‍ ഉണ്ടായ മണ്ണിടിച്ചില്‍ പ്രകൃതി ക്ഷോഭമല്ല, മറിച്ച് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി എടുത്തുവെച്ച മണ്‍കൂനകളാണ്. എന്നാല്‍ മനുഷ്യ ജീവന് കവര്‍ന്ന ദുരന്തത്തിന് പിന്നില്‍ കരാര്‍ കമ്പനിയുടെ മാത്രം വീഴ്ചയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും, സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കും ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മിനിട്സ് വിവരങ്ങള്‍.
കഴിഞ്ഞ ജൂണ്‍ 25-ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഈ മണ്‍കൂനകള്‍ ഉയര്‍ത്തുന്ന വന്‍ സുരക്ഷാ ഭീഷണിയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്ന് ഈ രേഖകള്‍ അടിവരയിടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും വയനാട് ജില്ലാ കളക്ടര്‍ തന്നെ യോഗത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
പദ്ധതി പ്രദേശത്ത് വലിയ അളവില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് മഴക്കാലത്ത് ‘സോയില്‍ പൈപ്പിങ്’ (ഭൂമിക്കടിയില്‍ തുരങ്കങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസം), ‘സ്ലോപ്പ് സ്റ്റെബിലിറ്റി’ (മണ്‍തിട്ടകളുടെ സുരക്ഷിതത്വം) എന്നിവയെ ബാധിക്കുമെന്നും അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സ്പെഷ്യല്‍ സെക്രട്ടറി തന്നെ യോഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ അപകടസാധ്യത മുന്‍കൂട്ടി അറിഞ്ഞിട്ടും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് മിനിട്സിലെ വിവരങ്ങള്‍ തെളിയിക്കുന്നത്.
തുരങ്ക നിര്‍മാണത്തിലൂടെ പുറത്തുവരുന്ന വലിയ അളവിലുള്ള മണ്ണ് താല്‍ക്കാലികമായി സൂക്ഷിക്കാന്‍ പദ്ധതി പ്രദേശത്ത് സ്ഥലപരിമിതിയുള്ള കാര്യം കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് (കെആര്‍സിഎല്‍) ഔദ്യോഗികമായി യോഗത്തെ അറിയിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ ഭൂമിയോ സ്വകാര്യ ഭൂമിയോ കണ്ടെത്തി നല്കിയാല് അതിന്റെ വാടക പൂര്‍ണ്ണമായും നല്‍കാമെന്ന് കരാര്‍ കമ്പനിയും സമ്മതിച്ചിരുന്നതാണ്. ഈ മണ്ണ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ട പൂര്‍ണ്ണ ചുമതല ജില്ലാ ഭരണകൂടത്തിനായിരുന്നു എന്ന് മിനിട്സ് വ്യക്തമാക്കുന്നു. മണ്ണ് നീക്കം ചെയ്യുമ്പോള്‍ നല്കേണ്ടിവരുന്ന റോയല്‍റ്റി ഫീസ് ഒഴിവാക്കി നല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ദുരന്തം സംഭവിക്കുന്നതുവരെ ഈ സ്ഥലം കണ്ടെത്തി നല്‍കുന്നതിലും ആവശ്യമായ സാങ്കേതിക അനുമതികള്‍ വേഗത്തിലാക്കുന്നതിലും ഔദ്യോഗിക തലത്തില്‍ വലിയ കാലതാമസമാണ് ഉണ്ടായത്.
മഴക്കാലത്ത് ഈ മണ്‍തിട്ടകളില്‍ നിന്ന് പെട്ടെന്ന് മണ്ണെടുക്കുന്നത് അവയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും അത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പരിസ്ഥിതി-സാങ്കേതിക വിദഗ്ദ്ധര്‍ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയോട് അടിയന്തര സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ചുരുക്കത്തില്‍, പദ്ധതി പ്രദേശത്തെ മണ്‍കൂനകള്‍ വന്‍ ദുരന്തത്തിന് കാരണമായേക്കാമെന്ന് കൃത്യമായ ബോധ്യമുണ്ടായിട്ടും, മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനുള്ള പ്രായോഗിക നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനിക്കോ ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധിച്ചില്ലെന്നാണ് പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ അപകടത്തിന് പിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ആരോപണങ്ങള്‍ നീട്ടിയത് പദ്ധതിയുടെ നിര്‍വാഹണ ഏജന്‍സിയായ(സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍-എസ്പിവി) കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനും നിര്‍മാണ കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണിനും എതിരെയായിരുന്നു.
കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നതാണെന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത്. ജില്ല കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കഴിഞ്ഞ മാസം 20 ആം തീയതി തന്നെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും യോഗം ചേര്‍ന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മന്ത്രിയുടെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ ജില്ല കളക്ടറുടെയോ നിര്‍ദേശം കരാറുകാര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്.
മണ്ണിടിച്ചിലിന് ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ആണന്നാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ആരോപിച്ചത്. നിര്‍മാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടില്ലെന്നാണ് മന്ത്രിയും പറഞ്ഞത്. പൊതുമരാമത്ത് വകുപ്പിനെ ഈ ദുരന്തത്തില്‍ കുറ്റപ്പെടുത്തരുതെന്നും പദ്ധതിയുമായി തന്റെ വകുപ്പിന് ബന്ധമില്ലെന്നും അനുമതി നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും പി കെ ബഷീര്‍ ജാമ്യമെടുത്തിരുന്നു.
എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വാദങ്ങള്‍ ഭാഗികമായി മാത്രമാണ് ശരിയെന്ന് കാണാം. കരാര്‍ കമ്പനിക്ക് മണ്ണ് മാറ്റുന്നതില്‍ സാങ്കേതികമായ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കിലും, അവര്‍ക്ക് മണ്ണ് മാറ്റാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നല്കുന്നതില് ജില്ലാ ഭരണകൂടത്തിനും, മേല്‍നോട്ടം വഹിക്കുന്നതില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തുല്യ ഉത്തരവാദിത്തമുണ്ടായിരുന്നു.
മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കുറ്റപ്പെടുത്തുന്നതുപോലെ, മണ്ണ് മാറ്റാനുള്ള നിര്‍ദേശം കരാര്‍ കമ്പനി മനഃപൂര്‍വ്വം അവഗണിച്ചതാണ് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. കാരണം, നിര്‍മ്മാണ സൈറ്റില്‍ മണ്ണ് സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാര്യം കൊങ്കണ്‍ റെയില്‍വേ യോഗത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഉള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കാന് യോഗം ചുമതലപ്പെടുത്തിയത് ജില്ലാ ഭരണകൂടത്തെയാണ്. മാത്രമല്ല, അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കിയാല് അതിനുള്ള വാടക പൂര്‍ണ്ണമായും നല്‍കാമെന്ന് കരാര്‍ കമ്പനി യോഗത്തില്‍ സമ്മതിച്ചിട്ടുമുണ്ട്.
വലിയ അപകടത്തിന് കാരണമാകുമെന്ന് മനസിലാക്കിയിട്ടും മണ്ണ് മാറ്റാന്‍ ആവശ്യമായ സ്ഥലം യുദ്ധകാലാടിസ്ഥാനത്തില്‍ കണ്ടെത്തി നല്കുന്നതില് ജില്ലാ ഭരണകൂടത്തിനും വീഴ്ച പറ്റിയിട്ടുണ്ട് എന്നു തന്നെയാണ് മിനിട്സ് തെളിയിക്കുന്നത്.
മണ്ണ് നീക്കാന്‍ ഉത്തരവിട്ടിട്ടും കരാറുകാര്‍ നീക്കിയില്ല എന്നുള്ള മുഖ്യമന്ത്രിയുടെ വാദത്തെ പൂര്‍ണ്ണമായി പ്രതിരോധത്തിലാക്കുന്നതാണ് മിനിട്സിലെ പത്താമത്തെ പോയിന്റ്. മഴസമയത്ത് ഈ മണ്ണ് അവിടുന്ന് നീക്കം ചെയ്യുന്നത് മണ്‍തിട്ടയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും അത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും യോഗത്തില്‍ വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.
അതായത്, മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണ് അവിടുന്ന് മാറ്റുന്നത് കൂടുതല്‍ അപകടമാണെന്ന് ഔദ്യോഗിക യോഗം വിലയിരുത്തുകയും, ഇതില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി പ്രതിനിധിയോട് ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഈ സാങ്കേതിക തടസ്സം നിലനില്‍ക്കെയാണ് മണ്ണ് നീക്കിയില്ലെന്ന പേരില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്തുന്നത്.
തന്റെ വകുപ്പിന് പദ്ധതിയുമായി ബന്ധമില്ല, അനുമതി നല്‍കിയത് കേന്ദ്രമാണ് എന്ന പൊതുമരാമത്ത് മന്ത്രിയുടെ വാദവും പൊളിയുന്നുണ്ട്. യോഗം നടന്നത് തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. യോഗത്തിന് നേതൃത്വം നല്കിയതും തീരുമാനങ്ങള്‍ എടുത്തതും പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ആദില അബ്ദുള്ള ഐഎഎസ്, അഡീഷണല്‍ സെക്രട്ടറി വിനോദ് വി. ആര് ഐഎഎസ്, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ അന്‍സാര്‍ എ. എന്നിവരുടെ നേതൃത്വത്തിലാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, പദ്ധതി പ്രദേശത്ത് അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയതും മണ്ണ് മാറ്റാന്‍ നിര്‍ദ്ദേശിച്ചതും പൊതുമരാമത്ത് വകുപ്പ് തന്നെയാണെന്നതാണ്. നിലവില്‍ പദ്ധതി പൂര്‍ണ്ണമായും മോണിറ്റര്‍ ചെയ്യാനും, റോഡ് നിര്‍മ്മാണ ചുമതലകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചതും പൊതുമരാമത്ത് വകുപ്പാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് തുരങ്ക പാതയ്ക്ക് അനുമതി നല്‍കിയതെങ്കിലും, പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിലും മേല്‍നോട്ടം വഹിക്കുന്നതിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നേരിട്ട് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട് എന്ന് മിനിട്സിലെ ഓരോ വരിയും വ്യക്തമാക്കുന്നു.
മഴ മുന്നറിയിപ്പിന്റെ പ്രശ്നമല്ല, മണ്ണ് മാറ്റാത്തതാണ് പ്രശ്നം എന്ന് മുഖ്യമന്ത്രി വാദം ഉയര്‍ത്തിയിരുന്നു. കനത്ത മഴ പെയ്താല്‍ ദുരന്തമുണ്ടാകുമെന്ന് ജൂണ്‍ 25-ലെ യോഗത്തില്‍ തന്നെ വ്യക്തമായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും വയനാട് കളക്ടര്‍ യോഗത്തെ അറിയിച്ചിരുന്നതുമാണ്. 250 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ എല്ലാ ദിവസവും കൃത്യമായി നിരീക്ഷിക്കണമെന്ന് മിനിട്സില്‍ വ്യക്തമാക്കുന്നുണ്ട്. അപകടസ്ഥലത്ത് 225 മില്ലി മീറ്റര്‍ മഴ പെയ്തു എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയുമാണ് മണ്‍തിട്ട ഇടിയാന്‍ പെട്ടെന്ന് കാരണമായതെന്നിരിക്കെ, തെറ്റായ മഴ മുന്നറിയിപ്പുകളുടെ (യെല്ലോ അലര്‍ട്ട് നല്‍കിയത്) പങ്ക് പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ല.
ചുരുക്കി പറഞ്ഞാല്‍, അപകടസാധ്യത മുന്‍കൂട്ടി അറിഞ്ഞിട്ടും, പരസ്പരം കുറ്റപ്പെടുത്തി സമയം കളയുകയും പ്രായോഗിക നടപടികള്‍ വൈകിപ്പിക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് മിനിട്സ് പരിശോധിച്ചാല്‍ വ്യക്തമാണ്.
Content Summary; Wayanad Landslide, Official meeting minutes expose severe lapses by PWD and District Administration. Despite warnings about soil piping and heavy rains, delay in assigning land for muck removal led to the disaster
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.