June 26, 2026 |

‘തൃശൂര്‍ പൂരത്തിന്‌ വെടിക്കെട്ട് വേണോ, സര്‍ക്കാരും ജനവും തീരുമാനിക്കട്ടെ’

സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് പറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചിരിക്കുന്നത്‌

മുണ്ടത്തിക്കോട് വെടിമരുന്ന് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഒഴിവാക്കി ചടങ്ങ് മാത്രമായി പൂരം നടത്താനുള്ള നീക്കങ്ങള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് പാറമേക്കാവ് ദേവസ്വം പ്രതിനിധി അഴിമുഖവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ജില്ല ഭരണകൂടം തീരുമാനം എടുത്തിട്ട് അറിയിക്കും. ആ തീരുമാനശേഷം രണ്ട് ദേവസ്വങ്ങളും വെവ്വേറ യോഗങ്ങള്‍ കൂടും, അതില്‍ ഉണ്ടാക്കുന്ന തീരുമാനങ്ങളുടെ പുറത്ത് വീണ്ടും ഒരുമിച്ചൊരു യോഗം കൂടും. ആ യോഗത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും എന്നാണ് ദേവസ്വം പ്രതിനിധി അഴിമുഖത്തോട് പറഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനം വളരെ നിര്‍ണായകമാണ്. ആനകളെ എഴുന്നള്ളിക്കുക, പടക്കം പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്നവയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്നും പാറമേക്കാവ് ഭാഗം പ്രതിനിധി പറയുന്നു.

കൊറോണ കാലത്ത് ഉള്‍പ്പെടെ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയിട്ടുണ്ട്. ഇത്തവണ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയുടെ ആമുഖമായി പറമേക്കാവ് പ്രതിനിധി പറയുന്നു. ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വരാതെ ഒന്നും പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു. അന്തിമ തീരുമാനം ജില്ല ഭരണകൂടത്തിന് വിട്ടുകൊടുക്കുകയാണ് രണ്ട് ദേവസ്വങ്ങളും. എങ്കിലും ജനങ്ങളുടെ പൊതുവായ വികാരം, പൂരം സാമ്പ്രദായികരീതിയില്‍ തന്നെ ഇത്തവണയും നടക്കണമെന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്. ശ്രദ്ധപൂര്‍വം എല്ലാം സുരക്ഷകളും ഉറപ്പാക്കി ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ തക്ക രീതിയില്‍ വെടിക്കെട്ടുകള്‍ നടത്തണമെന്ന പൊതുവികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരുപരിധി വരെ ജനം എന്നു പറയുന്നത് സര്‍ക്കാര്‍ ആയതിനാല്‍, സര്‍ക്കാരിന്റെ തീരുമാനം കൂടി പരിഗണിച്ചു മാത്രമെ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് പറയാന്‍ കഴിയൂ.

ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പറമേക്കാവ് പ്രതിനിധി വിശ്വാസം പ്രകടിപ്പിക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഞങ്ങളോ, ഞങ്ങളെ കേള്‍ക്കാതെ ഒരു തീരുമാനം എടുക്കാന്‍ സര്‍ക്കാരോ തയ്യാറാകില്ലെന്ന് അദ്ദേഹം പറയുന്നു. തൃശൂര്‍ പൂരവും അതിന്റെ ആഘോഷങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്നതാണ്, അക്കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടാം. സംസ്ഥാനം മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളും ഇതില്‍ നിര്‍ണായകമാണ്. അതുകൊണ്ട് ഔദ്യോഗിക തലത്തില്‍ കാര്യങ്ങള്‍ എങ്ങനെ പരിഗണിക്കപ്പെടുമെന്നത് കാത്തിരുന്നു മാത്രം അറിയേണ്ടതാണ്.

ചൊവ്വാഴ്ച്ചത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍, വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇത്തരം ആക്ഷേപങ്ങള്‍ തള്ളിക്കളയാന്‍ മുതിരില്ലെന്നും, ഇതെല്ലാം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നും പറമേക്കാവ് പ്രതിനിധി പറഞ്ഞു. ജനങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ നടക്കും, വേണ്ടെന്നാണെങ്കില്‍ വേണ്ട, അദ്ദേഹത്തിന്റെ വാക്കുകള്‍. ജനവികാരം എന്നതിനൊപ്പമായിരിക്കുമല്ലോ സര്‍ക്കാര്‍, അതുകൊണ്ട് എല്ലാകാര്യങ്ങളും വിലയിരുത്തി, എല്ലാവരും ചേര്‍ന്നിരുന്ന് ഒരു തീരുമാനത്തിലെത്തുകയാവും ഉണ്ടാവുക.

വെടിക്കെട്ട് മുമ്പും വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ ഈയൊരു അപകടത്തിന്റെ പേരില്‍ വെടിക്കെട്ട് വേണ്ടായെന്ന് വയ്ക്കുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്. എങ്കിലും സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. വേണ്ടെന്നു വച്ചാല്‍ തയ്യാറാക്കിയിരിക്കുന്ന പടക്കങ്ങള്‍ അത്രയും എന്തു ചെയ്യുമെന്നത് ആലോചിക്കേണ്ടതാണ്, അതുപോലെ പടക്കനിര്‍മാണവുമായി ബന്ധപ്പെട്ട മനുഷ്യരുടെ കാര്യവും ആലോചിക്കണം. മുമ്പ് ഒരു തവണ ഒരേ ലൈസന്‍സി തന്നെ രണ്ടു വിഭാഗക്കാര്‍ക്കും വേണ്ടി പടക്കങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ വെടിക്കെട്ട് ഒരുമിച്ച് നടത്തുകയുമാകാം.

അപകടം നടന്ന സ്ഥലത്ത് ഉണ്ടാക്കിയിരുന്നത് തൃശൂര്‍ പൂരത്തിന് വേണ്ടിയുള്ള പടക്കങ്ങള്‍ മാത്രമായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും ദേവസ്വം പ്രതിനിധി പറയുന്നു. മറ്റ് ക്ഷേത്രോത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള പടക്കങ്ങളും ഒരേ സ്ഥലത്ത് തന്നെ ഉണ്ടാക്കറ് പതിവുണ്ട്. അതുപോലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ചൂട് ഒരു കാരണമാകാം, അതുപോലെ വെടിമരുന്ന് ഘര്‍ഷണം മൂലം തീപിടിച്ചതുമാകാം.

അപകടത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. ഇത്തവണ പൂരത്തിന് വെടിക്കെട്ട് വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ മുറുകുമ്പോള്‍, സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തന്നെയാണ് രണ്ടു ദേവസ്വങ്ങളും തീരുമാനിച്ചിരിക്കുന്നത്.

Content Summary; Thrissur Pooram Fireworks Subject to Government Decision, said devaswom representative, Thrissur fireworks accident

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×