വിദേശ രാജ്യങ്ങളിലേക്ക് പോലും അനുനിമിഷം പടർന്ന് പന്തലിച്ച എം എ യൂസഫലിയുടെ ലുലു സാമ്രാജ്യം. കേരളത്തിലെ രണ്ട് വ്യാവസായിക നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും ഇതിനകം വേരുപിടിച്ച് കഴിഞ്ഞു. ഉപ്പ് മുതൽ കർപ്പൂരം വരെ ഞൊടിയിടയിൽ ലഭിക്കുന്ന ഈ വമ്പൻ ഷോപ്പിംഗ് മാളിന് ഉപയോക്താക്കൾ ഏറെയാണ്.
ഏതാണ്ട് രണ്ട് വർഷത്തിലേറെയായി തൃശൂരിൽ മാൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളുമായി ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നു. എന്നാൽ, നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലം നിയമപരമായ പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് പദ്ധതി ഇതുവരെ ആരംഭിക്കാൻ ലുലു ഗ്രൂപ്പിന് സാധിച്ചിട്ടില്ല. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന വാദമുയർത്തിയായിരുന്നു ഇക്കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എത്തിയത്. മാൾ നിർമ്മിക്കാൻ സ്ഥലമേറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലായിരുന്നു ലുലുവിനെതിരെ കേസ് എത്തിയത്. ഈ രാജ്യത്ത് ഒരു ബിസിനസ് സംരഭം മുന്നോട്ട് പോകണമെങ്കിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരുമെന്നായിരുന്നു യൂസഫലി ഈ സംഭവത്തിൽ നൽകിയ വിശദീകരണം.
എന്നാൽ യൂസഫലി പറഞ്ഞ കഥയിൽ ഒരു മാറ്റമുണ്ട്. മാളിന്റെ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് വാങ്ങിയ സ്ഥലത്തിന് മേലുള്ള കേസിലെ പരാതിക്കാരൻ ഒരു രാഷ്ട്രീയ പാർട്ടിയല്ല, വരാന്തരപ്പിള്ളി സ്വദേശിയും സിപിഐ നേതാവുമായ ടി എൻ മുകുന്ദനാണ്.
ലുലു മാൾ നിർമ്മാണത്തിനായി എം എം യൂസഫലി വാങ്ങിയ സ്ഥലത്തിന്റെ കീഴാധാരക്കാരൻ തൃശൂരിലുള്ള ചിറേക്കാരൻ ഗ്രൂപ്പാണ്. ജിയോളജി പെർമിറ്റ് പ്രകാരം ആ സ്ഥലത്ത് നിന്ന് കളിമണ്ണ് ഖനനം ചെയ്യുന്നത് മുകുന്ദന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതിരെ വില്ലേജ് ഓഫീസർ, ആർഡിഒ, കളക്ടർ എന്നിവർക്ക് പരാതി നൽകുകയാണുണ്ടായത്. ആ കേസ് നിലനിൽക്കെയാണ് ഭൂമി പരിവർത്തനം ചെയ്യുന്നതിന് വേണ്ടി ചിറേക്കാരൻ ഗ്രൂപ്പ് ആർഡിഒയെ സമീപിക്കുന്നത്. എന്നാൽ ആർഡിഒ അപേക്ഷ നിരസിച്ചു. ഇതിന് പിന്നാലെ തന്നെ ചിറേക്കാരൻ ഗ്രൂപ്പ് ലാൻഡ് റവന്യൂ ഓഫീസർക്ക് അപ്പീൽ നൽകി. എന്നാൽ, ആ അപ്പീലും നിരസിക്കപ്പെട്ടു, കൂടാതെ ആർഡിഒയുടെ നടപടി ലാൻഡ് റവന്യൂ ഓഫീസർ ശരി വയ്ക്കുകയും ചെയ്തു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
ഈ കേസ് നിലനിൽക്കുന്ന സമയത്താണ് ലുലു ഗ്രൂപ്പ് ചിറേക്കാരൻ ഗ്രൂപ്പിൽ നിന്ന് സ്ഥലം വാങ്ങുന്നത്. കൈവശം ലഭിച്ച ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാനായി ലുലു ഗ്രൂപ്പ് ആർഡിഒയ്ക്ക് അപേക്ഷ നൽകി. അത്തരം അപേക്ഷകൾ കൃഷി ഓഫീസറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സമ്മതത്തോടെ മാത്രമേ പരിഗണിക്കാവൂ. എന്നാൽ ആർഡിഒ നേരിട്ട് ഈ ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി. അങ്ങനെ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ ഭൂമി തരം മാറ്റുന്നതിനായി ലുലു ഗ്രൂപ്പ് വീണ്ടും ഒരു അപേക്ഷ നൽകി. ആർഡിഒ ആ അപേക്ഷ സ്വീകരിക്കുകയും 8 കോടി 80 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് അടപ്പിച്ച് ഭൂമി തരം മാറ്റി നൽകുകയും. തങ്ങളുടെ കൈവശമെത്തിയ ഭൂമിയിൽ ലുലു ഗ്രൂപ്പ് കുളം കുഴിയ്ക്കുകയും മതിൽ കെട്ടുകയുമൊക്കെ ചെയ്തിരുന്നു. അതിനെതിരെ തനിക്ക് ലഭിച്ച പരാതി ആർഡിഒ കളക്ടർക്ക് കൈമാറി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് കൊടുത്തു. എന്നാൽ, കേരള തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരം മാറ്റി കിട്ടിയ ഭൂമിയായത് കൊണ്ട് തന്നെ ഈ കേസിൽ തങ്ങൾക്ക് മേലെ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. രേഖകൾ പരിശോധിച്ച ശേഷം ലുലു ഗ്രൂപ്പിന്റെ വാദം കളക്ടർ ശരി വച്ചു. തങ്ങൾക്ക് തരംമാറ്റി ലഭിച്ച ഭൂമിയിൽ നിർമ്മാണം തടസപ്പെടുത്തുവെന്ന് ചൂണ്ടിക്കാണിച്ച് ലുലു ഗ്രൂപ്പ് കേസുമായി കോടതിയെ സമീപിച്ചു. ഈ കേസിലാണ് പിന്നീട് മുകുന്ദൻ കക്ഷി ചേർന്നത്.
ഇതിന്റെ തൽസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കോടതി കളക്ടറേയും ആർഡിഓയേയും ചുമതലപ്പെടുത്തി. സ്ഥലം സന്ദർശിച്ച ആർഡിഒ 2018ന് ശേഷം ഭൂമി നികത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായികണ്ടെത്തുകയും ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. 2020 വരെ രണ്ട് ഭൂ നെൽകൃഷി ചെയ്ത പാടമാണെന്നും നിയമലംഘനമാണ് നടത്തുന്നതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ടി മുകുന്ദന്റെയും ലുലു ഗ്രൂപ്പിന്റെയും ഭാഗത്ത് നിന്ന് വാദങ്ങൾ കേട്ട കേസിൽ ഇനി അന്തിമ വിധി മാത്രമാണ് വരാനുള്ളത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പാടശേഖരങ്ങളിൽ അനധികൃതമായ നിർമ്മാണം ശ്രദ്ധയിൽപ്പെട്ടാൽ ഒരു പൗരന് അതിനെതിരെ കേസ് നൽകാനുള്ള അവകാശമുണ്ടെന്നും അതിനുള്ള അധികാരം നിയമം നൽകുന്നുണ്ടെന്നും ടി. മുകുന്ദൻ അഴിമുഖത്തോട് പറഞ്ഞു. ഒരു പാർട്ടി അംഗത്വം തന്നെ ഈ അവകാശത്തിൽ നിന്ന് വിലക്കുന്നില്ലെന്നും ടി മുകുന്ദൻ കൂട്ടിച്ചേർത്തു.
നെൽപ്പാടം നികത്തി അനധികൃത നിർമ്മാണം നടത്തിയ തോമസ് ചാണ്ടി എംഎൽഎയ്ക്ക് എതിരെ കേസ് നൽകിയത് ഞാൻ ആയിരുന്നു. അന്ന് ആരും എന്നെ തടഞ്ഞില്ല. രണ്ട് ഭൂ നെൽകൃഷി ചെയ്തിരുന്ന നെൽവയൽ അല്ലാതെ മറ്റൊരു സ്ഥലം ലുലു ഗ്രൂപ്പിന് തൃശൂർ ജില്ലയിൽ ലഭിച്ചില്ലേ മാൾ പണിയാൻ. ടി മുകുന്ദൻ ചോദിക്കുന്നു
ഇത്തരം തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ആവശ്യകതയാണെന്ന തന്റെ ആദർശത്തെ മുകുന്ദൻ മുറുകെ പിടിക്കുന്നുണ്ട്. തണ്ണീർത്തടങ്ങൾ അവയ്ക്ക് തൊട്ടടുത്തുള്ള ഭൂമിയിലെയും നീരുറവ നിലനിർത്തുന്നു. ഒരു വലിയ ജൈവസമ്പത്ത് തന്നെ ഇവയെ ആശ്രയിച്ച് നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു പാടത്തിന്റെ മൂല്യം നമുക്ക് കണക്കാക്കാൻ സാധിക്കില്ല. പ്രകൃതി സൃഷ്ടിയാണ് പാടങ്ങൾ മനുഷ്യർക്ക് അവ ഒരിക്കലും നിർമ്മിക്കാൻ സാധിക്കില്ല. നെല്ലിന്റെ ഉത്പാദനം വളരെ കുറഞ്ഞ് അന്നമുണ്ണാൻ അയൽ സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.
കളിമൺ ഖനനം നടത്തുകയും വേറെ മണ്ണ് ഈ സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നത് ആവാസ വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. ഖനനം നടത്തുന്നതിന് തൊട്ടടുത്ത ഭൂമിയും കൃഷിയോഗ്യമല്ലാതായി തീരും. കേരള നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തൃശൂരിൽ രൂപീകൃതമായ സംഘടനയുടെ പിന്തുണയിലാണ് താൻ നിയമയുദ്ധത്തിന് ഇറങ്ങിയതെന്ന് ടി മുകുന്ദൻ പറയുന്നത്. ഭാവി തലമുറയ്ക്കും ഭൂമിയ്ക്കും വേണ്ടി ഇനിയും പോരാടുമെന്ന് മുകുന്ദൻ അടിവരയിട്ട് പറയുന്നു. കർഷകനായ മുകുന്ദനെ സംബന്ധിച്ച് ആദ്യം പരിഗണന നൽകുന്നത് ഭൂമിയ്ക്കാണ്, അതിന് വേണ്ടിയുള്ള തന്റെ നിയമയുദ്ധവും തുടരുമെന്നും മുകുന്ദൻ പറഞ്ഞുവയ്ക്കുന്നു.
content summary: T. N. Mukhundan asks whether Yusuff Ali, the owner of the Lulu Group, needs a paddy field to build a mall in Thrissur
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.