June 04, 2026 |
Share on

‘എന്റെ ധാർമ്മികതയ്ക്ക് വിലയിടാനുള്ള പണം യൂസഫ് അലിയ്ക്കില്ല’

പാർട്ടി എനിക്കൊപ്പമുണ്ട്,
കേസുമായി മുന്നോട്ട് പോകും

തൃശൂരിലെ ലുലുമാൾ പദ്ധതിയിലെ ഭൂമി തരംമാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് ടി. എൻ മുകുന്ദന് പ്രതീക്ഷ നൽകുന്നതാണ്. നെൽവയൽ നികത്തി അതിന് മുകളിൽ മാൾ ആരംഭിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് കോടതി ഉത്തരവ്. കുറുക്കുവഴിലൂടെ ഭൂമി തരം മാറ്റിയ കേസിലെ കക്ഷിയായ ലുലു ഗ്രൂപ്പിനോട് നിയമാനുസൃതമായി അപേക്ഷ നൽകാനും കോടതി ആവശ്യപ്പെട്ടിരിക്കയാണ്.

തൃശൂരിലെ ലുലു മാൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ നെൽവയൽ നികത്തിയതിനെതിരെയാണ് സിപിഐ നേതാവ് ടി.എൻ. മുകുന്ദൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. ഈ വിഷയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ കാരണമാണ് തൃശൂരിലെ ലുലു മാൾ പദ്ധതി വൈകുന്നതെന്ന് യൂസഫലി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേസ് നൽകിയത് താനാണെന്ന് പറഞ്ഞ് ടി.എൻ. മുകുന്ദൻ രംഗത്തെത്തിയത്.

കോടതി വിധിയിൽ താൻ സന്തോഷവാനാണെന്ന് സിപിഎം നേതാവ് ടി. എൻ മുകുന്ദൻ അഴിമുഖത്തോട് പറഞ്ഞു. ഡാറ്റ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കി ആർഡിഒ നൽകിയ ഉത്തരവ് നിലവിൽ കോടതി റദ്ദ് ചെയ്തു. ഇങ്ങനെ ചെയ്യുന്നതോടെ ഭൂമിയുടെ തരം മാറ്റൽ ഉത്തരവും സ്വാഭാവികമായും റദ്ദ് ചെയ്യപ്പെടും. ഭൂമിയുടെ തരം മാറ്റലുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഇനിയും അപേക്ഷ നൽകേണ്ടി വരുമെന്ന് ടി. എൻ മുകുന്ദൻ വ്യക്തമാക്കി.

2008ലെ നിയമം അനുസരിച്ചാണ് നിലവിലെ കേസ്. കെഎൽയു നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് പാടശേഖരം നികത്താൻ സാധിക്കില്ല. എന്നാൽ നെൽകൃഷി ലാഭകരമല്ലാത്ത സാഹചര്യത്തിൽ വിള മാറ്റി കൃഷി ചെയ്യാം. ഇതിന് നിയമാനുസൃതമായ അപേക്ഷ ലഭിച്ചാൽ ബദ്ധപ്പെട്ട ഓഫീസർമാർക്ക് വേണ്ട നടപടികൾ സ്വീകരിക്കാം. അങ്ങനെ വിള മാറ്റി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നികന്നു വന്ന ഭൂമികളുണ്ട്. അത്തരം ഭൂമികൾ കൃഷിയോഗ്യമല്ലെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞാൽ കൃഷി ഓഫീസർ അടങ്ങുന്ന കമ്മറ്റിയ്ക്ക് അത് ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകാൻ സാധിക്കും. അതിന് പിൻബലമാകുന്ന രീതിയിൽ ഉപഗ്രഹചിത്രങ്ങളും അപേക്ഷകന് തെളിവായി സമർപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ നിയമാനുസൃതമായി മാത്രം കൈകാര്യം ചെയ്യേണ്ടുന്ന അപേക്ഷയാണ് ആർഡിഒ തന്റെ പ്രത്യേക താത്പര്യത്തിൽ പരിഗണിച്ചതും പാസാക്കിയതെന്നും മുകുന്ദൻ പറയുന്നു.

ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമി നെൽവയൽ സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്. ഭൂമി വാങ്ങുന്നതിന് മുൻപ് തന്നെ അവിടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നിരുന്നു. മുകുന്ദന്റെ പരാതിയെത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പിന്നീട്, നിയമപരമായ നടപടികൾ പാലിക്കാതെ ഭൂമി തരംമാറ്റിയെന്നും ഇതിനെതിരെയാണ് മുകുന്ദൻ കോടതിയെ സമീപിച്ചത്.

കേസിൽ പാർട്ടി എനിക്കൊപ്പമാണ്. ബിനോയ് വിശ്വത്തിന്റെ വാക്കുകൾ പലരും വളച്ചൊടിച്ച് പറയുകയാണുണ്ടായത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി യൂസഫ് അലി ഒരുപാട് സംരഭങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഒരു പത്ത് സെന്റ് ഭൂമി വാങ്ങി അതിൽ കൃഷി ചെയ്യാൻ യൂസഫ് അലിയോട് പറഞ്ഞാൽ അതിന് സാധിക്കുമോ. അയാൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ അല്ല വിൽക്കുന്നതും ഉപയോഗിക്കുന്നതും. അതാണ് വ്യത്യാസം.

തുടക്കത്തിൽ ഈ വിഷയത്തിൽ പാർട്ടിക്ക് നേരിട്ട് പങ്കില്ലെന്ന് സിപിഐ തൃശൂർ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ പിന്നീട്, സംസ്ഥാന നേതൃത്വം മുകുന്ദൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. നെൽവയൽ സംരക്ഷണ നിയമം സംരക്ഷിക്കുന്നതിനുള്ള മുകുന്ദൻ്റെ നിയമപോരാട്ടം പാർട്ടിയുടെ നിലപാട് തന്നെയാണ് എന്ന് സിപിഐ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വിധി വരുന്നതുവരെ കാത്തിരിക്കുമെന്നും അവർ അറിയിച്ചു.

കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി എന്നെയും എന്റെ പാർട്ടിയേയും വക്കീലിനെയും ലുലു ഗ്രൂപ്പ് സമീപിച്ചിരുന്നു. അവര് കൊണ്ട് വന്ന കാശിന് തൂക്കം പോരാ. അത് കൊണ്ട് ഈ കേസിൽ നിന്ന് പിന്മാറാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുകുന്ദൻ പറയുന്നു. കാര്യങ്ങൾ ബോധിപ്പിക്കേണ്ടത് എന്നെയല്ല ജഡ്ജിയാണെന്ന് ഞാൻ അവരോട് പറഞ്ഞു. കൊടുത്ത കേസ് പിൻവലിക്കില്ല ഇനിയെല്ലാം കോടതിയ്ക്ക് വിട്ടിരിക്കയാണെന്ന് മുകുന്ദന്റെ വാക്കുകൾ.

content summary: CPI leader Mukundan stated that the party stands with him and will proceed with the case against the Lulu Group in Thrissur

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×