ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നത് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലേക്കാണ്. നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് അവിടെ കാണാന്‍ കഴിയുന്നത്. സ്വന്തം കണ്‍മുന്നില്‍ നിന്ന് കാണാതായ 11 പേരുടെ മൃതദേഹങ്ങള്‍ നോക്കി ഇരിക്കുകയാണ് ചൂരല്‍മല നിവാസിയായ ജയേഷ്. ബന്ധുക്കളായ സഹോദരന്‍മാര്‍ ഭാസ്‌കരനും വിജയനും, അവരുടെ ബോഡിയാണ് ഇവിടെയുള്ളത്. ചാലിയാറില്‍ നിന്ന് 2 വയസുകാരനായ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയെന്ന് ഇപ്പോള്‍ വിവരം അറിഞ്ഞു. ബാക്കി 8 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭാര്യയുടെ ബന്ധുക്കളും അയല്‍വാസികളുമാണ് ഭാസ്‌കരനും വിജയനും. ഇളയ സഹോദരനായ വിജയന്റെ വീട് പണി നടക്കുകയാണ്. അതുകൊണ്ട് തന്നെ ഷെഡ് കെട്ടിയാണ് കഴിഞ്ഞിരുന്നത്. അന്ന് മഴ കൂടിയപ്പോള്‍ ആ കുടുംബം ഏട്ടന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. ആ വീട്ടില്‍ നിന്നാണ് 11 പേരെ ഒരുമിച്ച് കാണാതായത്.
തലേദിവസം തന്നെ നല്ല മഴയായിരുന്നു. പൂത്തൂര്‍മലയില്‍ കണ്ടത് പോലെ ഉറവകള്‍ പൊട്ടും പോലെ വെള്ളം വരാന്‍ തുടങ്ങിയിരുന്നു. അപ്പോ തന്നെ സംശയം തോന്നി വീട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. ഇത് പുത്തൂര്‍ മലയില്‍ കണ്ടത് പോലെയാണല്ലോ എന്ന്. അന്ന് രാവിലെ ബത്തേരിയില്‍ ഒരു ആവശ്യത്തിന് പോവാന്‍ ഉണ്ടായിരുന്നു. രാവിലെ 6 മണിയ്ക്ക് പോയതാണ്, പക്ഷെ വെള്ളം കാരണം മണിക്കൂറുകള്‍ എടുത്താണ് ബസ് സ്റ്റോപ്പിലേക്ക് എത്തിയത്. ബത്തേരി എത്തിയപ്പോള്‍ അവിടെയെല്ലാം തെളിഞ്ഞ കാലാവസ്ഥയാണ്. പക്ഷെ അപ്പോഴേക്കും കനത്ത മഴയാണെന്ന് പറഞ്ഞ് വിട്ടില്‍ നിന്ന് തുടരെ വിളി വന്നു. തിരിച്ചെത്തി രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നേരത്താണ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ വരും പോലെ അതിഭയങ്കരമായ ശബ്ദം വരുന്നത്. പിടഞ്ഞെണീറ്റ് വാതില്‍ തുറന്ന് ടോര്‍ച്ച് തെളിച്ചപ്പോള്‍ മുറ്റം നിറയെ മരവും ചെളിയുമാണ്. വീടിന്റെ മുന്നിലെ ഒരു ഭാഗത്തൂടെ മലവെള്ളപാച്ചിലും. അടുക്കളവശത്തൂടെ പുറത്തിറങ്ങി.കറന്റും വെളിച്ചവുമൊന്നും ഇല്ല. കാലെടുത്ത് വയക്കുന്നത് ചെളിയിലേക്ക് ആണോ എന്ന് അറിയാന്‍ പറ്റുന്നില്ല. കഴുത്തറ്റം ചെളിയിലൂടെയാണ് മലയുടെ മുകള്‍ ഭാഗത്തേക്ക് കേറിയത്. അടുത്തുള്ള വീടിന്റെ രണ്ടാം നിലയിലേക്ക് ഭാര്യയെയും കുട്ടികളെയും കൂട്ടി ഓടി കയറി. അവരും ഞാനും രക്ഷപ്പെട്ടു. അപ്പുറത്തുള്ളവരോടും ഓടി വരാന്‍ അലമുറയിട്ട് പറഞ്ഞു. പക്ഷെ അപ്പോഴേക്കും ഉരുളുപൊട്ടി ഇങ്ങെത്തിയിരുന്നു.
ഭാര്യ വീട്ടുകാരായ 11 പേരെ കാണാതായി. അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇന്നലെ രാത്രി വരെ ഷര്‍ട്ടില്ലാതെ ചെളിയിലാണ് നിന്നത്. തിരച്ചില്‍ തന്നെയായിരുന്നു. പിന്നീടാണ് ആരോ തന്നെ ഈ ഡ്രസ് ഇടുന്നത്. അവരെ കിട്ടണം. അത് കഴിഞ്ഞിട്ടല്ലേ ഇനി എന്ത് എന്ന് ആലോചിക്കാന്‍ സാധിക്കു. കാണാതായ ആ കുടുംബത്തില്‍ ഒരു മകള്‍ കോഴിക്കോടുണ്ട്. അവള്‍ക്കായി കാത്തുനില്‍ക്കുകയാണ്. എന്ത് പറയണം ആ കുഞ്ഞിനോട് എന്ന് അറിയില്ല. ഇട്ടിരിക്കുന്ന ഡ്രസ് പോലും എന്റേതല്ല, മുന്നോട്ട് എന്താണെന്നും അറിയില്ലെന്നും ജയേഷ് പറയുന്നു.
English Summary: Wayanad landslides: Villages Wiped off the map