UPDATES

”എത്ര മനോഹരമായിരുന്നു മേപ്പാടിയും മുണ്ടക്കൈയും; ഇനിയവിടെയെന്തുണ്ട്? എന്റെ കൂട്ടുകാരൊക്കെ എവിടെയാണ്…?”

ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു, എന്നാൽ ഇന്ന് അവിടെ അവശേഷിക്കുന്നത് മൺകൂനകളും അതിനടിയിൽ പുതഞ്ഞ് കിടക്കുന്ന കുറെ മനുഷ്യരും മാത്രമാണ്

                       

കേരളത്തിന്റെ ഉള്ളുലച്ച വാർത്തയാണ് ജൂലൈ 30 ന് രാവിലെ മലയാളികളെ തേടിയെത്തിയത്. വയനാട്ടിലെ ഉരുൾ പൊട്ടൽ വാർത്തകൾ അത്രമേൽ ഹൃദയ ഭേദകമായിരുന്നു. എന്നാൽ ഉരുൾ പൊട്ടലിന് മുമ്പ് സുന്ദരമായ പ്രകൃതിയാൽ ചുറ്റപ്പെട്ട മേപ്പാടിയും മുണ്ടക്കൈയും ഉണ്ടായിരുന്നു. സാധാരണക്കാരായ മനുഷ്യർ അവരുടെ സന്തോഷങ്ങളും സന്താപങ്ങളും പങ്ക് വച്ച് കഴിഞ്ഞ ഇടം. എന്നാൽ ഇന്ന് അവിടെ അവശേഷിക്കുന്നത് മൺകൂനകളും അതിനടിയിൽ പുതഞ്ഞ് കിടക്കുന്ന കുറെ മനുഷ്യരും മാത്രമാണ് എന്ന് പറയുകയാണ് പഴശ്ശിരാജ കോളേജിലെ അധ്യാപകനും വയനാട് പുൽപള്ളി നിവാസിയുമായ ജിബിൻ വർഗീസ്.

വയനാട് ജില്ലയിൽ കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ മാറിയാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് മേപ്പാടി. കൂടാതെ ഏറ്റവും കൂടുതൽ റിസോർട്ടുകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തൊള്ളായിരം കണ്ടി, ചൂരൽ മല, മുണ്ടക്കൈ, പത്തുമല, തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ. മേപ്പാടി യഥാർത്ഥത്തിൽ മലകളാൽ ചുറ്റപ്പെട്ട സ്ഥലമാണ്, അതുകൊണ്ട് തന്നെ ട്രക്കിങിനും, റിസോർട്ട് ടൂറിസത്തിനും സാധ്യതയുമേറെയാണ്. വയനാട്ടിലെ പ്രധാനപ്പെട്ട വെള്ള ചാട്ടങ്ങൾ, എന്നിവയാലും സമൃദ്ധമാണ് മേപ്പാടിയും അതിന്റെ ചുറ്റുവട്ടങ്ങളും. മുണ്ടക്കൈയും അത്യാവശ്യം വലിയ ഒരു ടൗൺ ആയിരുന്നു. ഒരു പാട് സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും സ്‌കൂൾ അമ്പലം, അംഗനവാടി എല്ലാം ഉണ്ടായിരുന്നു, പക്ഷെ ഇന്നവിടം ശൂന്യമാണ്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന മുണ്ടക്കൈയിൽ ഒരു ചെറിയ തോടും ഉണ്ടായിരുന്നു. മുണ്ടക്കൈയുടെ നേരെ പുറകിലായാണ് ചൂരൽ മല സ്ഥിതി ചെയുന്നത്. കേരളത്തിലെ ഏറ്റവും കൂടുതൽ മഴ പെയ്ത സ്ഥലം മേപ്പാടിയാണ്, അതുകൊണ്ട് തന്നെ മലകളെല്ലാം കുതിർന്ന് നിൽക്കുന്ന അവസ്ഥയിലായിരുന്നു, സമീപവാസികൾ എല്ലാവരും മാറി താമസിക്കുകയും ചെയ്തതുമാണ്. പക്ഷെ മുണ്ടക്കൈയില്ലുള്ളവർക്ക് മാറി താമസിക്കേണ്ട ആവശ്യമില്ല കാരണം മുണ്ടക്കൈയിൽ നിന്ന് രണ്ട് കിലോമീറ്ററോളം മാറിയാണ് ചൂരൽ മല സ്ഥിതി ചെയ്യുന്നത്.

മുണ്ടക്കൈയിൽ സ്ഥിതി ചെയ്തിരുന്ന 300 ഓളം കുടുംബങ്ങളെ ഉരുൾ പൊട്ടൽ തുടച്ച്‌ നീക്കി. വീടുകൾ ഇരുന്ന സ്ഥലത്തു കൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകി കൊണ്ടിരിക്കുന്നത്. ഇവിടുന്ന് ഏകദേശം കുറച്ച് മാറിയാണ്  സ്‌കൂൾ ഉള്ളത്, അവിടെ ആ കെട്ടിടം മാത്രമേയുള്ളു അവശേഷിക്കുന്നുള്ളു. അവിടെ നിന്നും മലയിൽ നിന്ന് ഒഴുകിയ വെള്ളം ചെന്ന് ചേരുന്നത് സൂചിപ്പാറ വെള്ളച്ചാട്ടത്തിലാണ്, വെള്ളച്ചാട്ടതോടൊപ്പം മലയിൽ നിന്നും ഒഴുകിയെത്തിയ വെള്ളവും ചേർന്നാണ് ചാലിയാറിലേക്ക് ഒഴുകിയെത്തിയത്. ചാലിയാർ പുഴ അവസാനിക്കുന്നത് നിലമ്പൂരാണ് അതായത് മലപ്പുറം ജില്ലയിലേക്കെത്തി. ഇത് ഒഴുകുന്നത് കാട്ടിലൂടെയാണ് അവിടെയുള്ള ആദിവാസികളും ഒഴുക്കിൽ പെടാനുള്ള സാദ്യത വളരെ കൂടുതലാണ്. എത്ര പേർ മരണപെട്ടുവെന്നോ എത്ര മൃതദേഹങ്ങൾ ലഭിച്ചുവെന്നോ ആർക്കും കൃത്യമായ വിവരം നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ്. തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് മൃതദേഹങ്ങൾ ലഭിക്കുന്നത്. പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും ഒരു അവശേഷിപ്പ് പോലും ബാക്കി വയ്ക്കാതെ തുടച്ച്‌ നീക്കിയ അവസ്ഥയിലാണ്. തകർന്ന റോഡിലാണ് ഹെലികോപ്റ്റർ പോലും ഇറക്കിയത്.

46 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്, ഒരു ക്യാമ്പിൽ മാത്രം മൂവായിരത്തോളം പേരുണ്ട്. ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് വന്നവരാണ് അവർ ഓരോരുത്തരും ഇട്ടിരിക്കുന്ന വസ്ത്രം മാത്രമേ അവരുടെ കയ്യിൽ അവശേഷിക്കുന്നുള്ളു. നിലവിൽ എല്ലായിടത്തും ധ്രുതഗതിയിൽ എല്ലാം എത്തിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതെല്ലം എത്ര മാത്രം കാര്യക്ഷമമായി നടക്കുമെന്ന് കണ്ടറിയണം. ഇതിന് മുൻപ് ഇരകളായവർക്ക് പോലും വേണ്ടത്ര രീതിയിൽ പുനരധിവാസ പ്രവർത്തനങ്ങൾ നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല, എന്താകുമെന്ന് കണ്ടറിയേണ്ട അവസ്ഥയാണ്. എന്റെ കൂട്ടുകാർ ഒരു പാട് പേർ അവിടെയുണ്ടായിരുന്നു, ആരെയും വിളിച്ചിട്ട് കിട്ടാത്ത അവസ്ഥയാണ്, എന്ത് പറ്റി എന്നൊന്നും ഒരു വിവരവുമില്ല. വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം തന്നെ വളരെ വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. 156 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതിൽ ആകെ 40 പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിട്ടുള്ളത്.

ക്വാറി സാന്നിധ്യം

മേപ്പാടിയിലേക്ക് പോകുന്ന വഴിക്കെല്ലാം നിറയെ ക്വാറികളും കാണാൻ സാധിക്കും. കേരളത്തിൽ ഏറ്റവുമധികം ക്വാറികൾ പ്രവർത്തിക്കുന്ന ഇടം കൂടിയാണ് വയനാട് ജില്ല. മുള്ളൻകൊല്ലി പഞ്ചായത്തിൽ കഴിഞ്ഞ ഒന്നര ആഴ്ചക്കുള്ളിൽ ഒൻപത് ക്വാറികളാണ് തകർന്നത്. അതീവ ദുർബല പ്രദേശമാണ് ഇവയെല്ലാം, പശ്ചിമ ഘട്ട സംരക്ഷണത്തിലെ പ്രധാനഭാഗങ്ങൾ കൂടിയാണ് ഇവിടം. നിയമങ്ങളെയും നിർദേശങ്ങളെയും കാറ്റിൽ പറത്തികൊണ്ടാണ് ഇവിടുള്ള റിസോർട്ടുകളും ക്വാറികളും പ്രവർത്തിക്കുന്നത്. ഈ രീതിയിലാണ് മുമ്പോട്ട് പോകുന്നതെങ്കിൽ ഇതിലും വലുത് എന്തെങ്കിലും വരാനുള്ള സാധ്യതയുണ്ട്.

തഴയപ്പെട്ട ജനത 

കേരളത്തിലെ ടൂറിസത്തിന്റെ വലിയ കേന്ദ്രമാണ് വയനാട്, പക്ഷെ യഥാർത്ഥത്തിൽ വയനാടിനെ  പിന്തള്ളപ്പെട്ട ജില്ല എന്ന് പറയേണ്ടി വരും. വർഷങ്ങളായി മാനന്തവാടി സുൽത്താൻ ബത്തേരി മണ്ഡലങ്ങളെ തഴയുന്നതായാണ് കാണാൻ സാധിക്കുന്നത്. ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി പലതും ചെയ്യാൻ സാധിക്കും പക്ഷെ അതൊന്നും ആരുടേയും കണ്ണിൽ പെടുന്നില്ല എന്ന് വേണം പറയാൻ. ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും കാര്യം സാധിക്കാൻ വേണ്ടി വയനാട്ടിലെ ജനങ്ങളെ ഉപയോഗിക്കുമെങ്കിലും അവർക്ക് വേണ്ടത് ചെയ്ത നൽകാൻ ആരെകൊണ്ടും സാധിച്ചിട്ടില്ല. മറ്റൊരു പ്രശ്നം വയനാട്ടിലെ ആരോഗ്യ രംഗം ആണ്, പിണറായി വിജയന്റെ രണ്ടാം വരവിൽ മാനന്തവാടി ജില്ല ആശുപത്രിയെ ഒറ്റ ദിവസംകൊണ്ട് ഒരു ഫ്ലെക്സ് കൊണ്ട് വച്ച് മെഡിക്കൽ കോളേജ് ആക്കി ഉയർത്തി. പക്ഷെ ഒരു അപകടം സംഭവിച്ച് അവിടെ  എത്തിയാൽ മെഡിക്കൽ കോളേജിൽ നിന്ന് അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യേണ്ട അവസ്ഥയാണ്. നാല് ചുരങ്ങളാൽ ചുറ്റപ്പെട്ട ഇവിടെ നിന്ന് അത്യാസന്ന നിലയിൽ ഉള്ള ആളെകൊണ്ട് കിലോമീറ്ററുകളോളം പോകേണ്ടിവരുന്നത് ഗതികേടാണ്. സംവിധാനങ്ങൾ അല്പം കൂടി കാര്യക്ഷമമായി നിന്നിരുന്നെങ്കിൽ തടയാൻ സാധിച്ചില്ലെങ്കിലും പല അപകടങ്ങളുടെയും തീവൃത കുറയ്ക്കാൻ സാധിച്ചേനെ.

content summary; wayanad landslide wiped-out a village

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍