December 13, 2024 |

വയനാടിന്റെ ചരിത്രത്തിലെ മോശം പോളിങ് ശതമാനം; അങ്കലാപ്പില്‍ മുന്നണികള്‍

ഇക്കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് വയനാട്ടിൽ ഇന്നു വരെ ഉണ്ടായതിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തി വയനാട്. ഇക്കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് വയനാട്ടിൽ ഇന്നു വരെ ഉണ്ടായതിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി എത്തിയിട്ടും കാട് കുലുക്കി പ്രചരണം നടത്തിയിട്ടും പോളിങ് ബൂത്തിലേക്ക് ആളെയെത്തിക്കാൻ കഴിഞ്ഞില്ല. യുഡിഎഫ് വലിയ രീതിയിലുള്ള പ്രചരണം നടത്തിയിരുന്നുവെങ്കിലും എൻഡിഎയും എൽഡിഎഫും തരത്തിനൊത്ത് ഉയർന്നില്ല എന്ന് ആളുകൾ പറയുന്നു. ആറുമാസത്തിനിടെ വീണ്ടുമെത്തിയ തെരഞ്ഞെടുപ്പിനോടുള്ള വിമുഖതയും ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്താതിരുന്നതിന് കാരണമായത്.

അവസാന കണക്കുകൾ പ്രകാരം 64.72 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2009 ലെ തെരഞ്ഞെടുപ്പിൽ 74.4 ശതമാനം പോളിങ്, 2014ൽ 73.25 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2019ൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ കഥ മാറി, ആ തെരഞ്ഞെടുപ്പിൽ 80.33 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും ആളുകൾ വീണ്ടും വോട്ട് ചെയ്യാൻ വിമുഖത കാണിച്ചതായി കാണാൻ കഴിയും. 2024 ലെ തെരഞ്ഞടുപ്പിൽ 73.57 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വളരെ താഴെയാണ് ഇത്തവണത്തെ പോളിങ് ശതമാനം.

കണക്കുകൾ പ്രകാരം 2019ൽ ആകെ ഉണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം 13,57,819 ആയിരുന്നു ഇതിൽ നിന്നും 10,89,899 പേരാണ് വോട്ട് ചെയ്യാനെത്തിയിരുന്നത്. ഇപ്പോൾ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ആകെ 14,71,742 വോട്ടർമാർ ഉണ്ടായിരുന്നെങ്കിലും പോളിങ് ബൂത്തിലെത്തിയത് 9,52,543 ആളുകൾ മാത്രമാണ്. ഇതിനിടയിൽ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാറുകൾ സംഭവിച്ചതും പോളിങ് കുറയാൻ ഇടയാക്കി.

ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇവയിൽ മലപ്പുറം ജില്ലയുടെ ഭാഗമായുള്ള ഏറനാട് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. ഇതേ ജില്ലാ പരിധിയിലെ തന്നെ നിലമ്പൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ഏറനാട് 69.42 ശതമാനം, നിലമ്പൂർ 61.91 ശതമാനം. കഴിഞ്ഞ വർഷം ഏറനാട്ടിൽ 77.76 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നതാണ്. നിലമ്പൂരിൽ കഴിഞ്ഞവർഷം 71.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അതിൽ നിന്നും വീണ്ടും കുറയുകയായിരുന്നു.

മൊത്തം 14,71,742 സമ്മതിദായകരിൽ 66.67 ശതമാനം സ്ത്രീ വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ പുരുഷൻമാരുടെ പങ്കാളിത്തം 62.70 മാത്രമാണ്. ഏഴ് നിയസഭാ മണ്ഡല പരിധിയിലും വോട്ടിങ് ശതമാനം കുറഞ്ഞു.

പോളിങ് കുറയാനുണ്ടായ കാരണങ്ങൾ

രാജ്യം തന്നെ നേരിട്ടതിൽ ഏറ്റവും വലിയ പ്രകൃതി ദുരത്തിന് ഇരയായ പ്രദേശമാണ്. ദുരിതാശ്വാസ ധന സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിന് എതിരെ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താത്തത് വോട്ടർമാർക്കിടയിൽ വ്യപകമായ ചർച്ചയായിരുന്നു. ഈ മാസം 23നാണ് വോട്ടെണ്ണൽ.

തെരഞ്ഞടുപ്പിന് പ്രവാസി വോട്ടർമാർ ഒന്നിച്ച് നാട്ടിലെത്തുന്ന പതിവുണ്ട്, എന്നാൽ ഇത്തവണ ആ സാഹചര്യം ഉണ്ടായില്ല. ആറു മാസം മുൻപ് ഒരിക്കൽ വന്ന് പോയതിനാലോ മറ്റോ പ്രവാസികളും ഉപതെരഞ്ഞെടുപ്പിന് നേരെ കണ്ണടച്ചു. രാഹുൽ ​ഗാന്ധിയെ രണ്ട് തവണയും പ്രതീക്ഷയോടെ ജയിപ്പിച്ച വയനാട്ടുകാർക്ക് അദ്ദേഹത്തിന്റെ രാജിയും വോട്ടു ചെയ്യില്ല എന്ന വാശിയുണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി വയനാട്ടിൽ നിന്നും എന്ന പ്രചരണ വാ​ഗ്ദാനവുമായി എത്തിയ രാഹുലിനെ വിജയിപ്പിച്ചവർക്ക് കിട്ടിയ വലിയ അടിയായിരുന്നു രാഹുലിന്റെ രാജി. വന്യമൃ​ഗ ശല്യം രൂക്ഷമായ സ്ഥലങ്ങളിലെ വോട്ട് ബഹിഷ്കരണവും ഇത്തവണ ശക്തമായിരുന്നു. ഇതും പോളിങ് കുറയാനുള്ള കാരണമായിട്ടുണ്ട്.

റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും എന്ന കോൺഗ്രസിന്റെ പ്രചാരണം. 2009ൽ ഷാനവാസ് 1.5 ലക്ഷത്തിനും രാഹുൽ 2019 ൽ 4.3 ലക്ഷത്തിനും 2024ൽ 3.6 ലക്ഷത്തിനുമാണ് ജയിച്ചത്. എന്തായാലും ലക്ഷങ്ങളുടെ വോട്ടിന് പ്രിയങ്ക ​ഗാന്ധി ജയിക്കും പിന്നെ എന്തിന് വോട്ട് ചെയ്യണം എന്ന തോന്നലും ആളുകളിൽ ഇത്തവണ ശക്തമായി ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കെെയിൽ നടന്ന ദുരന്തത്തിന്റെ ആഘാതത്തിലും ചിലർ പോളിങ് ബൂത്തിൽ നിന്ന് വിട്ട് നിൽക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

content summary;  wayanad record lowest polling percentage in the last five elections

×