വയനാട് ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് ആശയം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ട് കുതിച്ച് സംസ്ഥാന സർക്കാർ . ടൗൺഷിപ്പിൻ്റെ നിർമാണപ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ടൗൺഷിപ്പിനായി കൽപ്പറ്റ എൽസ്റ്റൺ ടീ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം ഭൂമിയുടെ പുതുക്കിയ ന്യായവിലപ്രകാരമുള്ള നഷ്ടപരിഹാരമായി 17.77 കോടി രജിസ്‌ട്രാറുടെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. തുടർന്ന് ഒട്ടും വൈകാതെ പ്രവർത്തനങ്ങൾ ആരംഭിച്ച് പദ്ധതി ദ്രുതഗതിയിലാക്കുകയും ചെയ്തു.
മുണ്ടക്കൈ ജനതയുടെ പുനരധിവാസത്തിന് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും വളരെ പെട്ടെന്നാണ് പദ്ധതിയുടെ പുരോഗമനമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് അഴിമുഖത്തോട് പറഞ്ഞു.
‘വയനാട് ടൗൺഷിപ്പിനായുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ എസ്റ്റേറ്റ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നു. ശേഷം കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിധി ഞങ്ങൾക്ക് അനുകൂലമായി വരികയായിരുന്നു. ഇന്നലെ തന്നെ സ്ഥലം ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് നോട്ടീസ് പതിക്കുകയും ഇന്ന് രാവിലെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനും കഴിഞ്ഞു. ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസം എന്ന ആവശ്യത്തിന് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുക്കാനും പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും സാധിച്ചിട്ടുള്ളത്’, കെ. റഫീഖ് അഴിമുഖത്തോട് പറഞ്ഞു.
പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും 290 പേർ നിലവിൽ ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തിട്ടുണ്ടെന്നും വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍ ഐഎഎസ് അഴിമുഖത്തോട് സംസാരിച്ചു.
‘64.4705 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. അതിനായി ആദ്യം 26 കോടി രൂപ കെട്ടിവെക്കാൻ പറഞ്ഞിരുന്നു. ശേഷം 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ബാക്കിയുള്ള തുകയും കെട്ടിവെച്ചിരുന്നു. ഇതുവരെയും എനിക്കുണ്ടായിരുന്ന ചുമതല ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇന്നാണ് ടൗൺഷിപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള ഉത്തരവ് ലഭിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെ അതിലേറെ പ്രാധാന്യത്തോടെ കണ്ട് നടത്തിയ ഇടപെടലാണ് കാര്യങ്ങൾ പെട്ടെന്ന് നീങ്ങാൻ സഹായിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാകും എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ല. മാസ്റ്റർപ്ലാൻ ഫൈനലസ് ചെയ്യുന്നതേയുള്ളൂ, അതിനുശേഷമാകും പറയാൻ കഴിയുക. എന്നാൽ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാകും എന്നാണ് വിശ്വസിക്കുന്നത്.
നിലവിൽ 290 പേരാണ് ടൗൺഷിപ്പിൽ വീടിനായി ആവശ്യം അറിയിച്ചിരിക്കുന്നത്. അത് കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടൽ മൂലം വന്നിട്ടുള്ള 32 കേസുകൾ വേറെയുമുണ്ട്. മാത്രമല്ല, രണ്ടാമത്തെ അപ്പീൽ ഫൈനലസ് ചെയ്യാനുള്ള അവസാന ദിവസം ഏപ്രിൽ 20 നാണ്. അതുകൂടി കഴിഞ്ഞാൽ ബാക്കിയുള്ള വിവരങ്ങൾ കൂടി ലഭിക്കും. തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് ആദ്യമേ നൽകിയിരുന്നു. ഒന്നുകിൽ ടൗൺഷിപ്പിൽ വീട് നിർമ്മിച്ച് നൽകും അല്ലെങ്കിൽ 15 ലക്ഷം രൂപ നൽകും. നിലവിൽ 402 കുടുംബങ്ങളിൽ 290 പേരാണ് ടൗൺഷിപ്പ് തിരഞ്ഞെടുത്തിട്ടുണ്ട്’, അരുണ്‍ ഐഎഎസ് പറഞ്ഞു.
എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമി 26.5 കോടി രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തതെന്നും ഇത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നും എസ്റ്റേറ്റ് ഉടമകൾ അറിയിച്ചിരുന്നു. എസ്റ്റേറ്റിലെ തേയിലച്ചെടികൾക്ക് 82 കോടി രൂപയും ഫാക്ടറി കെട്ടിടങ്ങൾക്ക് 20 കോടിയും മൂല്യം വരും. ക്വാർട്ടേഴ്സ് ഉൾപ്പെടെ കെട്ടിടങ്ങൾ ഉണ്ടെന്നും എൽസ്റ്റൺ അറിയിച്ചു. വില്ലേജിൽ സമീപകാലത്ത് നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്‌ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാൽ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നൽകാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 17 കോടി രൂപ കൂടി ഉൾപ്പെടുത്താൻ കോടതി ഉത്തരവിറക്കിയത്.
Content Summary: wayanad Rehabilitation; State governmnet Speeds Up Township Project at Elston Estate