April 25, 2025 |

കൊടും പട്ടിണിയും ക്രൂര മര്‍ദ്ദനവും; ജീവനൊടുങ്ങും മുമ്പ് അജിത നേരിട്ടത് കൊടിയ പീഡനങ്ങള്‍

മരണകാരണം അറിയണമെന്ന് കുടുംബം

വീടിന്റെ ബാധ്യത, മകളുടെ വിവാഹത്തിന് വാങ്ങിയ കടം, മകന്റെ പഠിപ്പ് ഇത്രയുമായിരുന്നു കുവൈത്തിലേക്ക് വീട്ടുജോലിക്കാരിയായി പോവാന്‍ വയനാട് കാക്കവയല്‍ സ്വദേശിയായ അജിതയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോള്‍ കുടുംബത്തെ തേടിയെത്തിയത് അജിതയുടെ മരണവാര്‍ത്തയാണ്. തൂങ്ങിമരിച്ചെന്നായിരുന്നു കുവൈത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ട്. പിന്നാലെയാണ് അജിത പ്രവാസത്തില്‍ അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ച വിവരം പുറത്ത് വരുന്നത്.
കുവൈത്തിയിലെത്തിയ ആദ്യ ദിനങ്ങളില്‍ പ്രശ്‌നങ്ങളൊന്നും അജിത പറഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ആദ്യത്തെ അറബിയും കുടുംബവും നല്ല രീതിയിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് സ്‌പോണ്‍സര്‍ മാറി. അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന്് ഭര്‍ത്താവ് വിജയന്‍ പറയുന്നു. പക്ഷെ കൊടും പട്ടിണിയും വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞിരുന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അന്ന് അറിഞ്ഞിരുന്നില്ല. ബുദ്ധിമുട്ട് ഉണ്ടെന്നും അവിടെ നിന്ന് മാറ്റണമെന്നും കുവൈത്തിലെത്തിച്ച ഏജന്‍സിയോട് പറഞ്ഞിട്ടുണ്ടെന്ന് അജിത പറഞ്ഞിരുന്നു. അങ്ങനെ മാറിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതിയത്. ഒടുവില്‍ അവര്‍ മാറ്റിയത് നേരത്തെ നിന്ന അറബി സ്ത്രീയുടെ മകളുടെ അടുത്തേക്കാണ്. അവിടെയെത്തിയപ്പോള്‍ നേരത്തത്തെ പോലെ ഫോണ്‍ വിളികളില്ലാതായി. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴാണ് വിളിച്ചിരുന്നത്. എങ്ങനെയും നാട്ടിലേക്ക് തിരിച്ച് വരികയാണെന്നാണ് അവസാനം വിളിച്ചപ്പോ പറഞ്ഞതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം കുടുംബശ്രീ സുഹൃത്തുക്കളും ശരിവയ്ക്കുന്നു. കോളുകള്‍ക്ക് പകരം പ്രശ്‌നങ്ങളെ കുറിച്ചുള്ള മെസേജ് ആണ് ഇടയ്ക്ക് വന്നിരുന്നതെന്നാണ് അയല്‍ക്കാരി പറയുന്നത്. കുടുംബത്തെ അജിത അവസാനമായി വിളിച്ചത് ഈ മാസം 15നാണ്. കുവൈത്തില്‍ നില്‍ക്കാന്‍ പറ്റില്ല. ടിക്കറ്റെടുത്തു. ഉടനെ നാട്ടില്‍ വരുമെന്നും അന്ന് പറഞ്ഞു. 18ന് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തൊട്ടടുത്ത ദിവസം വരെ കാത്തിട്ടും വിവരമൊന്നും കിട്ടിയില്ല. ഒടുവില്‍ അന്ന് വൈകുന്നേരമാണ് മകളുടെ ഫോണിലേക്ക് അജിതയുടെ പാസ്‌പോര്‍ട്ട് ഫോട്ടോ ഏതോ നമ്പറില്‍ നിന്ന് അയച്ചത്. ഫോട്ടോയില്‍ ഉള്ളത് ആരാണെന്നായിരുന്നു അതിനൊപ്പം ചോദിച്ചത്. അമ്മയാണെന്ന് പറഞ്ഞപ്പോഴാണ് മരണ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ടത് കൊടീയ പീഡനങ്ങള്‍

അജിത മരിച്ചതിന് ശേഷമാണ് കുവൈത്തിലേക്ക് പോയ സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രി വിളിച്ച് അവിടെ അനുഭവിച്ച പീഡനങ്ങള്‍ പറഞ്ഞത്. നാലുപേരാണ് അജിതയുടെ സംഘത്തില്‍ കുവൈത്തിലേക്ക് പോയത്. എന്നാല്‍ അവരുടെ മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും വിജയന്‍ പറയുന്നു. അതില്‍ ഒരാളാണ് പുതിയ ഇടത്തില്‍ അജിത പട്ടിണിയിലായിരുന്നുവെന്നും വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും അറിയിച്ചത്. ഇതിനെല്ലാം പുറമേ അറബി സ്ത്രീ കാരണമൊന്നും ഇല്ലാതെ ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസങ്ങളിലും തല്ല് പതിവാണ്. നിസാര കാര്യങ്ങള്‍ക്ക് പോലും തല്ലുകയും ചവിട്ടുകയും ചെയ്യുമായിരുന്നെന്നാണ് അറിഞ്ഞത്. താടിയെല്ല് അടക്കം പരിക്കേറ്റ് തകര്‍ന്ന് പോയിരുന്നു. വെളുപ്പിന് 5 മണിയ്‌ക്കൊക്കെ തുടങ്ങിയിരുന്ന പണി രാത്രി 2 മണി കഴിഞ്ഞാലും തീരാറില്ലായിരുന്നു. അതിനൊപ്പമാണ് ഇത്തരം ക്രൂരകളും പട്ടിണിയും അനുഭവിച്ചത്. ഫോണെല്ലാം വീട്ടുകാര്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. പുറത്ത് ഇറങ്ങനോ പുറം ലോകവുമായി ബന്ധപ്പെടാനോ പറ്റിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാരും

എന്തുസംഭവിച്ചാലും തങ്ങള്‍ അറിയുന്ന അജിത ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്. മരിക്കാനായിരുന്നെങ്കില്‍ അത് ഇവിടെ നിന്ന് തന്നെ ചെയ്യുമായിരുന്നു. കാരണം അത്രത്തോളം ദുരിതം അവര്‍ ഇവിടെ നിന്ന് തന്നെ അനുഭവിച്ച് കഴിഞ്ഞുവെന്ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റും അജിതയുടെ അയല്‍വാസിയുമായ ശ്രീദേവി പറയുന്നു. വര്‍ഷങ്ങളായി തയ്യല്‍ പണിക്കാരിയായിരുന്നു 50കാരിയായ അജിത. പ്രായമായിട്ടും വിശ്രമിക്കാതെ ഓട്ടോ ഓടിച്ച് ഭര്‍ത്താവ് വിജയനും തയ്യല്‍ പണിക്ക് പോയി. രണ്ടുപേരും കൂടി അധ്വാനിച്ച് സ്വരുകൂട്ടുന്നതൊന്നും അതത് ദിവസത്തെ ചെലവിന് പോലും തികയാത്ത അവസ്ഥയായിരുന്നു. വര്‍ഷങ്ങളോളം പൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു. ആ കെട്ടിടം കുറച്ച് കാലം മുന്‍പ് തകര്‍ന്ന് വീണു. അന്നാണ് കടം വാങ്ങി 5 സെന്റ് വയല്‍ അവര്‍ വാങ്ങിയത്. അതില്‍ കടം വാങ്ങി പണിത ചെറിയ കൂരയിലായിരുന്നു പിന്നീടുള്ള ജീവിതം. ഇതിനിടെ മീനങ്ങാടിയിലെ ടെക്‌സ്റ്റൈല്‍ സ്ഥാപനത്തില്‍ തയ്യല്‍ പണിക്കാരിയായി. മകളുടെ വിവാഹം കഴിഞ്ഞതോടെ കടം കൊണ്ട് പൊറുതിമുട്ടി. ആരോ പറഞ്ഞ് അറിഞ്ഞ ഏജന്‍സിയില്‍ പോയി ജോലിയ്ക്കായി ശ്രമിച്ചതും അങ്ങനെയാണ്. അവര്‍ മൂന്നര ലക്ഷത്തോളം രൂപ വാങ്ങിയിട്ടാണ് അജിതയെ കുവൈത്തിയിലേക്ക് കൊണ്ടുപോയത്. ആ കടവും തീര്‍ക്കണം. അതിനിടെയാണ് ഈ ദാരുണസംഭവമുണ്ടായതെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു. പുതിയ സ്‌പോണ്‍സറുടെ വീട്ടിലെത്തിയപ്പോള്‍ പ്രദേശത്തെ കുടുംബ ശ്രീയിലെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വെള്ളം കുടിച്ചാണ് വിശപ്പ് അകറ്റുന്നതെന്നും പട്ടിണിയാണെന്നും അവര്‍ മെസേജ് അയച്ചിരുന്നു. അതൊക്കെ മരണ ശേഷമാണ് താന്‍ അറിഞ്ഞതെന്നും പ്രസിഡന്റ് വ്യക്തമാക്കി. അജിതയുടെ വാര്‍ഡ് മെമ്പര്‍ ബിന്ദുവും പറയുന്നത് ഇക്കാര്യം തന്നെയാണ്.
മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് പറഞ്ഞിരുന്നു. അന്ന് കുടുംബം അത് അംഗീകരിക്കാനാവുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല. എന്ത് ചെയ്താലും മരിച്ച് പോയ ആള്‍ തിരികെ എത്തില്ലല്ലോ എന്നായിരുന്നു അവര്‍ ചോദിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. വലിയ ബാധ്യതയാണ് കുടുംബത്തിന് ഇപ്പോഴുള്ളതെന്നും മെമ്പര്‍ കൂട്ടിച്ചേര്‍ത്തു.

 

English summary; Wayanad Woman Death In Kuwait

Leave a Reply

Your email address will not be published. Required fields are marked *

×