ആ കാലുകളുടെ മാസ്മരികത അത്ര പ്രകടമായിരുന്നില്ലെങ്കിലും ബൊളീവിയയ്ക്കെതിരായി, അന്താരാഷ്ട്ര മത്സരങ്ങളിലെ തന്റെ പത്താം ഹാട്രിക്കും ഒപ്പം അര്‍ജന്റീനയ്ക്കായി 112 ഗോളുകളും നേടിയാണ് ലയണല്‍ മെസി കളം വിട്ടത്. 133 അന്താരാഷ്ട്ര ഗോളുകളുമായി മുന്നില്‍ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എലൈറ്റ് കമ്പനിയില്‍ ഉള്‍പ്പെടുക മാത്രമല്ല, കരിയറിന്റെ സായാഹ്നത്തിലേക്ക് അടുക്കുമ്പോഴും ഫുട്‌ബോളിന്റെ അതിരുകള്‍ പുനര്‍നിര്‍വചിക്കുന്നത് തുടരുന്ന ഒരു കളിക്കാരന്റെ ശാശ്വതമായ മിടുക്കിന് അടിവരയിടുകയാണ് മെസി.
എസ്റ്റാഡിയോ മൊനുമെന്റലിലെ ആവേശഭരിതമായ രാത്രിയില്‍, കളിയുടെ 19ാം മിനിറ്റിലാണ് മെസിയുടെ കാലുകള്‍ ആദ്യം വല ചലിപ്പിച്ചത്. 84, 86 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ കൂടി എതിരാളികളുടെ വല കുലുക്കിയപ്പോള്‍ സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഈ മത്സരത്തില്‍ മെസ്സി ഗോള്‍ നേടുക മാത്രമല്ല; അദ്ദേഹം ഒന്നിലധികം അസിസ്റ്റുകളുമായി കളം നിറയുകയും ചെയ്തു, ദേശീയ ടീമിനായി ഒരു മത്സരത്തില്‍ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇതുപോലുള്ള പ്രകടനങ്ങള്‍ ഗോളടിക്കാനും അടുപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവിന് അടിവരയിടുകയാണ്, ഇതു തന്നെയാണ് ആ പ്രതിഭയുടെ മുഖമുദ്രയും.
ശാരീരികമായ തിരിച്ചടികള്‍ക്കിടയിലും-വലത് കണങ്കാലിനേറ്റ പരിക്കു മൂലം സെപ്റ്റംബറില്‍ നടന്ന രണ്ടു റൗണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു-മെസിയുടെ മൈതാനത്തേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ പ്രതിരോധശേഷിയും കളിയോടുള്ള അചഞ്ചലമായ അഭിനിവേശവുമാണ് പ്രകടമാക്കുന്നത്. 37 വയസില്‍ സ്വാഭാവികമായി കളിക്കാര്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കും. എന്നാല്‍ മെസി മൈതാനത്തുള്ള സമയം ആസ്വദിക്കുകയാണ്. ‘എന്റെ ഭാവിയെ സംബന്ധിച്ച് ഞാന്‍ തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല,’ എന്നാണ് മെസി പറയുന്നത്. ‘ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്’. ഈ കാഴ്ച്ചപ്പാട് താന്‍ ഇഷ്ടപ്പെടുന്ന കളിയില്‍ ആശ്വാസം കണ്ടെത്തിയ ഒരു മനുഷ്യനെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ദീര്‍ഘകാലം ആഗ്രഹിച്ച ലോകകപ്പും കോപ്പ അമേരിക്ക ട്രോഫികളും നേടിയതിന് ശേഷം. പ്രായം സംബന്ധിച്ചുള്ള മെസിയുടെ വീക്ഷണം പ്രചോദനാത്മകവും ആപേക്ഷികവുമായ ഒരു പക്വതയാണ് വെളിപ്പെടുത്തുന്നത്. ചെറുപ്പക്കാരായ ടീമംഗങ്ങളാല്‍ ചുറ്റപ്പെട്ട അദ്ദേഹം അവര്‍ പകരുന്ന ഊര്‍ജ്ജത്തില്‍ സന്തോഷം കണ്ടെത്തുകയാണ്. അത് മെസിയിലെ യുവത്വത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
‘എന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍, ചെറുപ്പക്കാരായ ടീമംഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത് എന്നെ വീണ്ടും ഒരു കുട്ടിയായി മാറ്റുന്നു,’ എന്നാണ് മെസി പറയുന്നത്. ടീമംഗങ്ങളുമായുള്ള ഈ പൊരുത്തം മെസിയെ അവരിലൊരാളിയി മാറ്റുക മാത്രമല്ല, ടീമിന്റെ മൊത്തത്തിലുള്ള ആവേശത്തെ കൂട്ടുകയും ചെയ്യുന്നുണ്ട്. ഇത് കളിക്കളത്തില്‍ അനുഭവ പരിചയത്തിന്റെയും യുവത്വത്തിന്റെതായ ആഹ്ലാദത്തിന്റെയും ഒരു മിശ്രിതമായി ടീമിനെ മാറ്റിയെടുക്കുന്നുണ്ട്.
അര്‍ജന്റീനയുടെ മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോനി ഈ വികാരം പ്രകടിപ്പിക്കുന്നുണ്ട്. മെസിയുടെ അന്താരാഷ്ട്ര കരിയര്‍ കഴിയുന്നിടത്തോളം തുടരുമെന്നാണ് കോച്ച് പ്രത്യാശ പ്രകടിപ്പിക്കുന്നത്. ‘ഈ വിസ്മയം ഒരിക്കലും അവസാനിക്കുന്നില്ല,’ മെസിയുടെ അസാധാരണമായ കഴിവിന് സ്‌കലോനി നല്‍കുന്ന സാക്ഷ്യമാണിത്. കോച്ചിന്റെ ഈ ആരാധന, ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും മെസിയോടുള്ള വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ടീമിന്റെ വിജയത്തില്‍ മെസിയുടെ സംഭാവനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ ടീമിന്റെ ഭാഗമായി കിട്ടുന്നതില്‍ അവരെല്ലാവരും നന്ദിയുള്ളവരാണ്.
മെസിയുടെ സമീപകാല നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ യാത്രയുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. 2016ല്‍, കോപ്പ അമേരിക്കയില്‍ ചിലിയോടുണ്ടായ ഹൃദയഭേദകമായ തോല്‍വിയുണ്ടാക്കിയ ആഘാതം സഹിക്കാനാവാതെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മെസിയെ ഫുട്‌ബോള്‍ ലോകം മറക്കില്ല. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. പലതും ലക്ഷ്യം വച്ചുള്ള ആ മടങ്ങി വരവില്‍, 2022 ലെ ലോകകപ്പ് സ്വന്തമാക്കിയതോടെ ഒരിക്കല്‍ അവന്റെ ചുമലില്‍ ഭാരമായി ഉണ്ടായിരുന്ന സമ്മര്‍ദ്ദം ഒഴിവാക്കപ്പെട്ടു. അതോടെ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും പുതുക്കിയ ബോധത്തോടെ ആ തുകല്‍പന്തിനെ സമീപിക്കാന്‍ അവന് അവസരമുണ്ടായി.
22 പോയിന്റുമായി അര്‍ജന്റീന ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍, അതിലേക്കുള്ള മെസ്സിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അര്‍ജന്റീനയെ സംബന്ധിച്ച് അയാള്‍ വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമല്ല; അവന്‍ ആ ടീമിന്റെ ഹൃദയമിടിപ്പാണ്, സ്റ്റാറ്റിറ്റിക്‌സുകള്‍ക്ക് അപ്പുറം അയാള്‍ ഓരോ കളിയിലും ഉണ്ടാക്കുന്ന സ്വാധീനമുണ്ട്. കളിയുടെ മനസ് അറിയാനും കളിക്കളത്തിലെ ഇടങ്ങള്‍ കണ്ടെത്താനും നിമിഷങ്ങള്‍ക്കുള്ളില്‍ തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവാണ് സമകാലീനരായ കളിക്കാരില്‍ നിന്നും മെസിയെ വ്യത്യസ്തനാക്കുന്നത്. ബൊളീവിയയ്ക്കെതിരായി മത്സരത്തിലായാലും, കനേഡിയന്‍ ഗോള്‍കീപ്പര്‍ മാക്സിം ക്രെപ്പോയെ നിസ്സഹായനാക്കിയ പ്രകടനത്തിലായാലും, മെസ്സിയുടെ കളിയിലെ അസാധാരണ സ്വഭാവമാണ് കാണാനാകുന്നത്.
മെസിയുടെ കരിയറിന്റെ ഇപ്പോഴത്തെ ഈ ഘട്ടം അയാളുടെ കളി മികവിന്റെ പാരമ്പര്യത്തെയും മുന്നോട്ടുള്ള യാത്രയെയും പ്രതിഫലിപ്പിക്കുന്നതാണ്. പല കായികതാരങ്ങളും പ്രായമാകുമ്പോള്‍ മികച്ച പ്രകടനം നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍, മെസിയുടെ അസാധാരണമായ നൈപുണ്യവും മാനസിക ദൃഢതയും ഓരോ മത്സരത്തെയും തനിക്ക് അനുകൂലമാക്കാന്‍ അവനെ പ്രാപ്തനാക്കുന്നുണ്ട്. അനുഭവസമ്പത്തും സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവും ഒരുമിച്ചു ചേരുന്ന മെസി ഇപ്പോഴും മൈതാനത്ത് ചോദ്യം ചെയ്യപ്പെടാത്ത മേധവിത്വം പുലര്‍ത്തുകയാണ്.
ഒരുപക്ഷേ, 2026 ല്‍ നടക്കുന്ന തന്റെ അവസാന ലോകകപ്പിനെത്തുമ്പോള്‍ മെസിയുടെ മനസ്സ് സ്വസ്ഥമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റാറ്റിറ്റിക്‌സുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അതീതമായ ഒരു കാഴ്ചപ്പാട് പുലര്‍ത്തി അദ്ദേഹം പറയുന്നത്, ‘ഈ നിമിഷത്തില്‍ ജീവിക്കുകയും ആസ്വദിക്കുകയുമാണ് ഞാന്‍ ചെയ്യുന്നത്. ഓരോ നിമിഷവും, ഓരോ കളിയും, ആരാധകരുടെ സ്‌നേഹവും അയാള്‍ ആസ്വദിക്കുകയാണ്.
എല്ലാ വിധത്തിലും മെസിയുടെ പത്താം ഹാട്രിക്കും 112 അന്താരാഷ്ട്ര ഗോളുകളും, പല വെല്ലുവിളികളും നേരിടേണ്ടി വന്നൊരു ശ്രദ്ധേയമായ കരിയറിന്റെ നേട്ടങ്ങളാണ്. ആ പ്രതിഭ കളിക്കളത്തില്‍ തന്റെ കുതിപ്പ് തുടരുമ്പോള്‍ ഒരു ജീവനുള്ള ഇതിഹാസത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചതില്‍ ആരാധകരും ടീമംഗങ്ങളും ഒരുപോലെ നന്ദിയുള്ളവരാണ്. ഓരോ മത്സരത്തെയും മെസി തന്റെ വ്യക്തിഗത ചരിത്രം വിപുലപ്പെടുത്താന്‍ മാത്രമല്ല, അര്‍ജന്റീന ഫുട്‌ബോളിന്റെ പൈതൃകത്തെ സമ്പന്നമാക്കാന്‍ കൂടിയാണ് നേരിടുന്നത്. അവന്‍ തന്റെ ബൂട്ടുകളുമായി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഉണ്ടാകുമെന്നു കൂടിയാണ് ഉറപ്പ് നല്‍കുന്നത്. What 10th Hat-Trick and 112 Goals for Argentina Tell You About Lionel Messi
Content Summary; What 10th Hat-Trick and 112 Goals for Argentina Tell You About Lionel Messi