March 26, 2025 |
Share on

കോര്‍ട്ട് മാര്‍ഷലിന് വിധേയനാകുന്ന ഐഎസ്‌ഐ മുന്‍ തലവന്‍

പാക് രാഷ്ട്രീയവും സൈന്യവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പുതിയ അധ്യായം

പാകിസ്താനില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണ് ലഫ്റ്റനന്റ് ജനറല്‍ ഫയസ് ഹമീദിന്റെ അറസ്റ്റ്. പാക് രഹസ്യാന്വേഷണ വിഭാഗമായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ തലവനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 12 നാണ് പാക് സൈന്യം ലഫ്റ്റനന്റ് ജനറല്‍ ഹമീദിന്റെ അറസ്റ്റ് വിവരം പുറത്തു വിടുന്നത്. അധികാരത്തിലിരിക്കെ നടത്തിയ അഴിമതികള്‍, വിരമിച്ച ശേഷം ഏര്‍പ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തികള്‍ എന്നിവയാണ് ഐഎസ്‌ഐ മുന്‍ തലവന്റെ അറസ്റ്റിന് കാരണമായി പറയുന്നത്.

മുന്‍ പ്രധാനമന്ത്രിയും ഇപ്പോള്‍ തടവുകാരനുമായ ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായി എന്നാണ് ലഫ്റ്റനന്റ് ജനറല്‍ ഹമീദ് അറിയപ്പെടുന്നത്. 2019 ജൂണ്‍ മുതല്‍ 2021 നവംബര്‍ വരെയയിരുന്നു ഹമീദ് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ മേധാവിയായിരുന്നത്. ഇമ്രാന്‍ ഭരണത്തിലിരുന്ന കാലത്ത് പാകിസ്താന്‍ പട്ടാള മേധാവിയായിരുന്ന ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്‌വയുടെ പിന്‍ഗാമിയായി ഹമീദ് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് നടന്നത്.

ഇമ്രാന് പകരമായി ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രി കസേരയിലെത്തിയതോടെ ബജ്‌വയ്ക്ക് പകരമായി ലഫ്റ്റന്റ് ജനറല്‍ അസിം മുനീറിനെ പാക് സൈനിക തലവനായി നിയോഗിക്കുകയാണുണ്ടായത്.

ഫയസ് ഹമീദ് ഇതിന് മുമ്പ് ലോക ശ്രദ്ധ നേടുന്നത് അവസാന അമേരിക്കന്‍ പട്ടാളക്കാരും അഫ്ഗാന്‍ വിട്ട്, താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷം ആ രാജ്യം സന്ദര്‍ശിച്ചതിന്റെ പേരിലായിരുന്നു. താലിബാന്റെ ക്ഷണം സ്വീകരിച്ചാണ് ഹമീദും മറ്റ് ചില സൈനികോദ്യോഗസ്ഥരും അഫ്ഗാനിലെത്തിയത്. താലിബാന്‍ നേതാക്കളുമായി ഹോട്ടലില്‍ ചായ കുടിക്കുന്ന ഹമീദിന്റെ ചിത്രങ്ങള്‍ പ്രചാരം നേടിയിരുന്നു.

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് സുപ്രിം കോടതി ഉയര്‍ത്തിയ ചോദ്യങ്ങളെ തുടര്‍ന്നാണ് വിരമിച്ച ജനറലിനെതിരേ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിന്(എഫ്ജിസിഎം) ഉത്തരവിടുന്നത്.

2023 നംവബര്‍ 14 ന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവില്‍ പറഞ്ഞത്, ഹമീദിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും, ഈ ആരോപണങ്ങള്‍ വാസ്തവമുള്ളതെങ്കില്‍, അത് സര്‍ക്കാരിനും സൈന്യത്തിനും ഐഎസ്‌ഐയ്ക്കും കളങ്കം ഉണ്ടാക്കുന്നതുമാണെന്നാണ്. ആരോപണ വിധേയരുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചകള്‍ പാടില്ലെന്നാണ് ചീഫ് ജസ്റ്റീസ് ഖാസി ഫയേസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഉത്തരവില്‍ പറഞ്ഞത്.

സ്വകാര്യ പാര്‍പ്പിട സമുച്ചയ നിര്‍മാണ കമ്പനിയായ ടോപ് സിറ്റിയുടെ ഉടമയായ മൊയീസ് അഹമ്മദ് ഖാനായിരുന്നു സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹമീദും കൂട്ടരും ചേര്‍ന്ന് തന്നില്‍ നിന്നും ഭീഷണിപ്പെടുത്തി അനധികൃതമായി പണം വാങ്ങുന്നുവെന്നായിരുന്നു ഖാന്റെ പരാതി.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നടക്കുമ്പോള്‍ ഹമീദ് ഐഎസ്‌ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2017 മേയ് മാസത്തില്‍ പാരാമിലട്ടറി വിഭാഗമായ പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സും ഐഎസ്‌ഐ ഉദ്യോഗസ്ഥരും സംയുക്തമായി ടോപ് സിറ്റി ഓഫിസിലും മൊയീസ് അഹമ്മദ് ഖാന്റെ വസതിയിലും പരിശോധന നടത്തി. ഖാന്റെ മേല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച പരിശോധന സംഘം അവിടെ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

പരാതിക്കാരന്‍ പറയുന്നത്, കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താനായി ഹമീദിന്റെ സഹോദരന്‍ സര്‍ദാര്‍ നജാഫ് ചില നിബന്ധനകള്‍ വച്ചു എന്നാണ്. നാല് കോടി രൂപ നല്‍കുക, ഏതാനും മാസത്തേക്ക് ഒരു സ്വകാര്യ ടി വി ചാനല്‍ ഏറ്റെടുത്തു നടത്തുക എന്നിവയായിരുന്നു നിബന്ധനകള്‍. ഇതിന്റെ പേരില്‍ ബ്രിഗേഡിയര്‍ റാങ്കിലുള്ള രണ്ട് ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഖാന്റെ പരാതിയില്‍ പറയുന്നുണ്ട്.

പാക് സൈന്യത്തിലെ ഒരു മേജര്‍ ജനറലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 2024 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹമീദിനെതിരായ ആരോപണങ്ങള്‍ ശരിയാണെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷലിന് വിധിച്ചിരിക്കുന്നത്.

‘ ടോപ് സിറ്റി കമ്പനിയുടെ പരാതിയില്‍ പാകിസ്താന്‍ സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം സൈന്യത്തിന്റെ മേല്‍ നോട്ടത്തില്‍ വിശദമായ അന്വേഷണം റിട്ടയേര്‍ഡ് ലഫ്റ്റന്റ് ജനറല്‍ ഫയീസ് ഹമീദിനെ നടത്തിയെന്നും പാക് സൈനിക നിയമ പ്രകാരമുള്ള അച്ചടക്ക നടപടി ഹമീദിനെതിരേ സ്വീകരിക്കുമെന്നും ഇന്റര്‍ സര്‍വീസ് ഇന്റലീജന്‍സ് പബ്ലിക് റിലേഷന്‍സ്(ഐഎസ്പിആര്‍) ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

നിലവില്‍ ഫയാസ് ഹമീദ് അറസ്റ്റിലാണ്. എങ്കിലും സാധാരണ പൗരന്മാരെ പോലെ അദ്ദേഹത്തെ ജയിലില്‍ അടച്ചിട്ടില്ല. റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ആര്‍മി ഉദ്യോഗസ്ഥര്‍ക്കായുള്ള മെസ്സിലെ ഒരു ഗസ്റ്റ് റൂമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ആര്‍മി ഉദ്യോഗസ്ഥരടക്കമുള്ള കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1987 ല്‍ ബലൂച് റജിമെന്റിന്റെ 56 ാം ബറ്റാലിയന്റെ ഭാഗമായാണ് ഫയാസ് ഹമീദ് പാക് സൈന്യത്തില്‍ നിയമിതനാകുന്നത്. മേജര്‍ ജനറലായി സ്ഥാന കയറ്റം കിട്ടിയതോടെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ പാനോ അകിലിലെ 16 ഇന്‍ഫന്ററി ഡിവിഷന്‍ കമാണ്ടറായി നിയോഗിക്കപ്പെട്ടു. അവിടെ നിന്നാണ് ഹമീദ് ഐഎസ്‌ഐയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് ഡിജിയായി നിയമിതനാകുന്നത്.

ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെതിരേ ആദ്യം ഉയര്‍ന്നു വന്ന ശക്തമായ ആരോപണം 2017 ല്‍ നടന്നൊരു ധര്‍ണയുടെ പേരിലാണ്. ആ വര്‍ഷം നവംബറില്‍ തീവ്ര നിലപാടുകാരായ ബറേല്‍വി ഇസ്ലാമിക് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിഭാഗമായ തെഹ്‌രീക്-ഇ-ലബ്ബിയാത് പാകിസ്താന്‍ മൂന്നാഴ്ച്ച നീണ്ടു നിന്ന സമരം ഫൈസാബാദില്‍ സംഘടിപ്പിച്ചിരുന്നു. സമരം രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിനെ സ്തംഭിപ്പിക്കുകയും പാകിസ്താന്റെ പല ഭാഗങ്ങളിലും കലാപങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ധര്‍ണയ്ക്കും കുഴപ്പങ്ങള്‍ക്കും പിന്നില്‍ ഹമീദ് ആയിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഹമീദ്.

ലഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം കിട്ടിയതോടെ ഹമീദിനെ 2019 ജൂണില്‍ പാകിസ്താന്‍ ആര്‍മിയുടെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി നിയോഗിച്ചു. മൂന്നു മാസങ്ങള്‍ക്ക് ശേഷം നിലവിലെ സൈനിക തലവനായ ജനറല്‍ അസിം മുനിറിന്റെ പിന്‍ഗാമിയായി ഐഎസ്‌ഐയുടെ ഡിജിയായി ഹമീദ് ചുമതലയേറ്റു. ഈ സമയം ഇമ്രാന്‍ ഖാന്‍ ആണ് രാജ്യം ഭരിക്കുന്നത്.

അന്നത്തെ സൈനിക തലവനായിരുന്ന ജനറല്‍ ബജ്‌വയുടെ അടുത്തയാള്‍ എന്നായിരുന്നു ഹമീദ് അറിയപ്പെട്ടിരുന്നതെങ്കിലും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബജ്‌വ ഹമീദിനെ ഐഎസ്‌ഐ ഡിജി പദവിയില്‍ നിന്നും നീക്കി. പകരം പെഷവാറിലെ ജിഒസി 11 കോര്‍പ്‌സിലേക്ക് അയച്ചു. ഹമീദ് ഐഎസ്‌ഐയുടെ തലപ്പത്ത് തുടരുന്നതായിരുന്നു ഇമ്രാന് താത്പര്യം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തെ പ്രധാനമന്ത്രി ആദ്യം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് വഴങ്ങേണ്ടിയും വന്നു. 2022 ഓഗസ്റ്റില്‍ ഹമീദിന് വീണ്ടും സ്ഥാന ചലനമുണ്ടായി. അദ്ദേഹത്തെ ഗുജറന്‍വാലയിലെ ജിഒസി 31 കോര്‍പ്‌സിലേക്ക് മാറ്റി. പിന്നീട് വിരമിക്കുന്നത് വരെ അവിടെ തന്നെയായിരുന്നു ഹമീദ് ഉണ്ടായിരുന്നത്.

ഹമീദിന്റെ അറസ്റ്റും ശിക്ഷ നടപടികളുമൊക്കെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇമ്രാന്‍ ഖാനെതിരേ മൊഴി കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ലെഫ്റ്റനന്റ് ജനറല്‍ ഹമീദിനോട് തീര്‍ക്കുന്നതെന്നാണ് ആ വ്യാഖ്യാനം.

ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍, വിരമിച്ചതിന് ശേഷമോ പദവിയില്‍ ഇരിക്കുമ്പോഴോ ശിക്ഷ നടപടികള്‍ക്ക് വിധേയനാകുന്നത് ആദ്യമായല്ലെങ്കിലും അപൂര്‍വമാണ്. ജനറല്‍ മുനീര്‍ സൈനിക തലവനായ ശേഷം ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുന്ന മൂന്നാമത്തെ ഉന്നതനാണ് ഹമീദ്. 2024 ഏപ്രിലില്‍ പഞ്ചാബിലെ മംഗ്ല ആസ്ഥാനമായ ജിഒസി 1 കോര്‍പ്‌സിലെ ലെഫ്റ്റനന്റ് ജനറല്‍ അയ്മന്‍ ബിലാല്‍ സ്ഫ്ദറിന് നിര്‍ബന്ധപൂര്‍വം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പാക് പട്ടാള മേധാവിയുടെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ നടത്തിയെന്ന് ഐഎസ്‌ഐ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. ജനറല്‍ മുനീര്‍ തന്റെ മൂന്നു വര്‍ഷത്തെ കാലാവധി തികയ്ക്കുമ്പോള്‍ സൈനിക മേധാവിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥനായിരുന്നു െലഫ്റ്റനന്റ് ജനറല്‍ സഫ്ദര്‍. 2023 മേയില്‍ ജിഒസിയുടെ ഔദ്യോഗിക വസതിയായ ഫ്‌ളാഗ് സ്റ്റാഫ് ഹൗസ് ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ലാഹോറിലെ അന്നത്തെ ജിഒസി 4 കോര്‍പ്സിന്റെ ചുമതലയുണ്ടായിരുന്ന ലഫ്റ്റനന്റ് ജനറല്‍ സല്‍മാന്‍ ഫയാസ് ഘാനിയെ പുറത്താക്കിയതാണ് മറ്റൊരു സംഭവം

വേറെയും പട്ടാള ഉദ്യോഗസ്ഥര്‍ പാകിസ്താനില്‍ ശിക്ഷ വിധികള്‍ക്ക് വിധേയരായിട്ടുണ്ട്. 1995 ലും 2019 ലും ചാരപ്രവര്‍ത്തി, കലാപം തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നും രണ്ടും നക്ഷത്ര ചിഹ്നങ്ങളുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷ വിധിച്ചിട്ടുണ്ട്. അതിന് മുമ്പും പല ഉദ്യോഗസ്ഥരെയും സൈന്യം പിരിച്ചു വിടുകയും കോര്‍ട്ട് മാര്‍ഷ്യലിന് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.  what are the reasons of ex isi chief lieutenant general faiz hameed pakistan

Content Summary; what are the reasons of ex isi chief lieutenant general faiz hameed pakistan

×