നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹി റൗസ് അവന്യു കോടതിയിലാണ് ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയായും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. കേസ് ഏപ്രിൽ 25ന് ആയിരിക്കും പരിഗണിക്കുക. 5000 കോടിയുടെ തട്ടിപ്പാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് നാഷണൽ ഹെറാൾഡിന്റെയും ഹെറാൾഡ് കേസിന്റെയും ചരിത്രം വീണ്ടും ചർച്ചയാവുകയാണ്.
എന്താണ് നാഷണൽ ഹെറാൾഡ് ?
1937ൽ ജവഹർലാൽ നെഹ്റു തുടങ്ങിയ ഇംഗ്ലീഷ് പത്രമായിരുന്നു നാഷണൽ ഹെറാൾഡ്. കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഒരു മാധ്യമമെന്ന രീതിയിൽ നിർണ്ണായക പങ്ക് വഹിക്കാൻ നാഷണൽ ഹെറാൾഡിന് സാധിച്ചിട്ടുണ്ട്. അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5000 സ്വാതന്ത്ര്യസമര സേനാനികളെ ഓഹരി ഉടമകളാക്കി ആയിരുന്നു പത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. നെഹ്റുവിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ട് ആദ്യ കാലങ്ങളിൽ തന്നെ നാഷണൽ ഹെറാൾഡ് ആഗോള തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് 1942ൽ ബ്രിട്ടീഷ് ഭരണകൂടം പത്രം അടച്ചു പൂട്ടിയിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പത്രം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പത്രത്തിന്റെ ചെയർമാൻ സ്ഥാനം രാജി വച്ചാണ് നെഹ്റു പ്രധാനമന്ത്രിയാവുന്നത്. നാഷണൽ ഹെറാൾഡിന്റെ 70ാം വാർഷികത്തിൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചതായാണ് ചരിത്രം വ്യക്തമാക്കുന്നത്. പത്രം പൂട്ടിയപ്പോൾ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകി പറഞ്ഞയക്കുന്നതിനും പത്രത്തിന്റെ മറ്റു ബാധ്യതകൾ തീർക്കുന്നതിനുമായി നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ എജെഎല്ലിന് കോൺഗ്രസ് 90 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഈ തുക തിരിച്ചടക്കാൻ എജെഎല്ലിന് സാധിച്ചില്ല. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും കോൺഗ്രസ് നൽകിയ വായ്പ പിന്നീട് യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ എജെഎൽ യംഗ് ഇന്ത്യയ്ക്ക് പണം നൽകേണ്ടതായി വന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ പരാതിയുമായി സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ഇന്ത്യൻ നിയമ നീതിന്യായ മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമിയെത്തുന്നത്.
നാഷണൽ ഹെറാൾഡ് കേസിന്റെ നാൾവഴികൾ
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആയിരകണക്കിന് കോടിയുടെ ഭൂസ്വത്തുകളുള്ള എജെഎൽ കമ്പനിയെ യംഗ് ഇന്ത്യയെന്ന് പേരു മാറ്റി തട്ടിയെടുത്തുവെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. കോടികൾ വിലമതിക്കുന്ന ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപ മുടക്കിയാണ് ഇരുവരും സ്വന്തമാക്കിയതെന്നും ആരോപിച്ചിരുന്നു. 2012ലായിരുന്നു സുബ്രഹ്മണ്യൻ സ്വാമി പരാതിയുമായി രംഗത്തുവരുന്നത്. ഏതാണ്ട് രണ്ടായിരം കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ ഏറ്റെടുക്കാൻ ഗാന്ധി കുടുംബം തെറ്റായ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. പല നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെ സ്വത്തുക്കളുടെ മേൽ യംഗ് ഇന്ത്യ അധികാരം സ്ഥാപിച്ചതായും ആരോപണങ്ങളുണ്ട്. കോൺഗ്രസിലെ പ്രമുഖ ചില നേതാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, ജനറൽ സെക്രട്ടറി ഓസ്കാർ ഫെർണാണ്ടസ്, സാങ്കേതിക വിദഗ്ധൻ സാം പിത്രോദ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും 2014ൽ കോടതി വിളിച്ചു വരുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസിൽ തെളിവില്ലെന്ന് കണ്ട് 2015ൽ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ കേസ് അന്വേഷിച്ചിരുന്നു ഉദ്യോഗസ്ഥനെ മാറ്റി സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ മോദി സർക്കാർ 2021ൽ അന്വേഷണം തുടർന്നു. തുടർന്ന് 2015ൽ കേസിലെ പ്രതികൾക്ക് ഡൽഹി കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് 2022ൽ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ഇഡി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയയാക്കിയിരുന്നു. 2023ൽ എജെഎല്ലിന്റെയും യംഗ് ഇന്ത്യയുടെയും 751.9 കോടിയുടെ സ്വത്ത് ഇഡി കണ്ട് കെട്ടുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പ്രേരിതമാണ് കേസിൽ ഇരു നേതാക്കൾക്കുമെതിരെയുള്ള കുറ്റപത്രങ്ങളെന്നാണ് കോൺഗ്രസിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും കനക്കുകയാണ്.
content summary: What is the National Herald case in which Sonia Gandhi and Rahul Gandhi are accused?