കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥ. ആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും. ജയയെ ബിന്ദു പത്മനാഭനാക്കിയ ‘അമ്മാവന്‍’; ആ കുടിലതയുടെ പിന്നിലെ കഥ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ മുന്നറിയിപ്പ്; ബിന്ദുവിനെ തേടി പ്രവീണ്‍ ഇറങ്ങുന്നു, സെബാസ്റ്റ്യന്റെ പരാജയപ്പെട്ട ‘എസ്എസ്എല്‍സി പരീക്ഷണം’, സ്വത്തു തര്‍ക്കവും രഹസ്യ കൊലപാതകവും; പ്രവീണിനെ പ്രതിയാക്കി സെബാസ്റ്റ്യന്റെ കേസ്
ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും സെബാസ്റ്റ്യന് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു; ഒരു ‘ഷൈലോക്കിന്റെ’.
അപ്രതീക്ഷിതമായി കിട്ടുന്ന തെളിവുകള്‍
‘പ്രതിക്ക് നിയമപരമായ ലൈസന്‍സോ മറ്റ് അധികാര പത്രങ്ങളോ ഇല്ലാതെ അമിത പലിശയ്ക്ക് പണം കടം കൊടുത്തു അമിതലാഭം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടു കൂടി പ്രതി സാധാരണക്കാരായ പല വ്യക്തികള്‍ക്ക് പണം അമിത പലിശയ്ക്ക് കൊടുത്തശേഷം ആയതിന്റെ ഈടിനായി ഒപ്പിടീച്ചു വിവരങ്ങള്‍ രേഖപ്പെടുത്താത്ത മുദ്രപത്രങ്ങളും തുക എഴുതിയതും, എഴുതാത്തതുമായ ഒപ്പിട്ട രണ്ടു ചെക്ക് ലീഫുകളും വാങ്ങി പ്രതി ടിയാന്റെ വീടായ പള്ളിപ്പുറം പഞ്ചായത്ത് 9ാം വാര്‍ഡില്‍ ചെങ്ങംതറ വീട്ടില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ളതായി 27.06.2018 ആം തീയതി വൈകിട്ട് 05.00 മണിക്ക് ആവലാതിക്കാരന്‍ ടി വീട് പരിശോധന ചെയ്ത സമയം കണ്ടെടുത്തു എന്നുള്ളത്…’
2018 ജൂണ്‍ 28 ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ 1481/ 2018 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലെ ഉള്ളടക്കമാണിത്. ഈ കേസിലെ പ്രതി സിഎം സെബാസ്റ്റ്യനാണ്. ചേര്‍ത്തല പൊലീസ് സെബാസ്റ്റ്യന്റെ പേരിലെടുക്കുന്ന ആദ്യത്തെ കേസ്്.
ബിന്ദു പത്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുള്ള വസ്തു വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തുവെന്ന് പട്ടണക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത(എഫ് ഐ ആര്‍ നമ്പര്‍ 668/2018) കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയായ സെബാസ്റ്റ്യന്റെ വീട്ടില്‍, കോടതി ഉത്തരവോടെ 2018 ജൂലൈ 27 ന് ചേര്‍ത്തല ഡിവൈഎസ്പി പരിശോധനയ്ക്ക് എത്തുന്നത്.
2018 ജൂണ്‍ 17 ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ ചേര്‍ത്തല ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയുടെ സെര്‍ച്ച് വാറണ്ടുമായി ചേര്‍ത്തല ഡിവൈഎസ്പിയും സംഘവും ചെങ്ങംതറ വീട്ടിലെത്തി. വീടിന്റെ വാതിലും ജനലുമെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. പൊലീസ് ജീപ്പ് കണ്ട് അയല്‍വാസികളില്‍ ചിലര്‍ അങ്ങോട്ടെത്തി. ബിന്ദു തിരോധന കേസ് വന്നതില്‍ പിന്നെ സെബാസ്റ്റ്യന്‍ ഇങ്ങോട്ട് വരാറില്ലെന്നായിരുന്നു അയല്‍ക്കാര്‍ പറഞ്ഞത്. അവരോട് പൊലീസുകാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അകത്തു കയറി പരിശോധന നടത്തുന്നതിന് പൊലീസ് അവരെ സാക്ഷികളാക്കി.
വീട് പൂട്ടി കിടന്നിരുന്നതിനാല്‍ പിന്നിലെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് പൊലീസ് സംഘം അകത്തു കടന്നത്. ഒപ്പം സാക്ഷികളായ അയല്‍ക്കാരെയും കൂട്ടി.
ബിന്ദുവിന്റെ സ്ഥലം വില്‍പ്പന നടത്തുന്നതിനായി തയ്യാറാക്കിയ വ്യാജരേഖകള്‍ തേടിയാണ് പൊലീസ് അവിടെയെത്തിയത്. സെബാസ്റ്റ്യന്റെ മുറിയിലെ അലമാരയില്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ഡൈനിംഗ് ഹാളിന് തെക്കുവശത്തുള്ള കിടപ്പുമുറിയില്‍ ഭിത്തിയോട് ചേര്‍ന്ന് കിഴക്കു പടിഞ്ഞാറായി ഒരു കട്ടില്‍ ഉണ്ടായിരുന്നു. അതിലെ ബഡ് ഉയര്‍ത്തി നോക്കിയപ്പോള്‍ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട പ്രമാണങ്ങളും മറ്റു ചില തെളിവുകളും കിട്ടി.
അവ കൂടാതെ മറ്റു ചിലത് കൂടി പൊലീസിന് കിട്ടി. ഒപ്പിട്ട മുദ്രപത്രങ്ങളും ചെക്ക് ലീഫുകളും. ഈ തെളിവുകളാണ് സെബാസ്റ്റ്യന്‍ കൊള്ള പലിശയ്ക്ക് പണം കൊടുക്കുന്നൊരാളായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതും, അതില്‍ കേസ് ചാര്‍ജ് ചെയ്യുന്നതും.
ബിന്ദു തിരോധാനത്തിനും, വ്യാജരേഖകള്‍ ചമച്ചു വസ്തു തട്ടിയെടുത്തതിനും ഒപ്പം തന്നെ അന്വേഷിച്ച പണം കടം കൊടുപ്പ് കേസിലാണ് സെബാസ്റ്റ്യനിലെ ഷൈലോക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.
സെബാസ്റ്റ്യന്‍ എന്ന ഷൈലോക്ക്
കടക്കരപ്പള്ളിക്കാരന്‍ മണികണ്ഠന്‍(പേര് യഥാര്‍ത്ഥമല്ല) സെബാസ്റ്റ്യനെ പരിചയപ്പെടുന്നത് 2014 കാലത്താണ്. മണികണ്ഠന്റെ 75 സെന്റ് പുരയിടം വില്‍ക്കാന്‍ നോക്കുന്ന സമയമാണത്. വസ്തു കച്ചവടക്കാരനായ സെബാസ്റ്റിയന്‍ ഒരു പാര്‍ട്ടിയുമായി മണികണ്ഠനെ സമീപിച്ചു. എന്നാല്‍ വില ശരിയാകാതെ വന്നതിനാല്‍ കച്ചവടം നടന്നില്ല.
ബിവറേജസ് ജീവനക്കാരനായിരുന്നു മണികണ്ഠന്‍. തുറവൂരില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് ഉണ്ടായിരുന്ന സമയം സെബാസ്റ്റിയന്‍ അവിടെ സ്ഥിരമായി വരുമായിരുന്നു. അങ്ങനെ മണികണ്ഠനുമായി കൂടുതല്‍ പരിചയത്തിലായി. തനിക്ക് പലിശ ഇടപാട് ഉണ്ടെന്നും കാശ് ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നും സെബാസ്റ്റ്യന്‍ മണികണ്ഠനോട് പറഞ്ഞിരുന്നു.
2014 ന് മണികണ്ഠന് ലിവര്‍ സിറോസിസ് പിടിപെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സ വേണ്ടി വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ഈ സമയം മണികണ്ഠന്‍ സെബാസ്റ്റ്യനെ ഓര്‍ത്തു.
മണികണ്ഠന്‍ സെബാസ്റ്റ്യനെ വിളിച്ചു. 50,000 രൂപയായിരുന്നു മണികണ്ഠന് ആവശ്യം. പണം തരാന്‍ സെബാസ്റ്റ്യന്‍ തയ്യാറായിരുന്നു, അതിന് ചില ഡോക്യുമെന്റുകള്‍ പകരം നല്‍കണം. അക്കാര്യങ്ങള്‍ സമ്മതിച്ചതോടെ പണവുമായി സെബാസ്റ്റ്യന്‍ മണികണ്ഠനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തി.
2015 ഒക്ടോബര്‍ മാസത്തില്‍, തീയതിയോ തുകയോ എഴുതാത്ത ചെക്കില്‍ മണികണ്ഠന്റെ ഒപ്പിട്ട് വാങ്ങിച്ചശേഷം, അയ്യായിരം രൂപ പലിശ ഇനത്തില്‍ ആദ്യം തന്നെ എടുത്തശേഷം 45,000 രൂപ സെബാസ്റ്റ്യന്‍ കൈമാറി. മാസം അയ്യായിരം രൂപ പലിശ അടയ്ക്കണം, അതിനു മുടക്കം വരുത്തരുതെന്ന് നിര്‍ബന്ധമായി പറഞ്ഞിട്ടായിരുന്നു സെബാസ്റ്റ്യന്‍ ആശുപത്രി വിട്ടത്.
ചികിത്സയ്ക്കുശേഷം മൂന്നു മാസം ജോലിക്കു പോകാന്‍ കഴിയാതിരുന്നതുകൊണ്ട് ആ മാസങ്ങളില്‍ പലിശ കൊടുക്കാന്‍ മണികണ്ഠന് കഴിഞ്ഞില്ല. ജോലിക്കു പോയി തുടങ്ങിയ മാസത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ചെന്ന് സെബാസ്റ്റിയന്‍ 5000 രൂപ പലിശയിനത്തില്‍ മണികണ്ഠനില്‍ നിന്നും വാങ്ങി. 2016 ല്‍ ഓണത്തിന് കിട്ടിയ ബോണസില്‍ നിന്നും 20,000 രൂപ മുതല്‍ ഇനത്തില്‍ മണികണ്ഠന്‍ നല്‍കി. അപ്പോഴും 5000 രൂപ പലിശയിനത്തില്‍ അടയ്‌ക്കേണ്ടി വന്നു. 2017 ല്‍ കിട്ടിയ ബോണസില്‍ നിന്നും ബാക്കി പണവും കൊടുത്ത് മണികണ്ഠന്‍ സെബാസ്റ്റ്യന്റെ കണക്ക് ക്ലോസ് ചെയ്തു.
ഇടപാട് തീര്‍ത്തശേഷവും ഒപ്പിട്ട് വാങ്ങിച്ച ചെക്ക് തിരികെ ചോദിച്ചിട്ടും കൊടുക്കാന്‍ സെബാസ്റ്റിയന്‍ തയ്യാറായില്ല. കുബേര റെയ്ഡ് വന്നതുകൊണ്ട് എല്ലാ രേഖകളും മാറ്റി വച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു പറഞ്ഞ കാരണം. തുറവൂരില്‍ സ്ഥിതി ചെയ്തിരുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് അന്ധകാരനഴിയിലേക്ക് മാറ്റിയതോടെ മണികണ്ഠനും അങ്ങോട്ട് മാറി. ഇടയ്ക്ക് അന്ധകാരനഴി ബീച്ചില്‍ വരുമ്പോള്‍ സെബാസ്റ്റിയന്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ചെന്നു, അപ്പോഴെല്ലാം അയാള്‍ മണികണ്ഠനെ ആശ്വസിപ്പിച്ചിരുന്നത്, നിനക്കൊന്നും വരാതെ ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു.
2015 ഒക്ടോബറില്‍ വാങ്ങിയ കടം 2017 ഓണക്കാലം കൊണ്ട് മണികണ്ഠന്‍ അടച്ചു തീര്‍ത്തപ്പോള്‍ 50,000 രൂപയ്ക്ക് പകരം അയാള്‍ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സെബാസ്റ്റ്യന് കൊടുക്കേണ്ടി വന്നു. മുതലിലേക്ക് എത്ര കാശ് അടച്ചാലും മാസം അയ്യായിരം പലിശ വേണമായിരുന്നു സെബാസ്റ്റ്യന്. അതയാള്‍ മണികണ്ഠന്റെ ജോലി സ്ഥലത്ത് ചെന്നു വാങ്ങിക്കുമായിരുന്നു. അതായിരുന്നു സെബാസ്റ്റിയന്‍.
കടം തീര്‍ത്താലും ഇടപാട് തീരില്ല
കുടുംബവുമായി തിരുപ്പതിയില്‍ പോകുന്നതിനാണ് പള്ളിപ്പുറം സ്വദേശി സാജന്‍(യഥാര്‍ത്ഥ പേരല്ല) ‘ അമ്മാവന്റെ’ കൈയില്‍ നിന്നും 10,000 രൂപ പലിശയ്ക്ക് എടുക്കുന്നത്. ഫര്‍ണീച്ചര്‍ പണിക്കാരനായ സാജന്‍, ചെങ്ങംതറ വീട്ടില്‍ തടിപ്പണിയ്ക്കായി ഇടയ്‌ക്കൊക്കെ ചെന്നിട്ടുണ്ട്. ‘അമ്മാവന്‍’ ബ്ലെയ്ഡ് പലിശയ്ക്ക് പണം കടം കൊടുക്കുമെന്ന് അറിഞ്ഞ് തന്നെയാണ് സാജന്‍ കടം ചോദിച്ചത്.
ചെക്കും മുദ്ര പത്രവും ഈട് വാങ്ങി പതിനായിരം രൂപ സെബാസ്റ്റ്യന്‍ സാജന് നല്‍കി. ആറ് മാസത്തെ കാലാവധി, മാസം ആയിരം രൂപ പലിശ. അഞ്ച് മാസം ആയിരം രൂപ വച്ച് പലിശയടച്ച സാജന്‍, ആറാം മാസം ആയിരം രൂപ പലിശയടക്കം പതിനായിരം രൂപ മുതല്‍ അടച്ചു തീര്‍ത്തു. ചെക്ക് തിരിച്ചു ചോദിച്ചപ്പോള്‍, ചെക്ക് തന്നിട്ടില്ലല്ലോ എന്നായിരുന്നു സെബാസ്റ്റിയന്‍ പറഞ്ഞത്. സാജന്‍ തര്‍ക്കിച്ചിട്ടും ചെക്ക് കിട്ടിയില്ല.
അതിനുശേഷവും സാജന്‍ അമ്മാവനോട് ബ്ലെയ്ഡിന് പണമെടുത്തു. ഇത്തവണ 20,000 രൂപ. രണ്ടായിരം പലിശ പിടിച്ചിട്ട് 18,000 രൂപയാണ് സാജന് കിട്ടിയത്. പറഞ്ഞ പ്രകാരം പലിശയടച്ച്, ആറാം മാസം അയ്യായിരം രൂപ രൊക്കം അടച്ച് ചെക്ക് തിരികെ വങ്ങാന്‍ ചെന്ന സാജനെ ഇത്തവണയും കബളിപ്പിച്ചു. പൈസ തന്നിട്ടു പോയ്‌ക്കോ ചെക്ക് നോക്കിയെടുക്കണമെന്നായിരുന്നു മറുപടി. സാജന്‍ ചെക്കിനുവേണ്ടി വാശി പിടിച്ചതോടെ, ബാധ്യതയൊന്നും ഇല്ലെന്ന് മുദ്രപത്രത്തില്‍ എഴുതി തരാമെന്നായി. ചെക്ക് തരാതെ കാശ് തരില്ലെന്നായി സാജനും. അയാള്‍ കാശുമായി തിരിച്ചു പോയി.
പിന്നീട് പലതവണയായി സെബാസ്റ്റ്യനെ കണ്ടപ്പോഴോക്കെ സാജന്‍ ചെക്ക് ചോദിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. 20000 രൂപ കടമായി വാങ്ങിച്ച സാജന്‍ മുതലും പലിശയുമടക്കം 29,000 രൂപ തിരിച്ചടച്ചിരുന്നു. അയ്യായിരം രൂപയായിരുന്നു ബാക്കിയുണ്ടായിരുന്നത്.
ഒപ്പിട്ട് ബ്ലാങ്ക് ചെക്കായിരുന്നു സാജന്‍ ഈടായി സെബാസ്റ്റ്യന് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീടൊരിക്കല്‍ സാജന്‍ ആ ചെക്ക് കണ്ടു; പൊലീസിന്റെ കൈയില്‍. അതില്‍ ഒരു ലക്ഷം രൂപ തുകയെഴുതിയിട്ടുണ്ടായിരുന്നു.
പലിശയ്ക്ക് പണം ചോദിച്ചു വരുന്നവരോടെല്ലാം സെബാസ്റ്റിയന്‍ ഒപ്പിടീപ്പിച്ച, ഒന്നുമെഴുതാത്ത മുദ്രപത്രവും ചെക്ക് ലീഫുകളും ആദ്യം തന്നെ വാങ്ങി വയ്ക്കുമായിരുന്നു. എത്ര തുകയാണെങ്കിലും ആദ്യത്തെ മാസത്തെ പലിശ എടുത്തശേഷമുള്ള തുകയേ നല്‍കിയിരുന്നുള്ളൂ. കടം വാങ്ങിയ തുക പലിശ സഹിതം അടച്ചാലും നല്‍കിയ ചെക്കും മുദ്രപത്രവും തിരികെ തരാതെ കളിപ്പിക്കുക സെബാസ്റ്റ്യന്റെ പതിവായിരുന്നു.
പള്ളിപ്പുറം സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ശശിക്കും(പേര് യഥാര്‍ത്ഥമല്ല) ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 15,000 രൂപയാണ് ശശി വാങ്ങിയത്. 900 രൂപ പലിശ പിടിച്ചിട്ട് 14,100 രൂപയാണ് നല്‍കിയത്. ചെക്ക് ഇല്ലാതിരുന്നതുകൊണ്ട് 50 രൂപയുടെ മുദ്രപത്രം മാത്രമാണ് ശശി നല്‍കിയിരുന്നത്.
ആറ് മാസത്തെ കാലവധിയില്‍ തന്നെ ശശി ഇടപാട് തീര്‍ത്തെങ്കിലും മുദ്രപത്രം തിരിച്ചു കൊടുക്കാന്‍ സെബാസ്റ്റ്യന്‍ തയ്യാറായില്ല. അടച്ച പലിശ കുറവാണെന്നും നാല് മാസം കൂടി 900 രൂപ പലിശ അടയ്ക്കണമെന്നുമായിരുന്നു മുദ്രപത്രം തിരിച്ചു നല്‍കാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞ നിബന്ധന. മൂന്നു മാസം കൂടി ശശി 900 രൂപ പലിശ നല്‍കി. അതു കഴിഞ്ഞ് ചെന്ന് മുദ്രപത്രം ചോദിച്ചപ്പോള്‍ സെബാസ്റ്റിയന്‍ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു. പലിശ ഇനിയും അടയ്ക്കണം, എങ്കില്‍ മാത്രമെ മുദ്രപത്രം തിരിച്ചു കൊടുക്കൂ.
15,000 രൂപ കടം വാങ്ങിയ ശശി പത്തു മാസം കൊണ്ട് മുതലും പലിശയുമായി 23,600 രൂപയാണ് സെബാസ്റ്റ്യന് നല്‍കിയത്. എന്നിട്ടും ശശിക്ക് മുദ്രപത്രം തിരിച്ചു കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. ഇതുപോലെ പിടിച്ചു വച്ച ചെക്കുകളും മുദ്രപത്രങ്ങളുമായിരുന്നു പൊലീസ് സെബാസ്റ്റ്യന്റെ ബഡ്ഡിന് അടിയില്‍ നിന്നും കണ്ടെത്തിയത്.
അമ്മാവനെങ്ങനെ കുബേരനായി?
ചെങ്ങംതറ വീടും അതിനോട് ചേര്‍ന്ന രണ്ടേകാല്‍ ഏക്കര്‍ വീടും പാലയ്ക്കല്‍ മാത്യു എന്ന സെബാസ്റ്റ്യന്റെ അപ്പന്റെ പേരില്‍ തന്നെയാണ് ഇപ്പോഴും. വീതം വയ്ക്കാന്‍ സെബാസ്റ്റിയന്‍ സമ്മതിച്ചിട്ടില്ല. ബസ് ക്ലീനര്‍ മുതല്‍ വസ്തു കച്ചവടക്കാരന്‍ വരെ പല വേഷങ്ങളും കെട്ടിയെങ്കിലും സെബാസ്റ്റ്യന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. അവിടെ നിന്നാണയാള്‍ ലക്ഷങ്ങള്‍ പലിശ വാങ്ങുന്ന ‘കുബേരന്‍’ ആയത്.
മേല്‍പറഞ്ഞ സാധരണക്കാര്‍ക്ക് അയ്യായിരവും പതിനായിരവും കൊടുക്കുന്നതായിരുന്നില്ല സെബാസ്റ്റ്യന്റെ പലിശ ഇടപാട്. ചേര്‍ത്തല പട്ടണത്തിലെ വ്യാപാരികള്‍ അടക്കം പലര്‍ക്കും അയാള്‍ ലക്ഷങ്ങളാണ് കടം കൊടിത്തിരുന്നത്. ബിന്ദു കേസിന്റെ ആദ്യനാളുകളില്‍ സെബാസ്റ്റ്യന്‍ കണ്ണൂരിലേക്ക് ഒളിച്ചു പോയിരുന്നു. സെബാസ്റ്റ്യന്‍ ഇനി പൊങ്ങില്ലെന്ന് കരുതിയ കടക്കാരില്‍ നിന്നെല്ലാം, കണ്ണൂരില്‍ നിന്നെത്തിയ ഒരു സംഘം ഒരാഴ്ച്ചയോളം ചേര്‍ത്തലയില്‍ തങ്ങി പലിശ സഹിതമുള്ള മുതല്‍ വാങ്ങിക്കൊണ്ടു പോയി.
സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ഇന്നും അജ്ഞാതമാണ്. ചേര്‍ത്തലയിലെ പല ബാങ്കുകളില്‍ നിന്നായി കേസിന്റെ കാലത്ത് തന്നെ അയാള്‍ കോടികള്‍ പിന്‍വലിച്ചിരുന്നു. ഏകദേശം രണ്ടു കോടി ചേര്‍ത്തലയ്ക്ക് വടക്കുള്ള ഒരു ബാങ്കില്‍ നിന്നും സെബാസ്റ്റ്യന്‍ പിന്‍വലിച്ചത്, അയാള്‍ പൊലീസിന്റെ നിരീക്ഷണ റഡാറില്‍ ഉള്ളപ്പോഴായിരുന്നു. സകല തിരിച്ചറിയല്‍ രേഖകളും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അന്യായമായി പിടിച്ചുവച്ചപ്പോള്‍ ആവശ്യമായ രേഖകളെല്ലാം സ്വയം ഉണ്ടാക്കിയെടുത്താണ് ഏകദേശം 73 ലക്ഷം മറ്റൊരു ബാങ്കില്‍ നിന്നും പിന്‍വലിച്ചത്.
കാശുണ്ടെങ്കില്‍ എന്ത് കേസ്?
ആ പണമെല്ലാം എവിടെയാണ്? കാശ് ഉണ്ടെങ്കില്‍ എന്തു കേസ് എന്നാണ് വ്യാജരേഖ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം പരിചയക്കാരോട് സെബാസ്റ്റ്യന്‍ ചോദിച്ചത്. സെബാസ്റ്റ്യനെ രക്ഷപ്പെടുത്താന്‍ പൊലീസ് കൂട്ടു നിന്നുവെന്ന ആരോപണം പലരും ഉയര്‍ത്തുന്നുണ്ട്. ഏകദേശം 30 ലക്ഷം രൂപ ഉന്നതരായ ചേര്‍ത്തലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയിട്ടുണ്ടെന്നാണ് സംസാരം.
ഇത്രയം പണം സെബാസ്റ്റ്യന് എവിടെ നിന്നും കിട്ടി? പാലാരിവട്ടത്തെ ബിന്ദുവിന്റെ പതിനൊന്നു സെന്റ് 39 ലക്ഷത്തിനാണ് വില്‍പ്പന നടത്തിയെന്നാണ് രേഖകളില്‍. ആധാരത്തില്‍ ഒരിക്കലും യഥാര്‍ത്ഥ വില കാണിക്കാത്തതുകൊണ്ട് അതിലും മുകളില്‍ തുകയാണ് ആ കച്ചവടത്തിലൂടെ സെബാസ്റ്റ്യന്‍ നേടിയെടുത്തിരിക്കുന്നത്. അമ്പലപ്പുഴയിലെ സ്ഥലം വില്‍ക്കുന്നതിന്റെ അഡ്വാന്‍സ് ഒന്നരലക്ഷത്തിനു വേണ്ടിയാണ് ബിന്ദുവിനെ കൊന്നതെന്നാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കടക്കരപ്പള്ളിയിലെ വീടും അതിരിക്കുന്ന ഒരേക്കര്‍ 48 സെന്റ് സ്ഥലും ഉള്‍പ്പെടെ ബിന്ദു തന്റെ പേരിലുണ്ടായിരുന്ന പലതും വിറ്റത് സെബാസ്റ്റ്യന്റെ ഇടനിലയിലായിരുന്നു. ഉണ്ടായിരുന്ന ഭൂമിയെല്ലാം ബിന്ദു വിറ്റുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആ പണമെല്ലാം എവിടെ പോയി? ബിന്ദുവിനെ ഇല്ലാതാക്കിയശേഷം നടന്ന കച്ചവടങ്ങളില്‍ നിന്ന് ഉണ്ടാക്കിയ പണമെവിടെ? ഈ പണമായിരുന്നോ സെബാസ്റ്റ്യന്‍ പലിശയ്ക്ക് നല്‍കിയിരുന്നത്?
ഇക്കാര്യങ്ങളിലൊന്നും പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നതാണ് സെബാസ്റ്റ്യന് വീണ്ടും തന്റെ ഇരകളെ കണ്ടെത്താന്‍ അവസരമൊരുക്കിയത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെബാസ്റ്റ്യന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കില്‍ പല ജീവനുകളും രക്ഷിക്കാമായിരുന്നു.
സെബാസ്റ്റ്യന്റെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല. ഇത് ചെറിയൊരു ഇടവേളയാണ്.
Content Summary; What was Sebastian’s source of income for lending money at exorbitant interest rates? Cherthala Bindu padmanabhan murder case